| Monday, 20th May 2024, 8:36 am

ശബരിമല തീര്‍ത്ഥാടകര്‍ ഉപയോഗിക്കുന്ന ക്ലോക്ക്റൂം കരാറുകാരനെ ഭീഷണിപ്പെടുത്തി പണപ്പിരിവ്; ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പെരുനാട്: ശബരിമല തീര്‍ത്ഥാടകള്‍ ഉപയോഗിക്കുന്ന പമ്പയിലെ ക്ലോക്ക് റൂം കരാറുകാരനെ ഭീഷണിപ്പെടുത്തി പണം പിരിക്കാന്‍ ശ്രമിച്ച ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസ്. പെരുനാട് പഞ്ചായത്ത്‌ അംഗവും ബി.ജെ.പി റാന്നി മണ്ഡലം ജനറല്‍ സെക്രട്ടറി അരുണ്‍ അനിരുദ്ധന്‍, ബി.ജെ.പി റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്താന്‍ ശ്രമിച്ചത്.

25000 രൂപയാണ് കരാറുകാരനില്‍ നിന്ന് ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അദ്ദേഹം പണം നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ബി.ജെ.പി നേതാക്കള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു.

ബി.ജെ.പിയുടെ നേതൃത്വത്തില്‍ നേരത്തെയും ശബരിമല തീര്‍ത്ഥാടകര്‍ക്ക് പ്രയോജനപ്പെടുന്ന വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും ക്ലോക്ക്റൂം ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്ന കരാറുകാരില്‍ നിന്നും ഭീഷണിപ്പെടുത്തി പണം പിരിച്ചിരുന്നു. നേരത്തെ തൊടുപുഴയിലുള്ള ഒരു കരാറുകാരനില്‍ നിന്ന് പണം പിരിക്കാന്‍ ശ്രമിച്ചതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം റാന്നി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പമ്പക്ക് സമീപമുള്ള അട്ടത്തോട് ആദിവാസി കോളനിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കാനാണെന്ന് പറഞ്ഞാണ് പണപ്പിരിവ് നടത്താനുള്ള ശ്രമം നടത്തിയത്. ഇതേ ആവശ്യം പറഞ്ഞ് ദിവസങ്ങള്‍ക്ക് മുമ്പ് ശിവസേന ഭാരവാഹികളും പണപ്പിരിവിന് വന്നിരുന്നതായി പരാതി നല്‍കിയ ക്ലോക്ക് റൂം കരാറുകാരന്‍ പറഞ്ഞു. അവര്‍ക്കും പണം നല്‍കിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പി നേതാക്കളെത്തി ക്ലോക്ക് റൂം ജീവനക്കാരനെ ഭീഷണിപ്പെടുത്തുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പണം നല്‍കാതെ തിരിച്ചയച്ചതോടെ ബി.ജെ.പി നേതാക്കള്‍ ഇടപെട്ട് ഭക്തരെ തെറ്റിദ്ധരിപ്പിച്ച് ക്ലോക്ക്റൂം ജീവനക്കാരനെതിരെ പ്രതിഷേധം സംഘടിപ്പിച്ചെന്നും ആരോപണമുണ്ട്.

ക്ലോക്ക് റൂമിന് അധിക പണം ഈടാക്കുന്ന എന്ന് പറഞ്ഞ് ശബരിമല തീര്‍ത്ഥാടകര്‍ കഴിഞ്ഞ ദിവസം പ്രതിഷേധം സംഘടിപ്പിച്ചതിവ് പിന്നില്‍ പണം ലഭിക്കാത്ത ബി.ജെ.പി നേതാക്കളാണെന്നും ക്ലോക്ക് റൂം കരാറുകാരന്‍ ആരോപിക്കുന്നു.

content highlights; Cloakroom used by Sabarimala pilgrims extort money by threatening contractor; Case against BJP leaders

Latest Stories

We use cookies to give you the best possible experience. Learn more