ക്ലൗഡ് സീഡിംഗ് കേരളത്തിലേക്കും; കൃത്രിമ മഴയെകുറിച്ച് കൂടുതല്‍ അറിയാം
Opinion
ക്ലൗഡ് സീഡിംഗ് കേരളത്തിലേക്കും; കൃത്രിമ മഴയെകുറിച്ച് കൂടുതല്‍ അറിയാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th March 2017, 1:44 pm


ഹരിപ്രസാദ്.യു



സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കൃത്രിമ മഴയ്ക്ക് സാധ്യത തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്. ഇതിനു മുന്‍പ് 2005-ല്‍ പാലക്കാട് ജില്ലയില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ അന്നത്തെ ജില്ലാ കളക്ടര്‍ മുന്‍കൈയെടുത്തുവെങ്കിലും അന്നത് നടന്നിരുന്നില്ല. ജലക്ഷാമത്തിനൊപ്പം കാട്ടുതീ പോലുള്ള ഭീഷണികളും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇതിനെല്ലാം ഒരു പരിധി വരെയെങ്കിലും പരിഹാരമാകും എന്ന പ്രതീക്ഷയിലാണ് കേരളത്തില്‍ കൃത്രിമ മഴ എന്ന മാര്‍ഗത്തിന്റെ സാധ്യതകള്‍ തേടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. ഈ സാഹചര്യത്തില്‍ കൃത്രിമ മഴയെ കൂടുതലായി അറിയാം.

എന്താണ് കൃത്രിമ മഴ?

പേര് സൂചിപ്പിക്കുന്നത് പോലെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മഴ പെയ്യിക്കുന്നതാണ് കൃത്രിമ മഴ. “ക്ലൗഡ് സീഡിംഗ്” എന്നാണ് കൃത്രിമ മഴയ്ക്ക് പിന്നിലെ സാങ്കേതിക വിദ്യയുടെ പേര്. രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് കൃത്രിമ മഴ സാധ്യമാക്കുന്നത്.

ക്ലൗഡ് സീഡിംഗ്

കാലാവസ്ഥയില്‍ മാറ്റം വരുത്തുന്നതിന് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ക്ലൗഡ് സീഡിംഗ്. കൃത്രിമ മഴ, മൂടല്‍ മഞ്ഞ് കുറയ്ക്കുക, കൃത്രിമ മഞ്ഞ് ഉണ്ടാക്കുക എന്നിവയാണ് ക്ലൗഡ് സീഡിംഗ് ഉപയോഗിച്ച് ചെയ്യാവുന്ന കാര്യങ്ങള്‍. 1946-ല്‍ അമേരിക്കന്‍ ശാസ്ത്രജ്ഞനായ വിന്‍സെന്റ് ഷെയ്ഫറാണ് ആദ്യമായി ക്ലൗഡ് സീഡിംഗ് അവതരിപ്പിക്കുന്നത്.

മേഘങ്ങളില്‍ സ്വാഭാവികമായി നടക്കേണ്ട സൂക്ഷ്മ ഭൗതിക പ്രവര്‍ത്തനങ്ങള്‍ രാസവസ്തുക്കളുടെ സഹായത്തോടെ കൃത്രിമമായി സൃഷ്ടിക്കുകയാണ് ക്ലൗഡ് സീഡിംഗില്‍ ചെയ്യുന്നത്. സില്‍വര്‍ അയൊഡൈഡ്, പൊട്ടാത്സ്യം അയൊഡൈഡ് ഡ്രൈ ഐസ് (ഖര കാര്‍ബണ്‍ ഡൈ ഓക്സൈഡ്), ദ്രവീകൃത പ്രൊപൈന്‍ എന്നീ രാസവസ്തുക്കളാണ് ക്ലൗഡ് സീഡിംഗിനായി ഉപയോഗിക്കുന്നത്.

ചിതറിക്കിടക്കുന്ന മേഘങ്ങളെ ഒന്നിച്ച് കൂട്ടുകയാണ് ആദ്യം ചെയ്യുന്നത്. രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. കൃത്രിമ മഴ പെയ്യിക്കേണ്ട പ്രദേശത്തിനു മുകളിലായാണ് മേഘങ്ങളെ എത്തിക്കേണ്ടത്. തുടര്‍ന്ന് സില്‍വര്‍ അയൊഡൈഡ്, ഡ്രൈ ഐസ് എന്നിവ മേഘങ്ങള്‍ക്കിടയിലേക്ക് എത്തിച്ചാണ് ക്ലൗഡ് സീഡിംഗ് സാധ്യമാക്കുന്നത്. ഭൂമിയില്‍ നിന്നോ വിമാനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള റോക്കറ്റുകള്‍ ഉപയോഗിച്ചോ ക്ലൗഡ് സീഡിംഗ് നടത്താം.

മേഘങ്ങളിലെത്തുന്ന രാസവസ്തുക്കള്‍ അവിടെയുള്ള നീരാവിയെ ഘനീഭവിപ്പിച്ച് വെള്ളത്തുള്ളികളാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഭൂമിയില്‍ നിന്ന് 12,000 അടി ഉയരത്തിലുള്ള മേഘങ്ങളാണ് ക്ലൗഡ് സീഡിംഗിന് അനുയോജ്യമായത്. റഡാറുകള്‍ ഉപയോഗിച്ചാണ് അനുയോജ്യമായ മേഘങ്ങള്‍ കണ്ടെത്തുന്നത്.

ഇന്ത്യയില്‍

ഇന്ത്യയില്‍ ഇതിനു മുന്‍പ് തന്നെ ക്ലൗഡ് സീഡിംഗ് പരീക്ഷിച്ചിട്ടുണ്ട്. രൂക്ഷമായ വരള്‍ച്ചയെ തുടര്‍ന്ന് 1983-ലും, 1984 മുതല്‍ 1987 വരെയും, 1993 മുതല്‍ 1994 വരെയും തമിഴ്നാട് സര്‍ക്കാര്‍ ക്ലൗഡ് സീഡിംഗ് നടത്തിയിട്ടുണ്ട്. 2003-ലും 2004-ലും കര്‍ണാടക സര്‍ക്കാറും ഈ സാങ്കേതിക വിദ്യ പരീക്ഷിച്ചിട്ടുണ്ട്. ഇതേ വര്‍ഷത്തില്‍ തന്നെ അമേരിക്ക ആസ്ഥാനമായുള്ള വെതര്‍ മോഡിഫിക്കേഷന്‍ ഇന്‍കോര്‍പ്പറേറ്റഡ് എന്ന കമ്പനിയുടെ സഹായത്തോടെ മഹാരാഷ്ട്രയിലും ക്ലൗഡ് സീഡിംഗ് നടത്തി. ആന്ധ്രപ്രദേശിലെ 12 ജില്ലകളില്‍ കൃത്രിമ മഴയ്ക്കായുള്ള പദ്ധതികള്‍ കൊണ്ടുവന്നത് 2008-ലായിരുന്നു.