ഫിഫ ക്ലബ്ബ് ലോകകപ്പ് ബെന്‍സിമയുടെ അല്‍ ഇത്തിഹാദ് ഹോം ഗ്രൗണ്ടായ ജിദ്ദയില്‍
Football
ഫിഫ ക്ലബ്ബ് ലോകകപ്പ് ബെന്‍സിമയുടെ അല്‍ ഇത്തിഹാദ് ഹോം ഗ്രൗണ്ടായ ജിദ്ദയില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 26th June 2023, 11:44 pm

ഫിഫ ക്ലബ്ബ് ലോകകപ്പ് 2023 ജിദ്ദയില്‍ നടക്കും. ഡിസംബര്‍ 12 മുതല്‍ 22 വരെയാണ് മത്സരം. ആറ് വന്‍കര ചാമ്പ്യന്മാരും ആതിഥേയരും ഫ്രഞ്ച് സൂപ്പര്‍താരം കരിം ബെന്‍സിമ ബൂട്ടുകെട്ടുന്ന ക്ലബ്ബായ അല്‍ ഇത്തിഹാദും ടൂര്‍ണമെന്റില്‍ പങ്കെടുക്കും.

ക്ലബ്ബ് വേള്‍ഡ് കപ്പിന്റെ തയ്യാറെടുപ്പുകള്‍ക്കായി ഫിഫ പ്രതിനിധി സംഘം കഴിഞ്ഞയാഴ്ച ജിദ്ദയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സൗദി ഫുട്‌ബോള്‍ അസോസിയേഷന്‍ ഫിഫയും ചേര്‍ന്നാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

കിങ് അബ്ദുല്ല സ്റ്റേഡിയത്തിലും പ്രിന്‍സ് അബ്ദുല്ല ഫൈസല്‍ സ്റ്റേഡിയത്തിലുമാണ് മത്സരം നടക്കുകയെന്ന് ഫിഫ അറിയിച്ചു. ഇരു സ്റ്റേഡിയങ്ങളിലുമായി യഥാക്രമം 62,000, 27,000 കാണികളെ ഉള്‍ക്കൊള്ളും.

സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡാണ് നിലവിലെ ചാമ്പ്യന്മാര്‍. ഓഷ്യാനിയ ചാമ്പ്യന്മാരായ ഓക്‌ലാന്‍ഡ് സിറ്റിയെ ആതിഥേയര്‍ ആദ്യ റൗണ്ടില്‍ ഏറ്റുമുട്ടും. വിജയികള്‍ മെക്‌സിക്കോയുടെ ലിയോണ്‍, ഈജിപ്തിന്റെ അല്‍ അഹ്‌ലി, ജപ്പാന്റെ ഉറാവ റെഡ് എന്നീ ടീമുകള്‍ക്കൊപ്പം ചേരും. യൂറോപ്യന്‍ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരും നേരിട്ട് സെമിയില്‍ പ്രവേശിക്കും.

കഴിഞ്ഞ തവണ റയല്‍ മാഡ്രിഡിനായി കിരീടമുയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കരിം ബെന്‍സിമ ഇത്തവണ ട്രോഫി അല്‍ ഇത്തിഹാദിനായി സ്വന്താമാക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍.

Content Highlights: Club World Cup 2023 will be held in Jiddah, Saudi Arabia