| Thursday, 25th March 2021, 9:57 am

കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല; ചിലര്‍ക്ക് താമസിക്കാന്‍ തടവറ പണിയാനുള്ള ആര്‍.എസ്.എസ് അജണ്ട കേരളത്തില്‍ നടപ്പിലാവില്ല: പിണറായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ പൗരത്വഭേദഗതി നിയമം നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുന്ന ബി.ജെ.പിയുടെ പ്രകടന പത്രികയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.

ബി.ജെ.പി പ്രകടന പത്രികയില്‍ പറയുന്നത് അവര്‍ ജയിച്ചാല്‍ ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍ സി.എ.എ നടപ്പാക്കാന്‍ തീരുമാനം എടുക്കുമെന്നാണ് എന്നും പൗരത്വഭേദഗതിയുടെ ഭാഗമായ ദേശീയ പൗരത്വ രജിസ്റ്ററുമായി മുന്നോട്ടു പോകുമെന്നാണ് സംഘപരിവാര്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നതെന്നും പിണറായി പറഞ്ഞു.

കേരളത്തില്‍ പൗരത്വഭേദഗതി നിയമം നടപ്പാക്കില്ല എന്ന് നേരത്തെ തന്നെ എല്‍.ഡി.എഫ് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ പൗരന്മാരും സമന്മാരാണ്. പൗരന്മാരെ തരംതിരിക്കുകയാണ്. ചിലര്‍ക്ക് താമസിക്കാന്‍ തടവറ പണിയുക. ഇതാണ് ആര്‍.എസ്.എസിന്റെ അജണ്ട. അത് കേരളത്തില്‍ എന്തായാലും ചിലവാകാന്‍ പോകുന്നില്ല.

ഇക്കാര്യം പല ഘട്ടത്തിലും വ്യക്തമാക്കിയതാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് എന്തുകാണ്ടാണ് അത്തരമൊരു ഉറച്ചനിലപാട് എടുക്കാന്‍ പറ്റാത്തത്. പൗരത്വ ഭേദഗതി നിയമം നമ്മുടെ രാജ്യത്തെ മതനിരപേക്ഷതയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഏല്‍പ്പിച്ച കനത്ത ആഘാതമാണ്.

മതം പൗരത്വത്തിന് അടിസ്ഥാനമാകരുത്. ഇതാണ് മതനിരപേക്ഷതയുടെ ആണിക്കല്ല്. അതിന് ആക്കം തട്ടിയാല്‍ തകരുന്നത് മതനിരപേക്ഷതയും ജനാധിപത്യ വ്യവസ്ഥയുമാണ്. അതുകൊണ്ടാണ് ഇടതുപക്ഷവും കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചുവരുന്നത്.

ഭരണഘടനയുടെ അനുച്ഛദേം 131 പ്രകാരം ഈ ഭേദഗതിക്കെതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുന്‍പായാലും പിന്‍പായാലും ഞങ്ങള്‍ക്ക് ഒരേ വാക്കാണ്. ഇത് ബി.ജെ.പി നേതൃത്വം മനസിലാക്കുന്നത് നല്ലതാണ്. ഒരു കരിനിയമത്തിനും വഴങ്ങിക്കൊടുക്കാന്‍ എല്‍.ഡി.എഫ് ഉദ്ദേശിക്കുന്നില്ലെന്നും പിണറായി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CM pinarayi vijayan about BJP Election Manifesto and CAA

We use cookies to give you the best possible experience. Learn more