ബംഗലൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമി തന്റെ പാര്‍ട്ടി പ്രവര്‍ത്തകരോട് നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജരാകാന്‍ പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. എപ്പോള്‍ വേണമെങ്കിലും തെരഞ്ഞെടുപ്പ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സജ്ജരായിരിക്കണമെന്നാണ് നിഖില്‍ ജെഡിഎസ് പ്രവര്‍ത്തകരോട് ആവശ്യപ്പെടുന്നത്.
മാണ്ഡ്യയിലെ പാര്‍ട്ടി പ്രവര്‍ത്തകരോട് തെരഞ്ഞെടുപ്പിനെ സൂചിപ്പിക്കും വിധമായിരുന്നു നിഖിലിന്റെ സംസാരം. “നമ്മള്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം. ഇനിയും വൈകിയാവാം എന്ന് കരുതരുത്. അടുത്തമാസം മുതല്‍ കാര്യങ്ങള്‍ ചെയ്തുതുടങ്ങണം. എപ്പോഴാണ് അത് (തെരഞ്ഞെടുപ്പ്) ഉണ്ടാവുക എന്ന് പറയാന്‍ കഴിയില്ല. അടുത്ത വര്‍ഷമാകാം, ഒന്നോ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടുമാകാം. ജെ.ഡി.എസ് നേതാക്കള്‍ തയ്യാറായിരിക്കണം”, നിഖില്‍ പറയുന്നു.
ജെ.ഡി.എസ് പ്രവര്‍ത്തകന്‍ സുനില്‍ ഗൗഡയാണ് ഈ വിഡീയോ ദൃശ്യങ്ങള്‍ ആദ്യം ഷെയര്‍ ചെയ്തതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
കര്‍ണാടകയിലെ ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യം ആശങ്കയില്‍ തുടരവെയാണ് നിഖില്‍ തെരഞ്ഞെടുപ്പിനെ സമീപിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സജ്ജമാകാന്‍ ആവശ്യപ്പെടുന്ന വീഡിയോ പുറത്തായിരിക്കുന്നത്.
വീഡിയോ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചതിന് പിന്നാലെ നിഖിലിന്റെ വിശദീകരണവുമെത്തയിട്ടുണ്ട്. സഖ്യത്തിന് യാതൊരു ഭീഷണിയുമില്ലെന്നും തന്റെ പിതാവ് എച്ച്.ഡി കുമാരസ്വാമി ഭരണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ സഖ്യകക്ഷികള്‍ ഓരോ സീറ്റില്‍ മാത്രമാണ് ജയിച്ചത്. സംസ്ഥാനത്ത് 28 സീറ്റുകളില്‍ 25 ഇടത്തും ജയം ബി.ജെ.പിക്കൊപ്പമായിരുന്നു.
നിഖില്‍ കുമാരസ്വാമി മാണ്ഡ്യ മണ്ഡലത്തില്‍ മത്സരിച്ചിരുന്നെങ്കിലും ബി.ജെ.പിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുമലത അംബഷിനോട് തോല്‍ക്കുകയായിരുന്നു.