| Friday, 12th July 2019, 1:48 pm

വിശ്വാസ വോട്ടെടുപ്പിന് തയ്യാര്‍; ഭൂരിപക്ഷ തെളിയിക്കാന്‍ അവസരം നല്‍കണമെന്ന് സ്പീക്കറോട് കുമാരസ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടക നിയസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ അനുമതി തേടി മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി. വിശ്വാസ വോട്ടെടുപ്പിന് താന്‍ തയ്യാറാണെന്നും ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്നും സ്പീക്കറോട് കുമാരസ്വാമി ആവശ്യപ്പെട്ടു.

ചില എം.എല്‍.എമാരുടെ തീരുമാനത്തെ തുടര്‍ന്ന് ഇന്ന് നമ്മുടെ സംസ്ഥാന രാഷ്ട്രീയത്തില്‍ ചില പ്രതിസന്ധികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ബുദ്ധിമുട്ടേറിയ സാഹചര്യം തന്നെയാണ് ഇത്.

അധികാരത്തില്‍ കടിച്ചുതൂങ്ങല്‍ എന്റെ ലക്ഷ്യമില്ല. അതുകൊണ്ട് തന്നെ വിശ്വാസവോട്ടെടുപ്പിനുള്ള സമയം നിശ്ചയിക്കണം. വിശ്വാസ വോട്ടെടുപ്പിനെ അതിജീവിക്കാനാകുമെന്ന ഉറപ്പുണ്ട്. ഇപ്പോഴുണ്ടായ ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അതിനുള്ള അനുമതി താങ്കളോട് ചോദിക്കുകയാണ്. ഭൂരിപക്ഷം തെളിയിച്ചുകാണിക്കേണ്ട സമയമാണ് ഇത്. – കുമാരസ്വാമി പറഞ്ഞു.

ഇതിനിടെ കര്‍ണാടകയില്‍ വിമത എം.എല്‍.എമാരുടെ കാര്യത്തില്‍ ചൊവ്വാഴ്ച വരെ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. വിമത എം.എല്‍.എമാരുടെ രാജിക്കാര്യത്തിലും ഇവരെ അയോഗ്യരാക്കണമെന്ന ജെ.ഡി.എസ്, കോണ്‍ഗ്രസ് നേതൃത്വങ്ങളുടെ ആവശ്യത്തിലും കര്‍ണാടക സ്പീക്കര്‍ ചൊവ്വാഴ്ച വരെ തീരുമാനമെടുക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.

ഭരണഘടന പരമായ വിഷയങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ചട്ടം 190 (3) ബി അടക്കം, സ്പീക്കറുടെ അധികാരങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന എല്ലാ ഭരണഘടനപരമായ വിഷയങ്ങളും വിശദമായി പരിശോധിക്കും.

രാജി നല്‍കിയ എം.എല്‍.എമാര്‍ അയോഗ്യത നേരിടുന്നവരാണെന്ന് സ്പീക്കര്‍ക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി പറഞ്ഞു. എന്നാല്‍ സ്പീക്കര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നായിരുന്നു എം.എല്‍.എമാര്‍ക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗിയുടെ ആവശ്യം.

സ്പീക്കര്‍ സുപ്രീംകോടതി ഉത്തരവ് ലംഘിച്ചെന്ന് വിമത എംഎല്‍എമാര്‍ വാദമുയര്‍ത്തിയിരുന്നു. നിയമസഭയുടെ അധികാരപരിധി സംബന്ധിച്ചല്ല കേസ്. രാജി മാത്രമാണ് വിഷയമെന്നും റോത്തഗി പറഞ്ഞിരുന്നു.

എന്നാല്‍ സ്പീക്കര്‍ അധികാരം ചോദ്യംചെയ്തിട്ടില്ലന്ന് സ്പീക്കര്‍ക്കു വേണ്ടി ഹാജരായ മനു അഭിഷേക് സിങ്‌വി വ്യക്തമാക്കി. അയോഗ്യരാക്കപ്പെടാതിരിക്കാന്‍ മാത്രമാണ് വിമത എം.എല്‍.എമാര്‍ രാജിനല്‍കിയത്.

ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തിനാണ് സ്പീക്കറുടെ അഭിഭാഷകന്റെ മറുപടി. രാജിക്കത്ത് ലഭിച്ചാലുടന്‍ തീരുമാനമെടുക്കാനാവില്ല, എം.എല്‍.എമാര്‍ സ്വമേധയാ രാജിവച്ചതാണോ എന്ന് പരിശോധിക്കാന്‍ സ്പീക്കര്‍ക്ക് അധികാരമുണ്ടന്നും സിങ്‌വി കോടതിയെ ബോധിപ്പിച്ചു.

We use cookies to give you the best possible experience. Learn more