| Monday, 26th June 2023, 10:55 am

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനം; ഇരുന്നൂറോളം ആളുകള്‍ കുടുങ്ങി കിടക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷിംല: ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനവും മണ്ണിടിച്ചിലും. സോളന്‍, മണ്ഡി, കുളുമണാലി അടക്കമുള്ള സ്ഥലങ്ങളിലും മഴ തുടരുകയാണ്. നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. മണ്ണിടിച്ചിലില്‍ ചണ്ഡിഗഡ്-മണാലി ദേശീയ പാതയില്‍ തടസം നേരിട്ടു. ഉരുള്‍പൊട്ടലില്‍ ഹിമാചല്‍ പ്രദേശില്‍ രണ്ട് പേര്‍ മരിച്ചു. സോളന്‍, ഹാമിര്‍പൂര്‍ ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സോളനില്‍ മാത്രം പത്ത് വീടുകള്‍ തകര്‍ന്നു. സംസ്ഥാനത്ത് പത്ത് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. നാല് ട്രെയിനുകളുടെ യാത്രാ ദൂരം വെട്ടിക്കുറച്ചിട്ടുണ്ട്.

ഹിമാചല്‍പ്രദേശിലെ മണ്ഡി ജില്ലയിലെ ബാഗിപുള്‍ മേഖലയില്‍ വെള്ളപൊക്കമുണ്ടായി. മിന്നല്‍പ്രളയം ഉണ്ടാകുകയും ജലനിരപ്പ് ഉയരുകയുമായിരുന്നു. താഴ്ന്ന മേഖകളെല്ലാം തന്നെ വെള്ളത്തിനടിയിലായി. വിനോദ സഞ്ചാരികളും പ്രദേശവാസികളും ഉള്‍പ്പെടെ 200ലധികം ആളുകളാണ് ഇവിടെ കുടുങ്ങി കിടക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഇവിടെ രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

മേഖലയിലെ ആളുകളെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

‘മണ്ഡി ജില്ലയിലെ ബാഗിപുള്‍ മേഖലയിലെ പ്രഷാര്‍ നദിക്കരികെയാണ് വെള്ളപൊക്കമുണ്ടായത്. വിനോദ സഞ്ചാരികളും പ്രദേശവാസികളും ഉള്‍പ്പെടെ 200ലധികം ആളുകള്‍ ബഗി ബ്രിഡ്ജിന് സമീപമുള്ള മണ്ഡി പ്രഷാര്‍ റോഡില്‍ കുടുങ്ങി കിടക്കുകയാണ്,’ ഡി.എസ്.പി സഞ്ജീവ് സൂദ് എ.എന്‍.ഐയോട് പറഞ്ഞു. മേഖലയിലെ ആളുകളെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാണ്ഡിയിലെ ബഗി പാലത്തിന് സമീപം മേഘവിസ്‌ഫോടനവും വെള്ളപൊക്കവും ഉണ്ടായതിനെ തുടര്‍ന്ന് പരാശറിലേക്കുള്ള റോഡുകള്‍ അടച്ചതായും പൊലീസ് അറിയിച്ചു.

ചമ്പയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ബസും പരാശറില്‍ നിന്ന് മടങ്ങുകയായിരുന്ന നിരവധി വാഹനങ്ങളും ഇവിടെ കുടുങ്ങിയതായി പൊലീസ് പറഞ്ഞു. അവര്‍ക്ക് ഇന്നവിടെ തങ്ങാനുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയിട്ടുണ്ടെന്നും ഇന്ന് രാത്രി റോഡുകള്‍ തുറക്കാന്‍ സാധ്യതയില്ലെന്നും പൊലീസ് പറഞ്ഞു.

കമന്ദിന് സമീപമുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന റോഡ് നാളെ തുറക്കുമെന്നും പൊലീസ് അറിയിച്ചു. ‘മണ്ണിടിച്ചിലിനെ തുടര്‍ന്ന് മണ്ഡി-കുളു റോഡ് അടച്ചിരുന്നു. ഇത് നാളെ തുറക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ പൊലീസ് പറഞ്ഞു.

അടുത്ത 24 മണിക്കൂറിനുള്ളില്‍ വെള്ളപൊക്കസാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് ശനിയാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. അടുത്ത അഞ്ച് ദിവസത്തേക്ക് കാലാവസ്ഥ മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് നല്‍കിയിട്ടുണ്ട്.

Content Highlight: Cloudburst in himacharpradesh

We use cookies to give you the best possible experience. Learn more