തീബ്സിലെ ഏഴു കവാടങ്ങൾ നിർമ്മിച്ചതാരാണ്?; തൊഴിലാളികളുടെ കരുത്താണ് കേരളത്തിന്റെ ഉറപ്പെന്ന് പാലാരിവട്ടം പാലം തുറന്നതിന് പിന്നാലെ മുഖ്യമന്ത്രി
Kerala News
തീബ്സിലെ ഏഴു കവാടങ്ങൾ നിർമ്മിച്ചതാരാണ്?; തൊഴിലാളികളുടെ കരുത്താണ് കേരളത്തിന്റെ ഉറപ്പെന്ന് പാലാരിവട്ടം പാലം തുറന്നതിന് പിന്നാലെ മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th March 2021, 4:02 pm

തിരുവനന്തപുരം: തൊഴിലാളികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അസാധ്യമെന്ന് കരുതിയ പല പദ്ധതികളും യാഥാർത്ഥ്യമാക്കാൻ സാധിച്ചത് സർക്കാരിന്റെ ഇച്ഛാശക്തികൊണ്ടുമാത്രമല്ല ആ സ്വപ്നം തങ്ങളുടേത് കൂടിയാണെന്ന അർപ്പണബോധത്തോടെ അദ്ധ്വാനിച്ച അസംഖ്യം തൊഴിലാഴികളുടെ പ്രയത്നത്തിന്റെ ഫലമായി കൂടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാലാരിവട്ടം പാലം തുറന്നുകൊടുത്തതിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

തീബ്സിലെ ഏഴു കവാടങ്ങൾ നിർമ്മിച്ചത് ആരാണ് എന്ന ചോദ്യത്തിലൂടെയാണ് മുഖ്യമന്ത്രി തൊഴിലാളികൾ നൽ​കിയ സംഭാവനകളെക്കുറിച്ച് വ്യക്തമാക്കിയത്.
”തീബ്സിലെ ഏഴു കവാടങ്ങൾ നിർമ്മിച്ചതാരാണ്? പുസ്തകങ്ങൾ നിറയെ രാജാക്കന്മാരുടെ പേരുകളാണ്. പരുക്കൻ പാറകളുയർത്തി അവ പടുത്തത് രാജാക്കന്മാരാണോ?’
വിപ്ലവ കവിയായ ബർതോൾഡ് ബ്രെഹ്ത് തൻ്റെ സുപ്രസിദ്ധമായ ഒരു കവിത ആരംഭിക്കുന്നത് ഇങ്ങനെയാണ്. മനുഷ്യരാശിയുടെ നേട്ടങ്ങളുടെ അവകാശികൾ രാജാക്കന്മാരോ ഭരണാധികാരികളോ അല്ല, മറിച്ച് തൻ്റെ വിയർപ്പും രക്തവും ചിന്തി അദ്ധ്വാനിക്കുന്ന തൊഴിലാളികളാണ്. ആ സത്യം ചരിത്രം പലപ്പോഴും വിസ്മരിക്കുകയാണ് ചെയ്തിട്ടുള്ളത്,” മുഖ്യമന്ത്രി പറഞ്ഞു.

”പൂർത്തീകരിക്കാൻ 18 മാസമെടുക്കുമെന്ന് തുടക്കത്തിൽ കരുതിയ പാലാരിവട്ടം പാലം 6 മാസമാകുന്നതിനു മുൻപ് നമുക്ക് പണി തീർക്കാൻ സാധിച്ചെങ്കിൽ, അതിൻ്റെ കാരണം, ആ ലക്ഷ്യത്തിനായി സ്വയമർപ്പിച്ച് അദ്ധ്വാനിച്ച നൂറു കണക്കിനു തൊഴിലാളികളാണ്. അവരോടാണ് നാടു കടപ്പെട്ടിരിക്കുന്നത്.
ഈ നാടിൻ്റെ വികസനത്തിനായി, ഈ സർക്കാർ സ്വപ്നം കണ്ട പദ്ധതികൾ സാക്ഷാൽക്കരിക്കുന്നതിനായി തൻ്റെ അദ്ധ്വാനം നീക്കി വെച്ച ഓരോ തൊഴിലാളിയോടും ഹൃദയപൂർവം നന്ദി പറയുന്നു. നിങ്ങളുടെ കരുത്താണ്, നിങ്ങളുടെ ത്യാഗമാണ് കേരളത്തിൻ്റെ ഉറപ്പ്. ഇനിയും ഒരുപാട് നേടാനുണ്ട്, അതിനായി ഒത്തൊരുമിച്ച് മുന്നോട്ടു പോകാം,” മുഖ്യമന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

‘തീബ്സിലെ ഏഴു കവാടങ്ങൾ നിർമ്മിച്ചതാരാണ്? പുസ്തകങ്ങൾ നിറയെ രാജാക്കന്മാരുടെ പേരുകളാണ്. പരുക്കൻ പാറകളുയർത്തി അവ പടുത്തത് രാജാക്കന്മാരാണോ?’
വിപ്ലവ കവിയായ ബർതോൾഡ് ബ്രെഹ്ത് തൻ്റെ സുപ്രസിദ്ധമായ ഒരു കവിത ആരംഭിക്കുന്നത് ഇങ്ങനെയാണ്. മനുഷ്യരാശിയുടെ നേട്ടങ്ങളുടെ അവകാശികൾ രാജാക്കന്മാരോ ഭരണാധികാരികളോ അല്ല, മറിച്ച് തൻ്റെ വിയർപ്പും രക്തവും ചിന്തി അദ്ധ്വാനിക്കുന്ന തൊഴിലാളികളാണ്. ആ സത്യം ചരിത്രം പലപ്പോഴും വിസ്മരിക്കുകയാണ് ചെയ്തിട്ടുള്ളത്.
ഈ സർക്കാരിൻ്റെ കാലത്ത് നിരവധി നേട്ടങ്ങൾ നമ്മൾ സ്വന്തമാക്കിയിട്ടുണ്ട്. അസാധ്യമെന്നു കരുതിയിരുന്ന വൻകിട പദ്ധതികൾ യാഥാർഥ്യമാക്കിയിട്ടുണ്ട്. എന്നാൽ അവയെല്ലാം സാധ്യമായത് സർക്കാരിൻ്റെ ഇച്ഛാശക്തി കൊണ്ടു മാത്രമല്ല, ആ സ്വപ്നം തങ്ങളുടേതു കൂടിയാണെന്ന അർപ്പണബോധത്തോടെ അദ്ധ്വാനിച്ച അസംഖ്യം തൊഴിലാളികളുടേതു കൂടിയാണ്.
പൂർത്തീകരിക്കാൻ 18 മാസമെടുക്കുമെന്ന് തുടക്കത്തിൽ കരുതിയ പാലാരിവട്ടം പാലം 6 മാസമാകുന്നതിനു മുൻപ് നമുക്ക് പണി തീർക്കാൻ സാധിച്ചെങ്കിൽ, അതിൻ്റെ കാരണം, ആ ലക്ഷ്യത്തിനായി സ്വയമർപ്പിച്ച് അദ്ധ്വാനിച്ച നൂറു കണക്കിനു തൊഴിലാളികളാണ്. അവരോടാണ് ഈ നാടു കടപ്പെട്ടിരിക്കുന്നത്.
ഈ നാടിൻ്റെ വികസനത്തിനായി, ഈ സർക്കാർ സ്വപ്നം കണ്ട പദ്ധതികൾ സാക്ഷാൽക്കരിക്കുന്നതിനായി തൻ്റെ അദ്ധ്വാനം നീക്കി വച്ച ഓരോ തൊഴിലാളിയോടും ഹൃദയപൂർവം നന്ദി പറയുന്നു. നിങ്ങളുടെ കരുത്താണ്, നിങ്ങളുടെ ത്യാഗമാണ് കേരളത്തിൻ്റെ ഉറപ്പ്. ഇനിയും ഒരുപാട് നേടാനുണ്ട്, അതിനായി ഒത്തൊരുമിച്ച് മുന്നോട്ടു പോകാം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: CM inaugurates Palarivattom Bridge; Says Labourers are Kerala’s Strength