ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോഡുകള്‍ തകര്‍ക്കാന്‍ വിരാട് കോഹ്‌ലിക്ക് കുറെയധികം സമയമുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ വെസ്റ്റ് ഇന്‍ഡീസ് നായകനും ലോകകപ്പ് ജേതാവുമായ ക്‌ളൈവ് ലോയ്ഡ്.
‘വിരാട് കോഹ്‌ലിയും വിവ് റിച്ചാര്‍ഡ്‌സും വ്യത്യസ്തമായ കഴിവുകളുള്ള ക്രിക്കറ്റ് താരങ്ങളാണ്. അവരെ തമ്മില്‍ ഒരിക്കലും താരതമ്യപ്പെടുത്താന്‍ കഴിയില്ല. വിരാട് കുറെയധികം കാലം ക്രിക്കറ്റ് കളിക്കും. അതുകൊണ്ടുതന്നെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നിരവധി റെക്കോഡുകള്‍ തകര്‍ക്കാന്‍ കോഹ്‌ലിക്ക് സാധിക്കും.
കോഹ്‌ലിക്ക് ധാരാളം കഴിവുമുണ്ട് സമയവുമുണ്ട്. എനിക്ക് ഈ കാലഘട്ടത്തെക്കുറിച്ച് അറിയില്ല എന്നാല്‍ അവന്‍ വളരെയധികം ചെറുപ്പക്കാരനാണ്. കോഹ്‌ലി ഇതേ മികച്ച പ്രകടനം ആവര്‍ത്തിക്കുകയാണെങ്കില്‍ ക്രിക്കറ്റില്‍ അവന് എന്തും നേടാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നു. അവന്‍ അത് നേടിയാല്‍ എനിക്ക് വളരെയധികം സന്തോഷമുള്ള ഒരു കാര്യമായിരിക്കും,’ ക്‌ളൈവ് ലോയ്ഡിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയില്‍ വെച്ച് നടന്ന കഴിഞ്ഞ ഐ.സി.സി ഏകദിന ലോകകപ്പില്‍ വിരാട് കോഹ്‌ലി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സെഞ്ച്വറികളുടെ റെക്കോഡ് നേട്ടം മറികടന്നിരുന്നു. സച്ചിന്‍ നേടിയ 49 ഏകദിന സെഞ്ച്വറികളുടെ തകര്‍പ്പന്‍ നേട്ടമായിരുന്നു വിരാട് മറികടന്നത്. 292 ഏകദിന മത്സരങ്ങളില്‍ നിന്നും 50 സെഞ്ച്വറികളാണ് കോഹ്‌ലി സ്വന്തം പേരിലാക്കി മാറ്റിയത്. അതേസമയം സച്ചിന്‍ 462 മത്സരങ്ങളില്‍ നിന്നുമാണ് 49 സെഞ്ച്വറികള്‍ നേടിയത്.
ടെസ്റ്റ് ക്രിക്കറ്റില്‍ 200 മത്സരങ്ങളില്‍ നിന്നും 51 സെഞ്ച്വറികളാണ് സച്ചിന്‍ നേടിയത്. മറുഭാഗത്ത് 113 മത്സരങ്ങളില്‍ നിന്നും 29 സെഞ്ചറികളുമാണ് കോഹ്‌ലി നേടിയത്. ഒരു ടി-20 സെഞ്ച്വറിയും വിരാടിന്റെ പേരിലുണ്ട്.
നിലവില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 100 സെഞ്ച്വറി എന്ന നേട്ടം മറികടക്കണമെങ്കില്‍ ഇനിയും 20 സെഞ്ച്വറികള്‍ കൂടി കോഹ്‌ലി നേടണം. കോഹ്‌ലിക്ക് ഇപ്പോള്‍ 35 വയസ്സാണുള്ളത് അതുകൊണ്ടുതന്നെ ഇനി മുന്നോട്ടുള്ള വര്‍ഷങ്ങളില്‍ ഈ റെക്കോഡ് തകര്‍ക്കപ്പെടുമോ എന്ന് കണ്ടു തന്നെ അറിയണം.