ഗവര്‍ണറെ ഞങ്ങള്‍ മറന്നുപോയിട്ടില്ല; കേരളപ്പിറവി ആഘോഷ വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി
Daily News
ഗവര്‍ണറെ ഞങ്ങള്‍ മറന്നുപോയിട്ടില്ല; കേരളപ്പിറവി ആഘോഷ വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st November 2016, 4:43 pm

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടിയാണ് ഇത്. അപ്പോള്‍ ഇതിനുശേഷം തുടര്‍ന്ന് വരുന്ന പരിപാടിയില്‍ ഗവര്‍ണറെ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏതായാലും ഗവര്‍ണറെ ഞങ്ങള്‍ മറന്നുപോയിട്ടില്ല. ഇക്കാര്യം ഓര്‍മിപ്പിച്ചവരെ ഇത് അറിയിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: നിയമസഭാങ്കണത്തിലെ കേരളപ്പിറവി ആഘോഷ ചടങ്ങിലേക്ക് ഗവര്‍ണര്‍ ജസ്റ്റിസ് പി. സാദാശിവത്തെ ക്ഷണിക്കാത്തതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

പ്രോട്ടോകോളിന്റെ പ്രശ്‌നമുള്ളതിനാലാണ് ഗവര്‍ണറെ ക്ഷണിക്കാതിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് നിയമസഭയുടെ പരിപാടിയാണ് അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാക്കളടക്കമുള്ള കക്ഷി നേതാക്കളോട് കൂടിയാലോചിച്ചാണ് തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഗവര്‍ണര്‍ പങ്കെടുത്താല്‍ വേദിയില്‍ നിശ്ചിത എണ്ണം അതിഠികള്‍ മാത്രമേ പാടുള്ളൂ. ഇന്നത്തെ ചടങ്ങില്‍ 60 പേര്‍ വേദിയിലുണ്ട്. ഗവര്‍ണര്‍ പങ്കെടുത്താല്‍ ഇത് പരിമിതപ്പെടുത്തേണ്ടി വരും. ഇക്കാരണത്താലാണ് അദ്ദേഹത്തെ ക്ഷണിക്കാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടിയാണ് ഇത്. അപ്പോള്‍ ഇതിനുശേഷം തുടര്‍ന്ന് വരുന്ന പരിപാടിയില്‍ ഗവര്‍ണറെ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏതായാലും ഗവര്‍ണറെ ഞങ്ങള്‍ മറന്നുപോയിട്ടില്ല. ഇക്കാര്യം ഓര്‍മിപ്പിച്ചവരെ ഇത് അറിയിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അറുപതാം കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ചുള്ള ചടങ്ങുകളില്‍ ക്ഷണം ലഭിക്കാത്തതിനാല്‍ മുന്‍ മുഖ്യമന്ത്രിമാരായ എ.കെ ആന്റണി, വി.എസ് അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി എന്നിവര്‍ പങ്കെടുത്തില്ല. അറുപതാം വാര്‍ഷികത്തെ സൂചിപ്പിച്ച് 60 ചിരാതുകള്‍ തെളിയിക്കുന്ന ചടങ്ങുകള്‍ക്ക് മുന്‍ മുഖ്യമന്ത്രിമാര്‍ നേതൃത്വം നല്‍കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. പക്ഷെ മുന്‍ മുഖ്യമന്ത്രിമാര്‍ ചടങ്ങില്‍ പങ്കെടുക്കാത്തത് എന്തുകൊണ്ടാണന്ന വിശദീകരണം സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല.