കേരളത്തില്‍ ഭരണസ്തംഭനമില്ല; ചെന്നിത്തലയുടെ ആരോപണം അടിസ്ഥാനരഹിതം; മറുപടിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ്
Kerala News
കേരളത്തില്‍ ഭരണസ്തംഭനമില്ല; ചെന്നിത്തലയുടെ ആരോപണം അടിസ്ഥാനരഹിതം; മറുപടിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th September 2018, 9:38 pm

തിരുവനന്തപുരം: മുഖ്യമന്ത്രി ചികിത്സയ്ക്ക് പോയതു കൊണ്ട് കേരളത്തില്‍ ഭരണം സ്തംഭിച്ചുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ അസാനിധ്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുളള ശ്രമമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ.

“പ്രളയദുരിതാശ്വാസം, പുനരധിവാസം എന്നീ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഈ കമ്മിറ്റി നല്ല രീതിയില്‍ അവലോകനം ചെയ്യുകയും ഏകോപിപ്പിക്കുയും ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നുണ്ട്.


Read:  കന്യാസ്ത്രീയുടെ മരണം: ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു


ദുരിതാശ്വാസത്തിന്റെ ഭാഗമായുളള 10,000 രൂപ ധനസഹായത്തിന് അര്‍ഹരായ 6,05,555 പേരില്‍ 4,95,000 പേര്‍ക്ക് ഇന്ന് ഉച്ചയോടെ തുക ലഭ്യമാക്കി. ബാക്കിയുളളവര്‍ക്ക് ബുധനാഴ്ചയോടെ സഹായം ലഭിക്കും. 7,18,674 കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണം ചെയ്തു. മന്ത്രിസഭാ ഉപസമിതി അംഗീകരിച്ച മാര്‍ഗരേഖ പ്രകാരം നിശ്ചയിച്ച വസ്തുക്കള്‍ വിതരണം ചെയ്യുകയാണ്.

വിദേശത്തുപോയ ശേഷം ആഗസ്റ്റ് മൂന്നു മുതല്‍ ഒമ്പതു വരെയുളള ദിവസങ്ങളില്‍ 316 ഫയലുകളില്‍ മുഖ്യമന്ത്രി തീര്‍പ്പ് കല്‍പ്പിച്ചു. പ്രളയത്തില്‍ നഷ്ടപ്പെട്ട രേഖകള്‍ അദാലത്ത് സംഘടിപ്പിച്ച് നല്‍കിവരുന്നു. വീട്ടുസാധനങ്ങള്‍ നശിച്ച കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം പലിശരഹിത വായ്പ ലഭ്യമാക്കാനുളള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

മുഖ്യന്ത്രി സ്ഥലത്തില്ലെങ്കിലും മന്ത്രിമാര്‍ കൂട്ടായി പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുന്നു. വിവിധ ജില്ലകളില്‍ വിഭവസമാഹരണത്തിന്റെ ചുമതലയിലാണ് ഇപ്പോള്‍ മന്ത്രിമാര്‍. മന്ത്രിസഭാ ഉപസമിതിയില്‍ അംഗങ്ങളല്ലാത്ത മന്ത്രിമാര്‍ നാളെയും വിവിധ ജില്ലകളില്‍ ഈ ചുമതലകള്‍ നിര്‍വഹിക്കും.


കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിനുളള സഹായ പദ്ധതികളുമായും സ്‌പോണ്‍സര്‍ഷിപ്പുമായും വിവിധ സ്ഥാപനങ്ങളും ഏജന്‍സികളും സര്‍ക്കാരിനെ സമീപിക്കുന്നുണ്ട്. അതെല്ലാം ശരിയായ വിധത്തില്‍ ക്രമീകരിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന സംഭാവനകള്‍ സ്വീകരിക്കാനുള്ള ക്രമീകരണവും മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സെപ്തംബര്‍ 20നകം ലോകബാങ്ക്-എ.ഡി.ബി സംഘം പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട വിലയിരുത്തല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുപോലുള്ളഎല്ലാ കാര്യങ്ങളും ഒരു തടസ്സവുമില്ലാതെ സര്‍ക്കാര്‍ നിര്‍വഹിച്ചു പോരുന്നുണ്ടെന്നും” മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.