പുതിയ സീസണിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ റയല്‍ മാഡ്രിഡിന് വീണ്ടും തോല്‍വി. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തല്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ചിരവൈരകളായ എഫ്.സി ബാഴ്‌സലോണ റയലിനെ തകര്‍ത്തുവിട്ടത്.
4-2-3-1 എന്ന ഫോര്‍മേഷനിലാണ് ഹാന്‍സി ഫ്‌ളിക് ബാഴ്‌സ കളത്തിലിറക്കിയത്. അതേസമയം, 4-3-3 എന്ന രീതിയാണ് ലോസ് ബ്ലാങ്കോസും കാര്‍ലോ ആന്‍സലോട്ടിയും അവലംബിച്ചത്.
മത്സരത്തിന്റെ ആദ്യ നിമിഷം മുതല്‍ തന്നെ ഇരുവരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിലാണ് ഗോള്‍ പിറവിയെടുത്തത്.
മത്സരത്തിന്റെ 42ാം മിനിട്ടില്‍ സ്പാനിഷ് യുവതാരം പൗ വിക്ടറിലൂടെ ബാഴ്‌സയാണ് മുമ്പിലെത്തിയത്. മുന്നേറ്റ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി നല്‍കിയ പന്താണ് റയല്‍ ഗോള്‍ കീപ്പര്‍ കോര്‍ട്വാക്ക് അവസരം നല്‍കാതെ വിക്ടര്‍ വലയിലെത്തിച്ചത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബാഴ്‌സലോണ മൂന്ന് സബ്‌സ്റ്റിറ്റിയൂഷനുകള്‍ നടത്തി.
രണ്ടാം പകുതി ആരംഭിച്ച് പത്ത് മിനിട്ട് പൂര്‍ത്തിയാകും മുമ്പ് തന്നെ ബാഴ്‌സലോണ വീണ്ടും റയലിന്റെ വലകുലുക്കി. വിക്ടര്‍ തന്നെയാണ് ഇത്തവണയും കറ്റാലന്‍മാര്‍ക്കായി ഗോള്‍ കണ്ടെത്തിയത്.
രണ്ടാം ഗോള്‍ വീണതിന് പിന്നാലെ ആന്‍സലോട്ടിയും സബ്‌സ്റ്റിറ്റിയൂഷനുകള്‍ നടത്തി.
മത്സരത്തിന്റെ 65ാം മിനിട്ടില്‍ ഗോള്‍ കീപ്പര്‍ ടെര്‍ സ്റ്റെഗനെ തിരിച്ചുവിളിച്ച ഹാന്‍സി ഫ്‌ളിക് സോട്ടോറെസിനെ ബാഴ്‌സ ഗോള്‍മുഖത്തിന്റെ കാവലേല്‍പിച്ചു.
ചിരവൈരികള്‍ക്കെതിരെ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം റയലും തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. 82ാം മിനിട്ടില്‍ ആ ശ്രമം ഫലം കണ്ടു. ടര്‍ക്കിഷ് താരം ആര്‍ദ ഗുലാറിന്റെ അസിസ്റ്റില്‍ നിക്കോയാണ് ഗോള്‍ കണ്ടെത്തിയത്.
ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഒന്നിനെതിരെ രണ്ട് ഗോളിന് കറ്റാലന്‍മാര്‍ വിജയിച്ചുകയറി.
ഇരുടീമുകളും 11 ഷോട്ടുകള്‍ വീതമാണ് അടിച്ചത്. ഇതില്‍ ബാഴ്‌സലോണയുടെ ആറ് ഷോട്ടുകളും ഗോള്‍മുഖം ലക്ഷ്യമിട്ടുള്ളതായിരുന്നു. റയലിന്റെ മൂന്ന് ഷോട്ടാണ് ഓണ്‍ ടാര്‍ഗെറ്റിലുണ്ടായിരുന്നത്.
ബോള്‍ പൊസഷനില്‍ റയിന് ചെറിയ മുന്‍തൂക്കമുണ്ടായിരുന്നു. പാസ് ആക്യുറസിലിയും വഴങ്ങിയ മഞ്ഞ കാര്‍ഡിലുമെല്ലാം ഇരു ടീമുകളും തുല്യത പാലിച്ചു.
തുടര്‍ച്ചയായ രണ്ടാം സൗഹൃദ മത്സരത്തിലാണ് റയല്‍ പരാജയപ്പെടുന്നത് ഓഗസ്റ്റ് ഒന്നിന് നടന്ന മത്സരത്തില്‍ എ.സി മിലാന്‍ റയലിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു.
ഓഗസ്റ്റ് ഏഴിനാണ് റയല്‍ അടുത്ത മത്സരത്തിനിറങ്ങുന്നത്. ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ചെല്‍സിയാണ് എതിരാളികള്‍. ഏഴാം തീയ്യതി തന്നെയാണ് ബാഴ്‌സയും അടുത്ത മത്സരത്തിനിറങ്ങുന്നത്. എം ആന്‍ഡ് ടി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ എ.സി മിലാനാണ് എതിരാളികള്‍.
Content highlight: Club Friendlies: FC Barcelona defeated Real Madrid