തിരുവനന്തപുരം: നെയ്യാറ്റിന്‍കര മുന്‍.എം.എല്‍.എ ആര്‍ ശെല്‍വരാജന്‍ രാജിവെക്കുന്നതിന് മുമ്പ് മണ്ഡലത്തിലേക്ക് 25 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് അനുമതി നല്‍കിയെന്ന ആരോപണത്തിന് വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്ത്. നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ പാഞ്ചിക്കാട് കടവ് പാലത്തിന് ഭരണാനുമതിയും പ്രത്യേകാനുമതിയും നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് പൊതുമരാമത്തു മന്ത്രി ഇബ്രാഹിം കുഞ്ഞ് ആദ്യ നിയമസഭാ സമ്മേളനത്തില്‍ തന്നെ വാഗ്ദാനം ചെയ്തിരുന്നെന്നുവെന്ന് നിയമസഭാ രേഖകള്‍ തെളിയിക്കുന്നതായാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ച പ്രസ്താവനയില്‍ പറയുന്നത്. നിയമസഭയില്‍ ചട്ടം 304 പ്രകാരം ശെല്‍വരാജ് എം.എല്‍.എ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയില്‍ 2011 ജൂലൈ 11നാണ് മന്ത്രി ഈ ഉറപ്പ് നല്‍കിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പാഞ്ചിക്കാട് പാലം നിര്‍മിക്കുന്നതിന് 2005ല്‍ 526 ലക്ഷം രൂപയുടെ ഭരണാനുമതിയും പ്രത്യേകാനുമതിയും നല്‍കിയിരുന്നു. എന്നാല്‍ പൊതുമരാമത്തു വകുപ്പിന്റെ നിരക്ക് പുതുക്കിയതിനെ തുടര്‍ന്ന് ഈ തുകയ്ക്കു പാലംപണി തുടങ്ങാന്‍ സാധിക്കാത്തതിനാല്‍ തുക ലാപ്‌സായി. തുടര്‍ന്ന് 2009ല്‍ 840 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ചീഫ് എന്‍ജിനീയര്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നെങ്കിലും ഭരണാനുമതി നല്‍കിയില്ല.
ഇടതുസര്‍ക്കാര്‍ വേണ്ടെന്നു വച്ച ഈ പാലത്തിനു വേണ്ടി സ്ഥലം എം.എല്‍.എ ശെല്‍വരാജ് 13-ാംനിയമസഭ തുടങ്ങിയപ്പോള്‍ തന്നെ സബ്മിഷന്‍ അവതരിപ്പിച്ചു. 16 കോടി രൂപയുടെ എസ്റ്റിമേറ്റ് ചീഫ് എന്‍ജിനീയര്‍ തയാറാക്കി വരുകയാണെന്നും ഇതു ലഭിക്കുന്ന മുറയ്ക്ക് ഫണ്ടിന്റെ ലഭ്യത കൂടി കണക്കിലെടുത്ത് ഈ പണിക്ക് ഭരണാനുമതിയും പ്രത്യേകാനുമതിയും നല്‍കുമെന്നും പൊതുമരാമത്ത് മന്ത്രി 2011 ജൂലൈ പതിനൊന്നിനു മറുപടി നല്‍കി.
നിയമസഭയില്‍ നല്‍കിയ ആ ഉറപ്പാണ് എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിച്ച് ഉത്തരവായത്. സഭയില്‍ നല്‍കുന്ന ഉറപ്പുകള്‍ പാലിക്കണമെന്ന് നിയമസഭാചട്ടം അനുശാസിക്കുന്നു. അതു പരിശോധിക്കാന്‍ നിയമസഭയുടെ അഷ്വറന്‍സ് കമ്മിറ്റിയുമുണ്ട്. 22.32 മീറ്റര്‍ വീതം നീളമുള്ള നാലു സ്പാനോടു കൂടിയ ഈ പാലം പണിയുന്നതിന് സ്ഥലമെടുപ്പ് ഉള്‍പ്പെടെയുള്ള അനുബന്ധ ജോലികള്‍ക്കാണ് 16 കോടി അനുവദിച്ചത്. ഈ പ്രദേശത്തിന്റെ ദീര്‍ഘകാലത്തെ മുറവിളിയായിരുന്നു ഈ പാലം.
തകര്‍ന്നു വീഴാറായ നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസ് കെട്ടിടം പുതുക്കിപ്പണിയണമെന്നതും ദീര്‍ഘകാല ആവശ്യമാണ്. പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ (കെട്ടിട വിഭാഗം) സമര്‍പ്പിച്ച എസ്റ്റിമേറ്റ് പ്രകാരമാണ് കെട്ടിട നിര്‍മാണത്തിന് മൂന്നു കോടി രൂപയുടെ ഭരണാനുമതി നല്‍കിയത്.
വികസന പ്രവര്‍ത്തനങ്ങളില്‍ കക്ഷിരാഷ്ട്രീയം നോക്കാതെയുള്ള സമീപനമാണു സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഒറ്റപ്പാലം എം.എല്‍.എ എം ഹംസ (സി.പി.ഐ.എം)യുടെ ദീര്‍ഘകാല ആവശ്യമായിന്നു അവിടെ ഫിലം സിറ്റിക്ക് സ്ഥലം അനുവദിച്ചു കിട്ടണമെന്നത്. സ്ഥലം പോലും എടുക്കാതെ കഴിഞ്ഞ സര്‍ക്കാര്‍ ഈ പദ്ധതി പ്രഖ്യാപിച്ച് ബജറ്റില്‍ 50 ലക്ഷം വകയിരുത്തി ലാപ്‌സാക്കുകയും ചെയ്തു. തുടര്‍ന്ന് ഹംസ മുഖ്യമന്ത്രിക്കു നിവേദനം നല്‍കുകയും മുഖ്യമന്ത്രി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ജലസേചന വകുപ്പിന്റെ പക്കലുള്ള നാലേക്കര്‍ സ്ഥലം വിട്ടുകൊടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അതോടെ കണയാമ്പുറത്ത് 12.50 കോടി രൂപയുടെ ഫിലിം സിറ്റിയുടെ പ്രവര്‍ത്തനത്തിനു തുടക്കമിടുകയും ചെയ്തു.
കഴിഞ്ഞ നാലു മാസത്തിനിടയില്‍ 65 പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് പൊതുമരാമത്തു വകുപ്പില്‍ നിന്ന് 264 കോടി രൂപയുടെ പണികള്‍ക്കാണ് അനുമതി നല്കിയത്. അരൂര്‍ എംഎല്‍എ എ.എം. ആരിഫിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് തൈക്കാട്ടുശേരി പാലത്തിന് 49.50 കോടി രൂപയാണ് ഫെബ്രു. രണ്ടിന് അനുവദിച്ചത്. കൂടാതെ ഈ മണ്ഡലത്തിലുള്ള വക്കയില്‍ പാലത്തിന് ഒരു കോടിയും അനുവദിച്ചു.
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മണ്ഡലമായ മലമ്പുഴയില്‍ 8.40 കോടിയും ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ മണ്ഡലമായ തലശേരിയില്‍ 8.50 കോടിയും അനുവദിച്ചു. എംഎ ബേബിയുടെ കുണ്ടറ മണ്ഡലത്തിന് 11.70 കോടി ലഭിച്ചു. പി.കെ.ഗുരുദാസന്‍ കൊല്ലം- 23.25 കോടി, ജി.എസ്. ജയലാല്‍ ചാത്തന്നൂര്‍ 11.20 കോടി, കെ.കുഞ്ഞിരാമന്‍ തൃക്കരിപ്പൂര്‍- 7.30 കോടി, ഇ.കെ. വിജയന്‍ നാദാപുരം- 6.15 കോടി, തോമസ് ഐസക് ആലപ്പുഴ- 3.40 കോടിയും ലഭിച്ചു. വികസന പ്രവര്‍ത്തനങ്ങളില്‍ പക്ഷംനോക്കാതെയുള്ള സമീപനത്തിന്റെ പ്രതിഫലനമാണിതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
Kerala news in English