ഹിമാചല്‍പ്രദേശില്‍ മേഘവിസ്‌ഫോടനം; ഏഴ് പേര്‍ മരിച്ചു
ഷിംല: ഹിമാചല്‍പ്രദേശിലെ സോളന്‍ ജില്ലയില്‍ മേഘവിസ്‌ഫോടനത്തില്‍ ഏഴ് പേര്‍ മരിച്ചു. അഞ്ച് പേരെ രക്ഷപ്പെടുത്തിയതായും ഒരാളെ കാണാനില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ട് വീടുകളും ഒരു ഗോശാലയും ഒലിച്ചുപോയതായി വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും നല്‍കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
‘സോളന്‍ ജില്ലയിലെ ജാഡോണില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തില്‍ 7 ജീവനുകള്‍ നഷ്ടപ്പെട്ടന്നെ് കേട്ടപ്പോള്‍ ഏറെ വേദന തോന്നി. ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നു. പ്രയാസമേറിയ ഈ സമയത്ത് നിങ്ങളുടെ ദുഖത്തിലും വേദനയിലും ഞങ്ങള്‍ പങ്കുചേരുന്നു,’ മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും അവധി നല്‍കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. നാശനഷ്ടങ്ങളെ കുറിച്ച് എല്ലാ ജില്ലാ കളക്ടര്‍മാരോടും സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കനത്ത മഴയുടെ പശ്ചാത്തതലത്തില്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ചീഫ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും ജില്ലാ കളക്ടര്‍മാര്‍ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്നും റോഡ്, വൈദ്യുതി, വെള്ളം എന്നിവക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് 14ന് ബി.എഡ്, ബിരുദ പരീക്ഷകള്‍ മാറ്റിവെച്ചതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. ചമ്പ, കാന്‍ഗ്ര, ഹമിര്‍പൂര്‍, മണ്ഡി, ബിലാസ്പൂര്‍, സോളന്‍, കുല്ലു, സിര്‍പൂര്‍ തുടങ്ങിയ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ജൂലൈ 24നാണ് ഹിമാചല്‍പ്രദേശില്‍ മഴക്കാലമാരംഭിച്ചത്. അധികൃതരുടെ കണക്കനുസരിച്ച് മണ്‍സൂണില്‍ 257 പേരാണ് മരിച്ചത്. 257 പേരില്‍ 66 പേര്‍ക്ക് മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുമാണ് ജീവന്‍ നഷ്ടപ്പെട്ടത്. റോഡ് അപകടങ്ങള്‍ മൂലവും മറ്റ് കാരണങ്ങളാലുമാണ് 191 പേര്‍ മരിച്ചത്. 32 പേരെ കാണാതാവുകയും 290 ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് അധികൃതര്‍ പറയുന്നു.
സംസ്ഥാനത്ത് 1,376 വീടുകളാണ് തകര്‍ന്നത്. 7,963 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മണ്‍സൂണില്‍ 270 കടകളും തകര്‍ന്നു. ഔദ്യോഗിക കണക്കനുസരിച്ച് സംസ്ഥാനത്ത് 90 ഉരുള്‍പൊട്ടലും 55 വെള്ളപൊക്ക സംഭവങ്ങളുമുണ്ടായി.
Content Highlights: Cloudburst at himachalpradesh; 7 people killed