അഗര്‍ത്തല: ത്രിപുരയിലെ സി.പി.ഐ.എമ്മിന്റെ മുഖപത്രമായ ദേശര്‍കഥ നിര്‍ത്തലാക്കിക്കൊണ്ട് വെസ്റ്റ് ത്രിപുര ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് ഇറക്കിയ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ. പത്രം നാളെ മുതല്‍ അച്ചടി പുനരാരംഭിക്കും.
ഡെയ്‌ലി ദേശര്‍ കഥ ട്രസ്‌ററ് നല്‍കിയ ഹരജി പരിഗണിച്ച് ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയ് റോസ്തഗിയാണ് സ്‌റ്റേ വിധിച്ചത്. പത്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വെസ്റ്റ് ത്രിപുര ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റും കലക്റ്ററുമായ സന്ദീപ് മഹാത്മേ പത്രം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിറക്കുകയായിരുന്നു.
Also Read: റഫേല്‍; കേന്ദ്രത്തിന് വന്‍ തിരിച്ചടി; ഇടപാടുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും നല്‍കണമെന്ന് സുപ്രീം കോടതി
1978 മുതല്‍ പ്രവര്‍ത്തിക്കുന്ന പത്രം നിര്‍ത്തലാക്കിയ തീരുമാനം ത്രിപുരയിലെ ബി ജെ പി സര്‍ക്കാറിന്റെ നിര്‍ദ്ദേശത്തിലാണ് കലക്റ്റര്‍ നടപ്പിലാക്കിയതെന്ന് ഡി.ഡി.കെ.ടി കൗണ്‍സലായ ബികാഷ് രഞ്ജന്‍ പറഞ്ഞു. ഇത്തരം തെറ്റായ നടപടി സ്വീകരിച്ച് കലക്റ്റര്‍ക്കെതിരെ നടപടി ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അധികൃതരുടെ തെറ്റായ നടപടി മൂലം പത്രത്തിന്റെ സെര്‍ക്കുലേഷന്‍ 45000 ആയി കുറയുകയും, കുറഞ്ഞത് 1000 പേര്‍ക്കെങ്കിലും ജോലി നഷ്ടമാക്കുകയും ചെയ്‌തെന്ന് ഡി.ഡി.കെ.ടി ചെയര്‍മാന്‍ ഗൗതം ദാസ് പറഞ്ഞു.
കാര്യങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലാക്കാതെ പത്രത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി മെയില്‍ അയച്ച ഇന്ത്യയിലെ രജിസ്ട്രാര്‍ ഓഫ് ന്യൂസ് പേപ്പറിനെയും അദ്ദേഹം കുറ്റപ്പെടുത്തി..ഇന്ത്യയിലിങ്ങനെ ഒരു സംഭവം ആദ്യമായാണ് എന്നാണ് ദാസ് പറയുന്നത് .