| Tuesday, 21st April 2020, 6:37 pm

റമദാന്‍ മാസത്തില്‍ ഇത്തവണ ആഘോഷങ്ങളില്ല; പള്ളികളില്‍ നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി; ഏറ്റവും ഔചിത്യ പൂര്‍ണമായ തീരുമാനമെടുത്ത മത നേതാക്കള്‍ക്ക് അഭിനന്ദനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് റമദാന്‍ മാസത്തിലെ ഇഫ്താര്‍, ജുമ, മറ്റ് നമസ്‌കാരങ്ങള്‍, കഞ്ഞി വിതരണം പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇവയെല്ലാം വേണ്ടെന്ന് വെക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മത പണ്ഡിതന്മാരുമായി കൂടിയാലോചിച്ചാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. പള്ളികളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘വിശ്വാസ കേന്ദ്രങ്ങളായ മക്കയിലും മദീനയിലും വരെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മത നേതാക്കള്‍ത്തന്നെ ചൂണ്ടിക്കാണിച്ചു. കൊവിഡ് 19 നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുമെന്ന് അവര്‍ ഉറപ്പുനല്‍കി. സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൗണ്ട് ശരിയായ നിലപാടെടുത്ത മത നേതാക്കളോട് സര്‍ക്കാര്‍ നന്ദി അറിയിക്കുന്നു. സമൂഹത്തിന്റെ ആവശ്യം അറിഞ്ഞ് പ്രവര്‍ത്തിക്കാനും പ്രതികരിക്കാനും കഴിവുള്ള നേതൃനിരയാണ് മത സാമുദായിക സംഘടനകള്‍ക്കുള്ളത്. ഇത് സന്തോഷ കരമായ കാര്യമാണ്’, മുഖ്യമന്ത്രി പറഞ്ഞു.

സമൂഹ ഭാവി കണക്കിലെടുത്ത് എല്ലാവിധ കൂടിച്ചേരലുകളും കൂട്ടപ്രാര്‍ത്ഥനകളും മാറ്റിവെക്കാന്‍ തീരുമാനമെടുത്ത മത നേതാക്കളെ അഭിനന്ദിക്കുന്നു. മഹാമാരി നേരിടുന്ന ഘട്ടത്തിലെ ഏറ്റവും ഔചിത്യ പൂര്‍ണമായ തീരുമാനമാണിത്. വൃത കാലത്തെ ദാനദര്‍മ്മത്തിന് വലിയ മഹത്വമാംണ് ഇസ്‌ലാം കല്‍പിക്കുന്നത്. രോഗ പീഢയില്‍ വിഷമിക്കുന്നവര്‍ക്ക് വേണ്ടിയാവട്ടെ ഈ റമദാന്‍ കാലത്തെ പ്രവര്‍ത്തനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more