| Thursday, 8th September 2016, 8:10 pm

പതിമൂന്നാം പഞ്ചവത്സരപദ്ധതിയുടെ രൂപീകരണവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഏറ്റവും ആദ്യം എടുത്ത പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ ഒന്ന് “ആസൂത്രണത്തിന്റെ വഴി” കേരളം ഉപേക്ഷിക്കില്ല എന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


തിരുവനന്തപുരം: പതിമൂന്നാം പഞ്ചവത്സരപദ്ധതിയുടെ രൂപീകരണവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഏറ്റവും ആദ്യം എടുത്ത പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ ഒന്ന് “ആസൂത്രണത്തിന്റെ വഴി” കേരളം ഉപേക്ഷിക്കില്ല എന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പതിമൂന്നാം പദ്ധതിയുടെ രൂപീകരണവുമായി മുന്നോട്ടുപോകും. കേന്ദ്രസര്‍ക്കാരിന്റെ ഇച്ഛയ്ക്കു വിരുദ്ധമായി ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതിന്റെ കാരണം എന്തെന്ന ചോദ്യത്തിന് കേരളത്തിലെ ജനങ്ങള്‍ അവരുടെ ഭാവിയെ വിധിക്കും കമ്പോളത്തിനും കണ്ണുകളടച്ചു വിട്ടുകൊടുക്കാന്‍ തയ്യാറാവുന്നവരല്ല എന്ന ലളിതമായ ഉത്തരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുനഃസംഘടിപ്പിക്കപ്പെട്ട സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ പ്രഥമ യോഗത്തില്‍ സസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മനുഷ്യന്റെ ഇച്ഛാശക്തിയിലൂടെയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയും വിധിയെന്നു പറയപ്പെടുന്നതിനെ മാറ്റിത്തീര്‍ക്കാനും കമ്പോളശക്തികളെ നിയന്ത്രിക്കാനും കഴിയും എന്നു തെളിയിച്ചവരാണ് കേരളത്തിലെ ജനങ്ങള്‍. ആസൂത്രണം മനുഷ്യന്റെ ഇച്ഛാശക്തിയുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെയും പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതിന്റെ അര്‍ത്ഥം വികസനകാര്യങ്ങളില്‍ സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രവുമായി കലഹിക്കാന്‍ തയ്യാറെടുക്കുന്നു എന്നല്ല. പഞ്ചവത്സര പദ്ധതി ഉപേക്ഷിച്ചെങ്കിലും കേന്ദ്രാവിഷ്‌കൃത പരിപാടികളില്‍ പലതും തുടരുന്നുണ്ട്. ഇതുകൂടാതെ കേന്ദ്രം പുതിയ വികസന പരിപാടികള്‍ ആരംഭിക്കാനും സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ചുകൊണ്ട് അവയുടെ പരമാവധി പ്രയോജനം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് എത്തിക്കണം എന്നുതന്നെയാണ് സംസ്ഥാനത്തിന്റെ തീരുമാനം. അതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകളിലും ആസൂത്രണബോര്‍ഡിലും നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പതിമൂന്നാം പദ്ധതിയുടെ ലക്ഷ്യങ്ങളും മാര്‍ഗങ്ങളും തീരുമാനിക്കുന്നത് ജനങ്ങള്‍ ഈ സര്‍ക്കാരിനു നല്‍കിയിരിക്കുന്ന ജനവിധിയെ മുന്‍നിര്‍ത്തിയായിരിക്കണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ “മതനിരപേക്ഷ കേരളം, അഴിമതിരഹിത കേരളം, വികസിത കേരളം” എന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് ഞങ്ങള്‍ ജനങ്ങളെ സമീപിച്ചത്.

ഈ മുദ്രാവാക്യങ്ങള്‍ സഫലമാക്കാനുള്ള വിശദമായ മാര്‍ഗങ്ങളും ഞങ്ങള്‍ തെരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോയില്‍ അവതരിപ്പിച്ചിരുന്നു. ജനങ്ങള്‍ അംഗീകരിച്ച പ്രസ്തുത പരിപാടിയാണ് സര്‍ക്കാരിന്റെ വഴികാട്ടി. ഇതില്‍ മതനിരപേക്ഷതയെ സംരക്ഷിക്കുന്നതിനും അഴിമതി തുടച്ചുനീക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു എന്നു മാത്രമല്ല നല്ല ഫലം കണ്ടുതുടങ്ങുകയും ചെയ്തിട്ടുണ്ട്. ഇത് കേരള വികസനത്തിനു വലിയ മുതല്‍ക്കൂട്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസിത കേരളം എന്ന മുദ്രാവാക്യം നേടിയെടുക്കുന്ന കാര്യത്തില്‍ സംസ്ഥാനത്തിന്റെ പതിമൂന്നാം പദ്ധതിയെയാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരണമെങ്കില്‍ സംസ്ഥാനത്തിന്റെ ആളോഹരി ഉല്‍പാദവുംആളോഹരി വരുമാനവും ഗണ്യമായി വളരേണ്ടതുണ്ട്. ചെറുപ്പക്കാരുടെ പ്രതീക്ഷകള്‍ക്കൊത്ത് ധാരാളം പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. അതിനു പൊതുമേഖലയിലും സ്വകാര്യമേഖലയിലും കൂടുതല്‍ മൂലധനനിക്ഷേപം നടക്കണം. വളര്‍ച്ചയും നിക്ഷേപവും പൊതുനന്മയ്ക്ക് ഉതകുന്നതാവണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പരിസ്ഥിതിരക്ഷ ഉറപ്പാക്കുന്നതും സ്ത്രീകളുടെയും കുട്ടികളുടെയും മറ്റും അവകാശങ്ങള്‍ സംരക്ഷിക്കുന്നതുമാവണം. വളര്‍ച്ചയും വികസനത്തിലെ സാമൂഹ്യതാല്‍പര്യങ്ങളും ഒരുമിച്ചു കൊണ്ടുപോകാനാകുമോ എന്ന സംശയം പലര്‍ക്കുമുണ്ടാവാം. എന്നാല്‍, സാമ്പത്തികവളര്‍ച്ചയും സാമൂഹ്യനന്മയും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയും എന്ന ബോധ്യമാണ് ഞങ്ങള്‍ക്കുള്ളത്. വളര്‍ച്ചയോടൊപ്പം കേരളസമൂഹം അംഗീകരിക്കുന്ന വിശാലമായ സാമൂഹ്യലക്ഷ്യങ്ങള്‍ നേടിയെടുക്കുക എന്നതാണ്
നമ്മുടെ ആസൂത്രകര്‍ ഏറ്റെടുക്കേണ്ട വെല്ലുവിളിയെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

ആസൂത്രണബോര്‍ഡിലെ വര്‍ക്കിങ് ഗ്രൂപ്പുകളില്‍ നടക്കുന്ന ചര്‍ച്ചകളും അവ തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകളും വകുപ്പുകളുടെ പദ്ധതിനിര്‍ദേശങ്ങളില്‍ വേണ്ടത്ര പ്രതിഫലിക്കുന്നുണ്ടോ എന്നത് പരിശോധിക്കണം. വേണ്ട അളവില്‍
അത് ഉണ്ടാവുന്നില്ല എന്ന വിമര്‍ശനം മുമ്പ് കേട്ടിട്ടുണ്ട്. പണ്ടുമുതലേ തുടരുന്നതും കാലഹരണപ്പെട്ടതുമായ പ്രോജക്ടുകള്‍ മാറ്റമില്ലാതെ തുടരാനുള്ള പ്രവണത ഉണ്ടാവാം. ഈ പോരായ്മ ഒഴിവാക്കാന്‍ ആസൂത്രണബോര്‍ഡും പദ്ധതിസഹായം ലഭിക്കുന്ന എല്ലാ ഏജന്‍സികളും വകുപ്പുകളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

മുന്‍കാല പദ്ധതികളെയും പ്രോജക്ടുകളെയും വിലയിരുത്തുന്നതിലും പുതിയ പ്രോജക്ടുകളും സ്‌കീമുകളും നിര്‍ദേശിക്കുന്നതിലും ബഹുജനങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍ നന്നായിരിക്കും. ബഹുജനങ്ങളില്‍നിന്നും പഴയ പദ്ധതികളുടെ വിമര്‍ശനവും പുതിയവ സംബന്ധിച്ച നിര്‍ദേശങ്ങളും സ്വീകരിക്കാന്‍ ആസൂത്രണബോര്‍ഡ് തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി രൂപീകരണത്തില്‍ കാണിക്കുന്നയത്രയോ അതിലധികമോ ശ്രദ്ധ പദ്ധതി നടത്തിപ്പിനും ഉണ്ടാവണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. പദ്ധതി നടത്തിപ്പിന്റെ വിലയിരുത്തല്‍ കേവലം പണം ചെലവാക്കിയോ എന്ന അന്വേഷണത്തില്‍ ഒതുങ്ങരുത്. പദ്ധതിരേഖയില്‍ ഓരോ പ്രോജക്ടിന്റെയും ഭൗതികലക്ഷ്യങ്ങള്‍ കൃത്യമായി നിര്‍വചിച്ചിരിക്കണം. നടത്തിപ്പു വിലയിരുത്തുന്ന സന്ദര്‍ഭത്തില്‍ ഭൗതികലക്ഷ്യങ്ങള്‍ എത്രമാത്രം നേടി എന്നതും പരിശോധിക്കണം. പദ്ധതി നടത്തിപ്പിന്റെ വിശദാംശങ്ങള്‍ പരമാവധി സുതാര്യമാക്കുന്നതിനും കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more