ജെ.ഡി.എസ് കർണാടക അധ്യക്ഷനെ പുറത്താക്കി ദേവഗൗഡ; സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു
ബെംഗ്ലൂരു: ജെ.ഡി.എസ് കർണാടക അധ്യക്ഷൻ സി.എം. ഇബ്രാഹീമിനെ പുറത്താക്കി സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ.
ദേവഗൗഡയുടെ മകനും മുൻ കർണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാകും.
ബി.ജെ.പി-ജെ.ഡി.എസ് സഖ്യത്തെ ശക്തമായി എതിർത്ത സി.എം. ഇബ്രാഹീം പാർട്ടിയിൽ ‘സമാന ചിന്താഗതി’ പുലർത്തുന്നവരുടെ യോഗം വിളിക്കുകയും താൻ നയിക്കുന്നതാണ് യഥാർത്ഥ പാർട്ടിയെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് നടപടി. കോർ കമ്മിറ്റി രൂപീകരിച്ച് ബി.ജെ.പിക്കൊപ്പം പോകുന്നതിനെ വിലക്കി നിവേദനം നൽകുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
നേരത്തെ, ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതിനെ എതിർത്ത് ബാനർ ഉയർത്തിയതിന് ഇബ്രാഹീമിനെതിരെ കുമാരസ്വാമി രംഗത്ത് വന്നിരുന്നു. ശക്തമായ നടപടികൾ എടുക്കുമെന്ന് താക്കീത് നൽകുകയും ചെയ്തിരുന്നു.
തന്റെ പ്രസ്താവനയിലൂടെ മുൻ കേന്ദ്രമന്ത്രി കൂടിയായ ഇബ്രാഹീം പാർട്ടി പിളരുകയാണ് എന്ന സൂചനയാണ് നൽകുന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി സഖ്യമുണ്ടാക്കുകയാണെന്നും എൻ.ഡി.എയിൽ ചേർന്നെന്നും സെപ്റ്റംബറിലാണ് ജെ.ഡി.എസ് പ്രഖ്യാപിച്ചത്. തുടർന്ന് കർണാടകയിൽ നിന്ന് പാർട്ടിയിലെ പ്രമുഖ നേതാക്കളുൾപ്പെടെ കൂട്ടത്തോടെ സ്ഥാനങ്ങൾ രാജിവെച്ചിരുന്നു.
കേരള ജെ.ഡി.എസിലും പ്രതിസന്ധി രൂക്ഷമാണ്. പുതിയ പാർട്ടി രൂപീകരിക്കണമെന്നുൾപ്പെടെ ആവശ്യങ്ങൾ ഉയരുന്നുണ്ട്.
Content Highlight: CM Ibrahim removed as Karnataka JD(S) chief , Dissolves State Committee days after criticising BJP alliance