പുല്ലൂരാംപാറയിലെ ഉരുള്‍പൊട്ടലിന് കാരണം മേഘസ്‌ഫോടനം: വിദഗ്ധ സംഘം
Kerala
പുല്ലൂരാംപാറയിലെ ഉരുള്‍പൊട്ടലിന് കാരണം മേഘസ്‌ഫോടനം: വിദഗ്ധ സംഘം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th August 2012, 12:16 pm

കണ്ണൂര്‍: കഴിഞ്ഞ തിങ്കളാഴ്ച കണ്ണൂര്‍ ജില്ലയിലെ പുല്ലൂരാംപാറ, ആനക്കാംപൊയില്‍ എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിന് കാരണം മേഘസ്‌ഫോടനമാണെന്ന് വിദഗ്ധ സംഘം. സ്ഥലം സന്ദര്‍ശിച്ച ആര്‍ക്കിയോളജി സര്‍വ്വേ ഓഫ് ഇന്ത്യയുടെ പ്രതിനിധികളാണ് ഇക്കാര്യം അറിയിച്ചത് []
മൂന്ന് ഭാഗവും മലനിരകളാല്‍ ചുറ്റപ്പെട്ട പ്രദേശമാണിത്. ഇത് ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചെന്നും സംഘം വിലയിരുത്തി. മഴ ശക്തിയായി തുടരുകയാണെങ്കില്‍ ഇത്തരത്തില്‍ ഉരുള്‍പൊട്ടലുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ സീനിയര്‍ ജിയോളജിസ്റ്റ് ഡോ. സജിന്‍കുമാര്‍ പറഞ്ഞു.

ഈ പ്രദേശങ്ങളുടെ ഭൗമശാസ്ത്രപരമായ പ്രത്യേകതകളും പ്രദേശത്തിന്റെ ചരിവും വലിയ പാറകളുടെ സാന്നിധ്യവും ഒപ്പം കനത്തമഴയും കൂടിയായപ്പോള്‍ മലനിരകളൊന്നടങ്കം ഇടിഞ്ഞുവീഴുകയായിരുന്നെന്നും സംഘം അറിയിച്ചു.

വളരെ ചെറിയ സമയത്തിനുള്ളില്‍ ഒരു ചെറിയ പ്രദേശത്ത് പെയ്തിറങ്ങുന്ന അതിശക്തമായ മഴയെയാണ് മേഘസ്‌ഫോടനം എന്ന് പറയുന്നത്. പലപ്പോഴും മിനിറ്റുകള്‍ മാത്രം നീളുന്ന ഈ പ്രതിഭാസം വലിയ വെള്ളപ്പൊക്കങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും ഇടയാക്കാറുണ്ട്.