ബെംഗളൂരു: മുഖ്യമന്ത്രി ആരാകുമെന്നതിനെ കുറിച്ചുള്ള അനിശ്ചിതത്വം തുടരവെ ബെംഗളൂരുവിലെ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഒരുക്കങ്ങള്‍ കോണ്‍ഗ്രസ് നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. ഹൈക്കമാന്‍ഡ് മുന്നോട്ട് വെച്ച സമവായ നിര്‍ദേശങ്ങള്‍ കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ അംഗീകരിച്ചില്ലെന്നാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. വീതം വയ്പ് ഫോര്‍മുല അംഗീകരിക്കാനാകില്ലെന്ന് ശിവകുമാര്‍ ദേശീയ നേതൃത്വത്തെ അറിയിച്ചെന്നാണ് സൂചനകള്‍.
എന്നാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കാന്‍ കര്‍ണാടക പി.സി.സി അധ്യക്ഷന്‍ വിസമ്മതിച്ചു. എനിക്ക് നിങ്ങളോട് ഒന്നും പറയാനില്ലെന്നും നിങ്ങളെല്ലാം തെറ്റായ വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നതെന്നുമാണ് ഡി.കെ ശിവകുമാര്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ വെളിപ്പെടുത്തിയത്. കൂപ്പുകൈകളോടെയാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. ദല്‍ഹിയിലുള്ള സഹോദരനും എം.പിയുമായ ഡി.കെ സുരേഷിന്റെ വസതിയിലാണ് അദ്ദേഹം ഇപ്പോഴുള്ളത്.
സിദ്ധരാമയ്യയുടെ നീക്കങ്ങളില്‍ ശിവകുമാറിന് കടുത്ത അതൃപ്തിയാണുള്ളത്. മുഖ്യമന്ത്രി ആരാണെന്ന പ്രഖ്യാപനത്തിന് മുമ്പേ സത്യപ്രതിജ്ഞക്ക് തയ്യാറെടുത്തതും ബെംഗളൂരുവിലെ ആഹ്ലാദ പ്രകടനവും ശിവകുമാറിനെ ചൊടിപ്പിച്ചു. സുര്‍ജേവാല മാധ്യമങ്ങളെ കണ്ടതിന് പിന്നിലും അദ്ദേഹത്തിന്റെ സമ്മര്‍ദ്ദമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങളെല്ലാം സ്റ്റേഡിയത്തില്‍ നിര്‍ത്തി. തോരണങ്ങളും പരവതാനികളും തിരികെ കൊണ്ടുപോയി. തൊഴിലാളികള്‍ സ്റ്റേഡിയത്തില്‍ നിന്നും മടങ്ങി.
കര്‍ണാടക മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകുമെന്നാണ് എ.ഐ.സി.സി നേതൃത്വം അറിയിക്കുന്നത്. കര്‍ണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും തീരുമാനമാകുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജെവാല മാധ്യമങ്ങളോട് പറഞ്ഞു.
‘ഇപ്പോള്‍ പ്രചരിക്കുന്ന തീയതികളില്‍ അടക്കം സത്യമില്ല. ഇന്നോ നാളെയോ മുഖ്യമന്ത്രിയെക്കുറിച്ച് പ്രഖ്യാപനം കോണ്‍ഗ്രസ് നടത്തും. ബിജെപി അജണ്ടയില്‍ വീഴരുത്. 72 മണിക്കൂറിനകം സര്‍ക്കാര്‍ രൂപീകരണ നടപടികള്‍ പൂര്‍ത്തിയാക്കും’ സുര്‍ജേവാല പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കി.