ന്യൂദല്‍ഹി: ഡി.കെ ശിവകുമാറിനെ അറിയാത്തവരാണ് അദ്ദേഹം കടുംപിടുത്തക്കാരനാണെന്ന് പറയുന്നതെന്നും അദ്ദേഹം എല്ലാം തികഞ്ഞൊരു കോണ്‍ഗ്രസുകാരനാണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ദല്‍ഹിയില്‍ എ.ഐ.സി.സി ആസ്ഥാനത്ത് മലയാളി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
കാല്‍നഖം മുതല്‍ മുടിയുടെ തുമ്പ് വരെ പക്കാ കോണ്‍ഗ്രസുകാരനാണ് ഡി.കെ. ശിവകുമാറെന്ന് വേണുഗോപാല്‍ പറഞ്ഞു. ‘ഞങ്ങളെ പോലെ കെ.എസ്.യു, എന്‍.എസ്.യു, യൂത്ത് കോണ്‍ഗ്രസ് എന്നിവയുടെയെല്ലാം പ്രവര്‍ത്തകനായി തുടങ്ങി ഈ നിലയിലെത്തിയ ഒരാളാണ്. പാര്‍ട്ടിയുടെ തീരുമാനം പാലിക്കാന്‍ അദ്ദേഹം തയ്യാറാണ്.
കര്‍ണാടകയില്‍ ശിവകുമാര്‍ തന്നെയാണ് ഏറ്റവും ശക്തനായ നേതാവ്. അദ്ദേഹം കഠിനമായി പ്രവര്‍ത്തിച്ച സംസ്ഥാനമാണ്. അദ്ദേഹത്തിന് മുഖ്യമന്ത്രിയാകണമെന്ന് താല്‍പര്യമുണ്ടാകും. അതിനായി അദ്ദേഹം പരിശ്രമിച്ചിട്ടുണ്ടാകും. അതിലെന്താണ് തെറ്റ്? അവസാനം അദ്ദേഹം പാര്‍ട്ടിയുടെ തീരുമാനത്തിന് കൂടെ നിന്നു. ലോകസഭ തെരഞ്ഞെടുപ്പ് വരെ ശിവകുമാര്‍ കര്‍ണാടകയിലെ പി.സി.സി അധ്യക്ഷനായി തുടരും. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, ഏതാനും മന്ത്രിമാര്‍ എന്നിവര്‍ 20ന് സത്യപ്രതിജ്ഞ ചെയ്യും,’ ജനറല്‍ സെക്രട്ടറി പറഞ്ഞു.
മുഖ്യമന്ത്രി പദത്തില്‍ ടേം വ്യവസ്ഥയില്ലെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. സിദ്ധരാമയ്യയാണോ അതോ ശിവകുമാറാണോ കര്‍ണാടകയിലെ ശക്തരായ മുഖ്യമന്ത്രി ചോയ്‌സ് എന്ന് വിലയിരുത്താന്‍ ഇപ്പോള്‍ സമയമായിട്ടില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി വേണുഗോപാല്‍ പറഞ്ഞു.
‘ഇരുവരും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്വത്തുക്കളാണ്. മുഖ്യമന്ത്രിയാകാനുള്ള ഇരുവരുടേയും ആഗ്രഹം തികച്ചും സ്വാഭാവികമാണ്. വകുപ്പുകളെ സംബന്ധിച്ച വിവരങ്ങളൊക്കെ പൂര്‍ത്തീകരിക്കുമ്പോള്‍ മാധ്യമങ്ങളെ അറിയിക്കും. കര്‍ണാടകയിലേത് വളരെ ശുഭപര്യവസായിയായ ഒരു സംഭവവികാസമാണ്.
സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും ഇന്ന് ഞങ്ങള്‍ക്കൊപ്പമാണ് പ്രഭാത ഭക്ഷണം കഴിച്ചത്. പിന്നീട് കോണ്‍ഗ്രസ് അധ്യക്ഷനെ സന്ദര്‍ശിച്ചു. അതിന് ശേഷം അവരൊന്നിച്ചാണ് ഒരു വിമാനത്തില്‍ യാത്രയാകുന്നത്. ദയവ് ചെയ്ത് ഇനി ഇതില്‍ കുത്തിത്തിരിപ്പുണ്ടാക്കരുത്,’ കൂപ്പുകൈകളോടെ വേണുഗോപാല്‍ പറഞ്ഞുനിര്‍ത്തി.