കരുനീക്കം ശക്തമാക്കി ഗെലോട്ട് ക്യാംപും; നിയമസഭാ സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട് രാജ്ഭവനില്‍ മുന്നില്‍ കുത്തിയിരുന്ന് എം.എല്‍.എമാര്‍
Rajastan Crisis
കരുനീക്കം ശക്തമാക്കി ഗെലോട്ട് ക്യാംപും; നിയമസഭാ സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട് രാജ്ഭവനില്‍ മുന്നില്‍ കുത്തിയിരുന്ന് എം.എല്‍.എമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th July 2020, 3:32 pm

ജയ്പൂര്‍: രാജസ്ഥാനില്‍ അടിയന്തരമായി നിയമസഭാ സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ പിന്തുണയ്ക്കുന്ന എം.എല്‍.എമാര്‍ രാജ്ഭവനില്‍ കുത്തിയിരിക്കുന്നു. നാല് ബസുകളിലായാണ് എം.എല്‍.എമാര്‍ രാജ്ഭവനിലെത്തിയത്.

‘ഇന്‍ക്വിലാബ് സിന്ദാബാദ്, അശോക് ഗെലോട്ട് സിന്ദാബാദ്’ എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് എം.എല്‍.എമാര്‍ രാജ്ഭവന് മുന്നില്‍ കുത്തിയിരിക്കുന്നത്.

രാജസ്ഥാനില്‍ നിയമസഭായോഗം വിളിച്ച് ചേര്‍ക്കണമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ഗവര്‍ണറോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. ഉടന്‍ നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഗെലോട്ട് ഗവര്‍ണറുമായി ഫോണില്‍ സംസാരിച്ചിരുന്നെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.


തിങ്കളാഴ്ച തൊട്ട് സഭാ സമ്മേളനം പുനരാരംഭിക്കണമെന്നും അപ്പോള്‍ എല്ലാം ശരിയാകുമെന്നും അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.

അസംബ്ലി ചേരണമെന്നാവശ്യപ്പെട്ട് ഗെലോട്ട് നേരത്തെ ഗവര്‍ണര്‍ക്ക് എഴുതിയിരുന്നെങ്കിലും ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നില്ല. കൊവിഡും നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയുമടക്കം വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും ഗെലോട്ട് പറഞ്ഞിരുന്നു.

അതിനിടെ പൈലറ്റ് ക്യാംപിലെ എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേക്ക് തിരിച്ച് വരണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കി .ഗെലോട്ട് രംഗത്തെത്തിയിരുന്നു.

പൈലറ്റ് ക്യാംപിലെ ചില എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേക്ക് മടങ്ങി വരണമെന്നാഗ്രഹിക്കുന്നുണ്ട്. ചിലരൊക്കെ തങ്ങളെ രക്ഷിക്കണമെന്ന് പറഞ്ഞ് ഞങ്ങളെ വിളിച്ചിരുന്നു എന്നാണ് ഗെലോട്ട് പറഞ്ഞത്.

നിയമസഭയില്‍ തങ്ങള്‍ നിഷ്പ്രയാസം ഭൂരിപക്ഷം തെളിയിക്കുമെന്നും ഗെലോട്ട് വെല്ലു വിളിച്ചിട്ടുണ്ട്.

അതേസമയം സച്ചിന്‍ പൈലറ്റ് തെറ്റ് തിരുത്തി വന്നാല്‍ സ്വീകരിക്കാമെന്ന് അശോക് ഗെലോട്ട് നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സച്ചിന്‍ പൈലറ്റിന്റെ അത്യാഗ്രഹം കൊണ്ടാണ് ഈ പ്രശ്നങ്ങളെല്ലാം ഉണ്ടായത്. അദ്ദേഹം വീണ്ടും കോണ്‍ഗ്രസില്‍ വിശ്വാസമര്‍പ്പിച്ച് മടങ്ങി വരാന്‍ തയ്യാറായാല്‍ ഉറപ്പായും സ്വീകരിക്കും’, ഗെലോട്ട് പറഞ്ഞു.

സച്ചിന്‍ പൈലറ്റ് അടക്കം 19 എം.എല്‍.എമാരെ അയോഗ്യരാക്കിയ രാജസ്ഥാന്‍ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത സച്ചിന്‍ പൈലറ്റിന്റെ ഹരജിയില്‍ സുപ്രീം കോടതി തിങ്കളാഴ്ച വാദം കേള്‍ക്കാനിരിക്കുകയാണ്.

നേരത്തെ കേസില്‍ കേന്ദ്രസര്‍ക്കാരിനെ ഹൈക്കോടതി കക്ഷി ചേര്‍ത്തിരുന്നു. സച്ചിന്‍ പൈലറ്റിന്റെ ആവശ്യപ്രകാരമാണ് കോടതി കേന്ദ്രസര്‍ക്കാരിനേയും കക്ഷി ചേര്‍ത്തത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക