| Tuesday, 8th October 2024, 8:45 pm

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട്; മുഖ്യമന്ത്രിയുടെ കത്തിന് ഗവര്‍ണറുടെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത്, മലപ്പുറം പരാമര്‍ശം തുടങ്ങിയ വിവാദ വിഷയങ്ങളില്‍ വിശദീകരണം ചോദിക്കാനായി ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയെയും രാജ്ഭവനിലേക്ക് വിളിപ്പിച്ച ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത് കൊണ്ടുള്ള മുഖ്യമന്ത്രിയുടെ കത്തിന് ഗവര്‍ണറുടെ മറുപടി.

മുഖ്യമന്ത്രിക്ക് എന്തോ ഒളിപ്പിക്കാനുള്ളതിനാലാണ് ഉദ്യോഗസ്ഥരെ അയക്കാത്തതെന്നും സാങ്കേതികത്വം പറഞ്ഞ് ക്രിമിനല്‍ പ്രവര്‍ത്തനം മറച്ചുവെക്കാനാകില്ലെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ ഹാജരാകാത്തത് ചട്ടലംഘനമായി കണക്കാക്കുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

നേരത്തെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അറിയാതെ ഉദ്യോഗസ്ഥരെ വിളിപ്പിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നത്. ഈ കത്തിനുള്ള മറുപടിയാണ് ഇപ്പോള്‍ ഗവര്‍ണര്‍ക്ക് നല്‍കിയിരിക്കുന്നത്.

ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയെയും രാജ്ഭവനിലേക്ക് വിളിപ്പിച്ചത് ചട്ടപ്രകാരമാണെന്നും ഉദ്യോഗസ്ഥര്‍ നേരിട്ട് വന്ന് വിശദീകരണം നല്‍കാത്തത് ചട്ടലംഘനമായി കണക്കാക്കുമെന്നും ഗവര്‍ണറുടെ കത്തില്‍ പറയുന്നു. രാഷ്ട്രപതിക്ക് വിവരങ്ങള്‍ കൈമാറാന്‍ വേണ്ടിയാണ് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ആവശ്യപ്പെട്ടതെന്നും കത്തില്‍ പറയുന്നു.

ഭരണഘടനപരമായ തന്റെ ഉത്തരവാദിത്തം നിര്‍വഹിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് തനിക്ക് അറിയേണ്ടതുണ്ടെന്നും ഗവര്‍ണറുടെ കത്തില്‍ പറയുന്നു. മുഖ്യമന്ത്രി ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്ന് കേന്ദ്രത്തെ അറിയിക്കേണ്ടി വരുമെന്നും ഗവര്‍ണര്‍ കത്തില്‍ പറയുന്നു.

തിങ്കളാഴ്ചയാണ് സ്വര്‍ണക്കടത്തിന്റെ പേരില്‍ ദേശവരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ട് കൊണ്ട് ചീഫ് സെക്രട്ടറിക്ക് രാജ്ഭവനില്‍ നിന്ന് കത്ത് ലഭിക്കുന്നത്. ഡി.ജി.പിയോടൊപ്പം നേരിട്ട് വന്ന് കാര്യങ്ങള്‍ വിശദീകരിക്കണമെന്നായിരുന്നു കത്തില്‍.

എന്നാല്‍ ചൊവ്വാഴ്ച രാവിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അറിയാതെ ഉദ്യോഗസ്ഥരെ വിളിപ്പിക്കാനുള്ള അവകാശം ഭരണഘടനാപരമായി ഗവര്‍ണര്‍ക്കില്ലെന്ന് കാണിച്ച് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കുകയായിരുന്നു. ഈ കത്തിനുള്ള മറുപടിയാണ് ഇപ്പോള്‍ രൂക്ഷഭാഷയില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുന്നത്.

content highlights: CM has something to hide; Governor’s reply to Chief Minister’s letter

Latest Stories

We use cookies to give you the best possible experience. Learn more