[] തിരുവനന്തപുരം: കോട്ടന്‍ഹില്‍ സ്‌കൂള്‍ പ്രധാനാധ്യാപികയായിരുന്ന ഊര്‍മിള ദേവിയോട് പ്രതികാര മനോഭാവമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്ഥലം മാറ്റം റദ്ദ് ചെയ്യാനുള്ള ടീച്ചറുടെ അപേക്ഷയില്‍ എത്രയും പെട്ടന്ന് നടപടിയെടുക്കുമെന്നും നിയമപരമായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
തന്റെ സ്ഥലംമാറ്റ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഊര്‍മിള ദേവി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇന്നലെ പരാതി നല്‍കിയിരുന്നു. ചികിത്സാ സൗകര്യത്തിനായി തന്നെ കോട്ടന്‍ഹില്‍ സ്‌കൂളില്‍ തുടരാനനുവദിക്കണമെന്നും താന്‍ വിദ്യാഭ്യാസമന്ത്രിയോട് അഹന്തയോടെ പെരുമാറിയിട്ടില്ലെന്നും അവര്‍ മുഖ്യമന്ത്രിയെ ധിരിപ്പിക്കുകയും ചെയ്തിരുന്നു.
ഊര്‍മ്മിളാദേവിയെ സ്ഥലം മാറ്റിയ നടപടിയില്‍ പരാതി ലഭിച്ചാല്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു. നടപടി റദ്ദ് ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കിയിരുന്നെങ്കിലും ഉറച്ച നിലപാടിലായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
തിരുവനന്തപുരം കോട്ടന്‍ഹില്‍ സ്‌കൂളിലെ പരിപാടിക്ക് എത്താന്‍ താമസിച്ചതിന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബിനെ അപമാനിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് ഇവരെ സ്ഥലം മാറ്റിയത്. ഇത് നിയമസഭയിലും വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഊര്‍മ്മിളാദേവി നല്‍കിയ പരാതി അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലിന്റെ പരിഗണനയിലാണ്.