തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഹിന്ദു ധര്‍മത്തെയും സനാധന ധര്‍മികളെയും അവഹേളിച്ചുവെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വി.മുരളീധരന്‍. മുഖ്യമന്ത്രി നടത്തിയ പ്രസ്താവന മഹാഭാരതത്തെയും ഹിന്ദുസമൂഹത്തെയും അവഹേളിച്ചുവെന്നും വി.മുരളീധരന്‍ പറഞ്ഞു.
എന്താണ് ധര്‍മമെന്ന ചോദ്യത്തിന് ഉത്തരമില്ലാത്ത സംശയത്തിന്റെ ചോദ്യമുയര്‍ത്തി പിന്‍വാങ്ങുന്ന ഒന്നെന്നാണ് മഹാഭാരതത്തെ കുറിച്ച് മുഖ്യമന്ത്രി വിശേഷിപ്പിച്ചതെന്നും വി.മുരളീധരന്‍ പറഞ്ഞു.
പരിശുദ്ധ ഖുറാനെ കുറിച്ച് ഇത്തരത്തിലുള്ള പരാമര്‍ശം നടത്താന്‍ മുഖ്യമന്ത്രി തയ്യാറാവുമോയെന്നും അതിന് മുഖ്യമന്ത്രിക്ക് തന്റേടമുണ്ടാവുമോയെന്നും ധൈര്യമുണ്ടോയെന്നും വി.മുരളീധരന്‍ ആരോപിച്ചു.
സനാധന ധര്‍മമെന്നത് ഉന്മൂലനം ചെയ്യപ്പെടേണ്ട ഒന്നാണെന്ന ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തിന്റെ തുടര്‍ച്ചയാണ് മുഖ്യമന്ത്രി നടത്തിയിട്ടുള്ള പ്രസ്താവനയെന്നും ബി.ജെ.പി നേതാവ് പറയുകയുണ്ടായി.
ഗുരുവിന്റെ ആശയങ്ങള്‍ സനാതന തത്വത്തിന്റെ ചട്ടക്കൂടിനുള്ളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത് ശ്രീനാരായണ ഗുരുവിനോട് ചെയ്യുന്ന വലിയ തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 92ാം മത് ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ പറഞ്ഞിരുന്നു.
ശ്രീനാരായണഗുരു സനാതന ധര്‍മത്തിന്റെ അനുയായി ആയിരുന്നില്ലെന്നും മതങ്ങള്‍ നിര്‍വചിച്ച് വെച്ചതൊന്നുമല്ല ഗുരുവിന്റെ നവയുഗധര്‍മമെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാഭാരതം പോലും ധര്‍മമെന്താണെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പറയുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി.
കുലത്തൊഴിലിനെ ധിക്കരിക്കാനാണ് ഗുരു ആഹ്വാനം ചെയ്തത്. അപ്പോള്‍ എങ്ങനെയാണ് ഗുരു സനാതന ധര്‍മത്തിന്റെ വക്താവാകുകയെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.
Content Highlight: CM insulted Hindu Dharma and Sanadhana Dharmis: V. Muralidharan