എം.എല്‍.എയ്ക്ക് എതിരെ നടക്കുന്നത് പ്രതിഷേധമല്ല പ്രത്യേകതരം ആഭാസം; കോവൂര്‍ കുഞ്ഞുമോനെതിരെ തുണിയുരിഞ്ഞുള്ള യൂത്ത് കോണ്‍ഗ്രസ് സമരത്തിനെതിരെ മുഖ്യമന്ത്രി
Kerala News
എം.എല്‍.എയ്ക്ക് എതിരെ നടക്കുന്നത് പ്രതിഷേധമല്ല പ്രത്യേകതരം ആഭാസം; കോവൂര്‍ കുഞ്ഞുമോനെതിരെ തുണിയുരിഞ്ഞുള്ള യൂത്ത് കോണ്‍ഗ്രസ് സമരത്തിനെതിരെ മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th September 2020, 8:29 pm

തിരുവനന്തപുരം: കുന്നത്തൂര്‍ എം.എല്‍.എ കോവൂര്‍ കുഞ്ഞുമോന് എതിരായി തുണിയുരിഞ്ഞുള്ള യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന് എതിരെ മുഖ്യമന്ത്രി. എം.എല്‍.എയ്ക്ക് എതിരെ നടക്കുന്നത് പ്രതിഷേധമല്ല പ്രത്യേകതരം ആഭാസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എം.എല്‍.എയ്ക്ക് നേരെ മുണ്ട് പൊക്കി കാണിച്ചാണ് യൂത്ത്‌കോണ്‍ഗ്രസ് സമരം നടത്തിയത്. കോവൂര്‍ കുഞ്ഞുമോന് എതിരെ തുടര്‍ച്ചയായി അതിക്രമം നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരമല്ല ഒരു പ്രത്യേകതരം ആഭാസരീതി

പൊതുപരിപാടി കഴിഞ്ഞ് മടങ്ങിപോകാന്‍ കാറില്‍ കയറിയ എം.എല്‍.എയെ തടഞ്ഞ് നിര്‍ത്തി യൂത്ത് കോണ്‍ഗ്രസ് മുണ്ട് പൊക്കികാണിക്കുകയായിരുന്നു. കോവൂര്‍ കുഞ്ഞുമോന്റെ കുറ്റം അവിശ്വാസ പ്രമേയ സമയത്ത് നിയമസഭയില്‍ രാഷ്ട്രീയം പറഞ്ഞു എന്നതാണ്. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് എം.എല്‍.എ പറഞ്ഞത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏത് തരം ജനാധിപത്യ രീതിയാണെന്ന് ഇതെന്നും മുഖ്യമന്ത്രി ചോദിച്ചു. തെറ്റായ രീതികള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കോവൂര്‍ കുഞ്ഞുമോന് എതിരെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എം.എല്‍.എയ്ക്ക് മുന്നില്‍ മുണ്ട് ഉരിഞ്ഞത്.പൊതുപരിപാടി കഴിഞ്ഞെത്തിയ എംഎല്‍എയെ വാഹനം തടഞ്ഞുനിര്‍ത്തിയാണ് ആക്ഷേപിച്ചത്.

പ്രവര്‍ത്തകര്‍ അസഭ്യവര്‍ഷം നടത്തുകയും മുണ്ടുരിയുകയും ചെയ്തിരുന്നു. സംഭവത്തില്‍ എംഎല്‍എ ശാസ്താംകോട്ട പോലീസില്‍ പരാതി നല്‍കിയിരുന്നു.

അതേസമയം മന്ത്രി കെ.ടി ജലീലിനെതിരായ പ്രതിഷേധത്തിനെതിരെയും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചിരുന്നു. ജലീലിനെതിരെ ഉയരുന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കാര്യങ്ങളും ജലീല്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘റംസാന്‍ കാലത്ത് സകാത്ത് കൊടുക്കലും മതഗ്രന്ഥം വിതരണം ചെയ്യലും എവിടേയും കുറ്റകരമായ കാര്യമല്ല. ആ കാര്യം അദ്ദേഹത്തെ അറിയിക്കുന്നു. അദ്ദേഹം തന്നെ അക്കാര്യം തെളിവ് സഹിതം പുറത്തുവിടുന്നു. അതെങ്ങനെ കുറ്റമാകും’, മുഖ്യമന്ത്രി ചോദിച്ചു.

ഏതെങ്കിലും തരത്തില്‍ ജലീലിനെതിരെ ഒരു കുറ്റവും ആരോപിക്കാനില്ല. മന്ത്രിയ്‌ക്കെതിരെ ബോധപൂര്‍വം അപവാദം പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വിഷയവുമായി ബന്ധപ്പെടേണ്ട മന്ത്രി തന്നെയാണ് ജലീലെന്നും അതിലും തെറ്റ് പറയാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

&

Content Highlights: CM Pinarayai Vijayan Against Youth congress protest against kovoor kunjumon MLA