ന്യൂദല്‍ഹി: ഉത്തരാഖണ്ഡിലെ തെഹ്‌രി ജില്ലയിലുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മൂന്നു പേര്‍ മരിച്ചു. മൂന്നു പേരെ കാണാതായിട്ടുണ്ട്. മരിച്ച മൂന്നുപേരും ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന് റിപ്പോര്‍ട്ട്.
ഇന്നലെ രാത്രിയോടെ സംഭവിച്ച മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് വന്‍ നാശനഷ്ടങ്ങളാണ് ജില്ലയിലുണ്ടായിരിക്കുന്നത്. കനത്ത മഴയില്‍ ഏഴോളം വീടുകള്‍ തകര്‍ന്നു. കാണാതായ മൂന്ന് പേര്‍ക്കുള്ള തിരച്ചില്‍ നടന്നുവരികയാണ്.
രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ബാക്കിയുള്ളവരെ അന്വേഷിക്കുകയാണെന്നും പോലീസ് മേധാവിയായ പ്രവീണ്‍ തത്മ വ്യക്തമാക്കി. അതേസമയം സംഭവം നടന്ന് എട്ട്-ഒന്‍പത് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പോലീസുകാര്‍ക്കോ രക്ഷാപ്രവര്‍ത്തകര്‍ക്കോ ഇതുവരെയും ദുരന്ത പ്രദേശത്ത് എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് സി.എന്‍.എന്‍-ഐ.ബി.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദുരന്ത നിവാരണ സേനയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എന്നാല്‍ പ്രതികൂലമായ പ്രകൃതിയും ഭൂമിശാസ്ത്ര ന്യൂനതകളും രക്ഷാ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.
[]ദുരന്തത്തെതുടര്‍ന്ന് ആളുകള്‍ മരിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. രാജ്‌നാഥ് സിങ് സ്ഥലം സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം ഉണ്ടായിരുന്നു. അന്ന് ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടിരുന്നത്.