ആന്ധ്രാപ്രദേശിന്റെ കടം എഴുതി തള്ളാൻ മോദിയോട് ആവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു
national news
ആന്ധ്രാപ്രദേശിന്റെ കടം എഴുതി തള്ളാൻ മോദിയോട് ആവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th August 2024, 8:17 am

അമരാവതി: കേന്ദ്ര ബജറ്റിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. കൂടിക്കാഴ്ചയിൽ സംസ്ഥാനത്തിന്റെ കടബാധ്യതകൾ എഴുതിത്തള്ളാൻ നായിഡു മോദിയോട് അഭ്യർത്ഥിച്ചു. ഒപ്പം പുതിയ തലസ്ഥാന നഗരമായ അമരാവതിയുടെ വികസനത്തിനും പോളവാരം പദ്ധതിക്കുമായി ധനസഹായം ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ സംസ്ഥാനത്തിന് അനുവദിച്ചതിന് നന്ദി പറയുകയും ചെയ്തു.

ബജറ്റിലൂടെ അമരാവാതി നഗരത്തിന്റെ പുനർനിർമാണത്തിനായി 15,000 കോടി രൂപ ധനസഹായം ഉൾപ്പടെ വലിയ ആനുകൂല്യങ്ങൾ സംസ്ഥാനത്തിന് കേന്ദ്രം അനുവദിച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ ആവശ്യവുമായി നായിഡു എത്തുന്നത്.

മോദിയുമായുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് നായിഡു വിശദമായി ചർച്ച ചെയ്തു. ഒപ്പം സാമ്പത്തിക വെല്ലുവിളികൾ തരണം ചെയ്യാനും സംസ്ഥാനത്തിൻ്റെ ജി.ഡി.പി വർധിപ്പിക്കാനും കൂടുതൽ കേന്ദ്ര പിന്തുണ നൽകണമെന്ന് ആഭ്യർത്ഥിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സംസ്ഥാനത്തിൻ്റെ വരുമാനത്തിൻ്റെ ഭൂരിഭാഗവും മുൻ സർക്കാർ എടുത്ത വായ്പകൾക്കുള്ള കടബാധ്യതയിലേക്കാണ് പോകുന്നതെന്ന് നായിഡു മോദിയോട് പറഞ്ഞതായാണ് റിപ്പോർട്ട്.

‘റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വായ്പകൾ റീഷെഡ്യൂൾ ചെയ്യാൻ കേന്ദ്രം സഹായിക്കുകയാണെങ്കിൽ , അത് സംസ്ഥാനത്തിന് കടം തിരിച്ചടവ് ബാധ്യതകളിൽ നിന്ന് കുറച്ച് ആശ്വാസം നൽകും,’ നായിഡു പറഞ്ഞു.

മോദിക്ക് പിന്നാലെ കേന്ദ്ര ധന മന്ത്രി നിർമല സീതാരാൻ , അഭ്യാന്തര മന്ത്രി അമിത് ഷാ എന്നിവരുമായും നായിഡു കൂടിക്കാഴ്ചയ്ക്കു നടത്തി. പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചത് പോലെ സംസ്ഥാനത്തിന്റെ സാമ്പത്തിക ആവശ്യങ്ങളെക്കുറിച്ച് ധനമന്ത്രിയോടും അദ്ദേഹം സംസാരിച്ചു.

 

2019-20ൽ ആന്ധ്രാപ്രദേശിൻ്റെ പൊതുകടം മൊത്ത സംസ്ഥാന ആഭ്യന്തര ഉൽപ്പാദനത്തിൻ്റെ (ജിഎസ്ഡിപി) 31.02 ശതമാനമായിരുന്നു. എന്നാൽ 2023-24ൽ ഇത് 33.32 ശതമാനമായി ഉയർന്നുവെന്ന് ഔദ്യോഗിക കണക്കുകൾ കാണിക്കുന്നു. ഇത് കഴിഞ്ഞ അഞ്ച് വർഷമായി സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം മോശമായിക്കൊണ്ടിരിക്കുകയാണെന്ന് സൂചിപ്പിക്കുന്നു.

16 ലോക്‌സഭാ എം.പിമാരുള്ള തെലുങ്ക് ദേശം പാർട്ടി ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരിൻ്റെ ഏറ്റവും വലിയ ഘടക കക്ഷിയാണ്.

 

Content Highlight: CM Chandrababu Naidu meets PM Modi, seeks financial support for Andhra