| Tuesday, 8th June 2021, 10:32 am

പൃഥ്വിരാജിനോട് മാപ്പപേക്ഷിച്ച് ക്ലബ് ഹൗസില്‍ വ്യാജ ഐഡി ഉണ്ടാക്കിയ വ്യക്തി; മറുപടിയുമായി താരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ക്ലബ്ബ് ഹൗസില്‍ തന്റെ പേരില്‍ വ്യാജ ഐഡി ഉണ്ടാക്കിയ വ്യക്തിക്കെതിരെ കടുത്ത വിമര്‍ശനവുമായി കഴിഞ്ഞ ദിവസം നടന്‍ പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു. തന്റെ പേരില്‍ അക്കൗണ്ട് ഉണ്ടാക്കി തന്റെ ശബ്ദം അനുകരിച്ചു സംസാരിക്കുന്ന വ്യക്തിയുടെ വിശദവിവരങ്ങളടക്കം പങ്കുവെച്ചായിരുന്നു പൃഥ്വിരാജ് രംഗത്തെത്തിയത്.

ഇതിന് പിന്നാലെ പൃഥ്വിരാജിനോട് മാപ്പുചോദിച്ച് വ്യാജ ഐഡി ഉണ്ടാക്കിയ സൂരജ് എന്നയാള്‍ രംഗത്തെത്തിയിരുന്നു. പൃഥ്വിരാജിന്റെ കടുത്ത ആരാധകനാണു താനെന്നും ക്ലബ്ബ് ഹൗസില്‍ അക്കൗണ്ട് തുടങ്ങിയ ശേഷം മാത്രമാണ് അതില്‍ പേരും യൂസര്‍ ഐഡിയും മാറ്റാന്‍ പറ്റില്ല എന്നു താന്‍ അറിഞ്ഞതെന്നും സൂരജ് പറഞ്ഞിരുന്നു.

താങ്കള്‍ ചെയ്ത സിനിമയിലെ ഡയലോഗ് പഠിച്ച് അത് മറ്റുള്ളവരെ പറഞ്ഞു കേള്‍പ്പിച്ച് ക്ലബ്ബ് ഹൗസ് റൂമിലെ പലരേയും എന്റര്‍ടൈന്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അല്ലാതെ അങ്ങയുടെ പേര് ഉപയോഗിച്ചു യാതൊരു തരത്തിലുള്ള കാര്യങ്ങളിലും താന്‍ പങ്കുചേര്‍ന്നിട്ടില്ലെന്നായിരുന്നു സൂരജ് പറഞ്ഞത്.

ജൂണ്‍ 7 വൈകുന്നേരം 4 മണിക്ക് ഒരു റൂം ഉണ്ടാക്കി ലൈവായി രാജുവേട്ടന്‍ വന്നാല്‍ എങ്ങനെ ആളുകളോട് സംസാരിക്കും എന്നതായിരുന്നു ആ റൂം കൊണ്ട് മോഡറേറ്റേഴ്‌സ് ഉദ്ദേശിച്ചിരുന്നതെന്നും അതില്‍ ഇത്രയും ആളുകള്‍ വരുമെന്നോ അത് ഇത്രയും കൂടുതല്‍ പ്രശ്‌നമാകുമെന്നോ താന്‍ കരുതിയിരുന്നില്ലെന്നും സൂരജ് പറഞ്ഞിരുന്നു. ആരേയും പറ്റിക്കാനോ രാജു ഏട്ടന്റെ പേരില്‍ എന്തെങ്കിലും നേടി എടുക്കാനോ അല്ല താന്‍ ഇത് ചെയ്തതെന്നുമായിരുന്നു സൂരജ് പൃഥ്വിരാജിനെ അഭിസംബോധന ചെയ്ത് എഴുതിയ കുറിപ്പില്‍ പറഞ്ഞത്.

ഇതിന് പിന്നാലെ സൂരജിന് മറുപടിയുമായി പൃഥ്വിരാജ് തന്നെ രംഗത്തെത്തി. താങ്കള്‍ ചെയ്തത് നിരുപദ്രവകരമായ ഒരു തമാശയാണെന്ന് മനസ്സിലാക്കുന്നെന്നും എന്നാല്‍ ഇതുപോലുള്ള കാര്യങ്ങള്‍ വളരെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന കാര്യം നിങ്ങള്‍ ഇപ്പോഴെങ്കിലും മനസിലാക്കിക്കാണുമെന്നാണു താന്‍ കരുതുന്നതെന്നും പൃഥ്വിരാജ് ഫേസ്ബുക്കിലെഴുതി.

ഒരു ഘട്ടത്തില്‍, 2500 ല്‍ അധികം ആളുകള്‍ നിങ്ങള്‍പറയുന്നത് കേള്‍ക്കാന്‍ എത്തിയെന്നാണു ഞാന്‍ മനസിലാക്കുന്നത്. അവരില്‍ ഭൂരിഭാഗവും കരുതിയിരിക്കുന്നത് അത് ഞാന്‍ തന്നെയാണെന്നാണ്. സിനിമ മേഖലയില്‍ നിന്നും പുറത്തുനിന്നുമുള്ള നിരവധി ആളുകളില്‍ നിന്ന് എനിക്ക് കോളുകളും മെസ്സേജുകളും വന്നു. അതുകൊണ്ടു തന്നെ അത് ഉടനടി നിര്‍ത്തേണ്ടതു എന്റെ ആവശ്യമായിരുന്നു.

ചെയ്തതു തെറ്റാണെന്നു നിങ്ങള്‍ സമ്മതിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. മിമിക്രി എന്നത് അത്ഭുതകരമായ ഒരു കലാരൂപമാണ്, മലയാള സിനിമയിലെ എക്കാലത്തെയും മഹാന്മാരായ നടന്‍മാര്‍ മിമിക്രി ലോകത്തു നിന്നാണ് ഈ മേഖലയിലേക്ക് എത്തിയതെന്നു നിങ്ങള്‍ക്ക് അറിയാമെന്ന് എനിക്കുറപ്പുണ്ട്. വലിയ സ്വപ്‌നങ്ങള്‍ കാണുക, കഠിനാധ്വാനം ചെയ്യുക, ഒരിക്കലും പഠനം നിര്‍ത്തരുത്. നിങ്ങള്‍ക്ക് ഒരു മികച്ച ഭാവി മുന്നിലുണ്ടെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.

ഓണ്‍ലൈന്‍ ദുരുപയോഗം താന്‍ ക്ഷമിക്കില്ലെന്നും അതുകൊണ്ട് ഇതു ചെയ്യുന്നവര്‍ ദയവായി അത് അവസാനിപ്പിക്കണമെന്നും താന്‍ ക്ലബ്ബ് ഹൗസില്‍ ഇല്ലെന്ന് ഒരിക്കല്‍ കൂടി അറിയിക്കുകയാണെന്നും പൃഥ്വിരാജ് തന്റെ പോസ്റ്റില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Club House Fake ID Actor Prithviraj Reply To Sooraj

We use cookies to give you the best possible experience. Learn more