| Thursday, 10th September 2020, 2:45 pm

രാമക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റില്‍ നിന്ന് ലക്ഷങ്ങളുടെ തട്ടിപ്പ്; പണം കവര്‍ന്നത് വ്യാജ ചെക്ക് ഉപയോഗിച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി രൂപീകരിച്ച ട്രസ്റ്റില്‍ നിന്നും വ്യാജചെക്ക് ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്.

ശ്രീരാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. രാമക്ഷേത്ര നിര്‍മാണത്തിനായുള്ള ഫണ്ട് നിക്ഷേപിച്ച അക്കൗണ്ടില്‍ നിന്നാണ് പണം പോയതെന്ന് പൊലീസ് അറിയിച്ചു.

അയോധ്യയിലെ രാം ക്ഷേത്ര നിര്‍മ്മാണത്തിനായി പണം സ്വരൂപിക്കുന്നതിനായി ശ്രീ രാം ജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റാണ് അക്കൗണ്ട് ആരംഭിച്ചത്.

ആറ് ലക്ഷം രൂപയാണ് നഷ്ടമായത്. വ്യാജ ചെക്ക് ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നതെന്ന് പൊലീസ് പറഞ്ഞു. 2.5 ലക്ഷം രൂപയും 3.5 ലക്ഷം രൂപയുമായി രണ്ട് തവണയായിട്ടാണ് പണം പിന്‍വലിച്ചതെന്ന് അയോധ്യ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ദീപക് കുമാര്‍ പറഞ്ഞു. ട്രസ്റ്റിന്റെ സെക്രട്ടറി ചമ്പത് റായിയുടെ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐ.പി.സി 419, 420, 467, 468 471 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പണം പിന്‍വലിച്ച അതേ സീരിയല്‍ നമ്പറുകളുടെ ഒറിജിനല്‍ ചെക്കുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ട്രസ്റ്റ് അധികൃതര്‍ അറിയിച്ചതായി പൊലീസ് പറഞ്ഞു.

ബുധനാഴ്ച ഉച്ചയ്ക്ക് ബാങ്കില്‍ നിന്ന് വെരിഫിക്കേഷന്‍ കോള്‍ ലഭിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. 9.86 ലക്ഷം രൂപ പിന്‍വലിക്കാനായി മൂന്നാമതും ചെക്ക് നല്‍കിയപ്പോഴായിരുന്നു തട്ടിപ്പ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ബാങ്കില്‍ സമര്‍പ്പിച്ച വ്യാജ ചെക്കുകളില്‍ ട്രസ്റ്റ് സെക്രട്ടറി റായിയുടെയും ട്രസ്റ്റിലെ മറ്റൊരു അംഗത്തിന്റെയും വ്യാജ ഒപ്പുകള്‍ ഇട്ടിരുന്നു.

സെപ്റ്റംബര്‍ 1, 3 തീയതികളിലാണ് മുന്‍പ് പണം പിന്‍വലിച്ചിരുന്നത്. പിന്‍വലിച്ച തുക പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

തട്ടിപ്പുകാരെയും ട്രസ്റ്റ് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ചോര്‍ത്തിയവരേയും കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയതായും പൊലീസ് അറിയിച്ചു.

രാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റ് വിഷയം ഗൗരവമായി പരിഗണിക്കുമെന്നും വ്യാജരേഖ ചമച്ച് പണം തട്ടിയ നടപടി ഗുരുതരമാണെന്നും വിശ്വ ഹിന്ദു പരിഷത്തിന്റെ പ്രാദേശിക വക്താവ് ശരദ് ശര്‍മ പറഞ്ഞു.

രാമക്ഷേത്ര നിര്‍മ്മാണത്തിനായി ബി.ജെ.പി ശേഖരിച്ച 1400 കോടി രൂപ കാണാനില്ലെന്ന് അയോധ്യ ക്ഷേത്ര പ്രസ്ഥാനത്തില്‍ ആദ്യം പങ്കെടുത്ത നേതാക്കള്‍ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. 1400 കോടി രൂപ ബി.ജെ.പി വിഴുങ്ങിയെന്നും ക്ഷേത്രനിര്‍മ്മാണത്തിന്റെ ക്രെഡിറ്റ് മോദി ഏറ്റെടുത്തെന്നുമായിരുന്നു നേതാക്കള്‍ ആരോപിച്ചത്.

അയോധ്യപ്രസ്ഥാനവുമായി ബന്ധപ്പെട്ട നിരവധി പേരുടെ നിഗൂഢ കൊലപാതകത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 9ന് അയോധ്യയിലെ ബാബരി മസ്ജിദ് ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ അനുകൂലിച്ച് സുപ്രീം കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു.

കഴിഞ്ഞ ആഗസ്റ്റിലാണ് രാമക്ഷേത്ര നിര്‍മാണത്തിന്റെ ശിലാന്യാസം നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight; cloned cheques used to withdraw money-from ram janmabhoomi teerth-kshetra trust account

We use cookies to give you the best possible experience. Learn more