ഇറാന് ആണവ ശക്തിയുണ്ട്, അണുവായുധമില്ല
Dool Talk
ഇറാന് ആണവ ശക്തിയുണ്ട്, അണുവായുധമില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th June 2012, 1:31 am

 

ഫേസ് ടു ഫേസ്/ക്ലിന്റണ്‍ ബാസ്റ്റിന്‍

മൊഴിമാറ്റം:ജിന്‍സി ബാലകൃഷ്ണന്‍

അമേരിക്ക അക്രമണോത്സുകമായി നില്‍ക്കുന്ന ഒരു ലോകസാഹചര്യമാണ് ഇന്നുള്ളത്. ഏതു രാജ്യത്തിന്റെയും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയും  തങ്ങള്‍ക്ക് വഴങ്ങാത്ത രാജ്യങ്ങളുടെ മേല്‍ നേരിട്ടും പരോക്ഷമായും യുദ്ധം പ്രഖ്യാപിച്ചും അമേരിക്ക മുന്നോട്ട് പോകുന്നു. ഇന്നവര്‍ക്ക് എവിടെയും അധിനിവേശം നടത്താന്‍ യാതൊരു കാരണവും വേണ്ട. അതിന് നിരവധിയായ ഉദാഹരണങ്ങള്‍ നമ്മുടെ കണ്‍മുന്നിലുണ്ട്. ഇറാഖിനെ അവര്‍ ആക്രമിച്ചത്, അതിന്റെ ആഭ്യന്തര കാര്യങ്ങളിലൊക്കെ ഇടപെട്ട് അതിനെ തങ്ങളുടെ വരുതിയില്‍ കൊണ്ടുവന്നത് എന്നുവേണ്ട ധാരാളം ഉദാഹരണങ്ങള്‍. അറബ് രാഷ്ട്രങ്ങളില്‍ അമേരിക്കക്ക് പ്രേത്യേക കണ്ണുതന്നെയുണ്ട്. അവിടുത്തെ എണ്ണ ഊറ്റിയെടുക്കാന്‍ ഇവര്‍ എന്തു കള്ളവും പറയും. ഇറാനു മുകളിലും അമേരിക്കയുടെ ഈ കരി നിഴല്‍ വ്യാപിച്ചിരിക്കുകയാണ്. ആണവായുധം ഉണ്ട് എന്ന് ഇറാഖിനെ ആക്രമിക്കാന്‍ ഇവര്‍ ഉപയോഗിച്ച അതേ കരണം, ഇറാനുമേലും അമേരിക്ക ഉന്നയിക്കുന്നുണ്ട്. തെളിയിക്കപ്പെടാത്ത ഈ വാദഗതിയുടെ അടിസ്ഥാനത്തിലാണ് രാജ്യങ്ങളെ ഒന്നൊന്നായി അമേരിക്ക ആക്രമിക്കുന്നത്.

അമേരിക്കയുടെ ഈ നീക്കത്തെ വ്യക്തമായി തന്റെ കത്തുകളിലൂടെ ചോദ്യം ചെയ്ത വ്യക്തിയാണ് ക്ലിന്റണ്‍ ബാസ്റ്റിന്‍. അമേരിക്കയിലെ ആണവോര്‍ജ്ജ വിദഗ്ദ്ധനാണ് ബാസ്റ്റിന്‍. അമേരിക്കയുടെ അറ്റോമിക്ക് എനര്‍ജി കമ്മീഷനില്‍ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എനര്‍ജി ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ഫെഡറല്‍ എംപ്ലോയീസ് യൂണിയന്റെ പ്രസിഡന്റായും ബാസ്റ്റിന്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇറാനുമേലുള്ള അമേരിക്കയുടെ ആണവായുധ ഭീഷണിയെയും അതിന്റെ ഉള്ളുകള്ളികളെയും പറ്റി ട്വന്റി ഫസ്റ്റ് സെഞ്ച്വറി സയന്‍സ് ആന്റ് ടെക് മാസികയില്‍ നടത്തിയ അഭിമുഖമാണിത്.

ആണവോര്‍ജ്ജമേഖലയില്‍ വളരെയധികം പരിജ്ഞാനമുള്ള ഒരു വ്യക്തിയെന്ന നിലയില്‍ താങ്കള്‍ ഉറപ്പിച്ചു പറയുന്നു ഭീഷണി സൃഷ്ടിക്കത്തക്ക വിധത്തിലുള്ള യാതൊരു ആയുധവും ഇറാന്റെ പക്കലില്ലെന്ന്. ഇറാന്റെ ആണവോര്‍ജ്ജ പദ്ധതികളെക്കുറിച്ചുള്ള നിങ്ങളുടെ വിലയിരുത്തല്‍ എന്താണ്?

ഇതൊരു ആണവോര്‍ജ്ജ പദ്ധതിയാണ്. 1970കളില്‍ മുഴുവനായും ആണവോര്‍ജ്ജം ഉപയോഗിക്കാന്‍ ഇറാന്‍ പ്രതിജ്ഞാബദ്ധമായിരുന്നു. ആ സമയത്ത് അമേരിക്കയുമായി അഞ്ച് ആണവോര്‍ജ്ജ നിലയങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍ പുനഃസംസ്‌കരണ സാങ്കേതികവിദ്യ ഇറാന് അമേരിക്ക വാഗ്ദാനം ചെയ്‌തെങ്കിലും പിന്നീട് അവര്‍ അത് നിഷേധിച്ചു. ഇതിന്റെ ഫലമായി അമേരിക്കയുടെ ആണവോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കാനുള്ള നീക്കം ഇറാന്‍ ഉപേക്ഷിക്കുകയും വിപ്ലവ സമയത്ത് റദ്ദാക്കിയ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷെ ഇറാന്‍ ഇത് നിര്‍ത്തിവെയ്ക്കുകയും ആണവോര്‍ജ്ജത്തിന്റെ കാര്യത്തില്‍ വ്യാപൃതരാവുകയും ചെയ്തു. പ്രവര്‍ത്തനമാരംഭിക്കാനിരിക്കുന്ന ഇറാന്റെ ആണവനിലയം റഷ്യ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്.

പുനഃസംസ്‌കരണത്തില്‍ നിന്ന് പിന്മാറിയതോടെ മറ്റുള്ളവരെ ആശ്രയിക്കാന്‍ ഇറാന് അതൃപ്തിയായി. അതിനാല്‍ ആണവോര്‍ജ്ജത്തിന് അത്യാവശ്യമായ യുറേനിയം സ്വയം സംപുഷ്ടീകരിക്കാനും തീരുമാനിച്ചു. അതാണ് അവര്‍ ചെയ്യുന്നത്. അവരുടെ റിയാക്ടര്‍ യു.എസ് മോഡല്‍ ലൈറ്റ് വാട്ടര്‍ റിയാക്ടറാണ്. വിജയകരമായി റഷ്യ ഇത് നിര്‍മ്മിക്കാന്‍ തുടങ്ങുകയും ചെയ്തു. അത് നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.

ഗ്യാസ് സെന്‍ട്രിഫ്യൂജുകള്‍ നല്‍കുന്നത് പാക്കിസ്ഥാനാണെന്നാണ് എന്റെ വിശ്വാസം. അതിന് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍ അറ്റോമിക് എനര്‍ജി കമ്മീഷന്റെ സ്റ്റിയറിംഗ് കമ്മിറ്റിയംഗമായിരുന്നു. അതിനാല്‍ എനിക്കറിയാം അവ വളരെ ലോലമാണ്, വന്‍ ഊര്‍ജ്ജത്തിലാണ് അവ പ്രവര്‍ത്തിക്കുന്നത്, പലപ്പോഴും തകരാറുകളുമുണ്ട്.

കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്തതല്ല മറിച്ച് സെന്‍ട്രിഫ്യൂജുമായി ബന്ധപ്പെട്ടതാണ് പ്രശ്‌നങ്ങളെന്നാണ് ഞാന്‍ സംശയിക്കുന്നത്. ഒസിരിസ് എന്ന ഫ്രഞ്ച് നിര്‍മിത റിയാക്ടറും ഇറാന് സ്വന്തമായുണ്ട്. മറ്റുള്ളവരില്‍ നിന്ന് ലഭിക്കുന്ന 20% സംപുഷ്ടീകരിച്ച യുറേനിയമാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഇത് സ്വന്തമായി ഉണ്ടാക്കിയെടുക്കണമെന്നാണ് അവരുടെ ആഗ്രഹം. 20% സംപുഷ്ടീകരിച്ച യുറേനിയം ആണവായുധങ്ങളുടെ ഘടകമല്ല. ആയുധങ്ങളുടെ ഘടകമായി ഉപയോഗിക്കുന്നത് 90% സംപുഷ്ടീകരിച്ച യുറേനിയമാണ്.  ഇതില്‍ നിന്നും നിങ്ങള്‍ക്കൊരു ആയുധം നിര്‍മ്മിക്കാന്‍ കഴിയുമെന്ന് ഡേവിഡ് ആല്‍ബ്രൈറ്റ് അവകാശപ്പെടുന്നു, എന്നാല്‍ അത് അവിശ്വസനീയവും യുക്തിരഹിതവുമാണ്.

 20% സംപുഷ്ടീകരിച്ച യുറേനിയത്തില്‍ നിന്നും ഒരു ആയുധം ഉണ്ടാക്കാനാവുമെന്നാണോ അദ്ദേഹം അവകാശപ്പെടുന്നത്?

സൈദ്ധാന്തികമായി അതിന് കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്. പക്ഷെ അങ്ങനെ കഴിയില്ല എന്നതാണ് വാസ്തവം.  ഒരു തോക്കിന്റെ അത്രയുള്ള ആയുധത്തിന് പോലും സംപുഷ്ടീകരിച്ച ടണ്‍ കണക്കിന് യുറേനിയം വേണം. എന്തായാലും ഈ സാഹചര്യത്തില്‍ അതിനെക്കുറിച്ചല്ല ആശങ്കപ്പെടേണ്ടത്. ബോംബുണ്ടാക്കാന്‍ നിലവിലെ സാഹചര്യം വെച്ച് ഇറാന്‍ യുറേനിയം വീണ്ടും സംപുഷ്ടീകരിക്കണം. മാത്രവുമല്ല, അവര്‍ വീണ്ടും സംപുഷ്ടീകരിക്കുന്നത് പൂര്‍ത്തിയാക്കിയാല്‍ തന്നെ അവര്‍ക്ക് വാതകത്തെ ലോഹമാക്കി മാറ്റേണ്ടി വരും. ഇങ്ങനെ ചെയ്യാനുള്ള സംവിധാനം ഇറാന്റെ പക്കലില്ല. അതിന് വര്‍ഷങ്ങളെടുക്കും. വളരെ പ്രധാനപ്പെട്ട ഒരു കാര്യം എന്താണെന്നുവെച്ചാല്‍ യുറേനിയം വീണ്ടും സംപുഷ്ടീകരിക്കാനുള്ള ഏന്തെങ്കിലുമൊരു ശ്രമം ഇറാന്റെ ഭാഗത്തുനിന്നുണ്ടായാല്‍ അവര്‍ എളുപ്പം പിടിക്കപ്പെടും. ഗ്യാസ് സെന്‍ട്രിഫ്യൂജ് സംവിധാനം വഴി ഇത് എളുപ്പം കണ്ടെത്താനാകും.

ഐ.എ.ഇ.എ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് എളുപ്പം കണ്ടെത്താനാകുമെന്നാണോ നിങ്ങള്‍ ഉദ്ദേശിച്ചത്?

അതെ. അവര്‍ ഇക്കാര്യത്തില്‍ പ്രഗത്ഭരാണ്. അവരെ സംബന്ധിച്ച് അത് ചെയ്യേണ്ടതുമാണ്. ആരെങ്കിലും ആയുധങ്ങള്‍ നിര്‍മ്മിച്ചുകൂട്ടുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനുള്ള ഏകവഴിയും അതാണ്. ഇതില്‍ കൂടുതല്‍ ഇതിനെക്കുറിച്ച് എന്തെങ്കിലും പറയുന്നത് അസംബന്ധമാണ്. ഇത് നേരത്തെ തന്നെ മനസിലാക്കിയ ആളാണ് ഐ.എ.ഇ.എ ഡയറക്ടര്‍ ജനറല്‍ അല്‍ബരാദി. ഞങ്ങള്‍ തമ്മില്‍ നടന്ന സംഭാഷണത്തില്‍ ഇറാന്റെ ആണവോര്‍ജ്ജ പദ്ധതിയില്‍ നിന്നും യാതൊരു ഭീഷണിയുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതുമാണ്.

ഇറാന്റെ ആണവോര്‍ജ്ജ പദ്ധതിയെക്കുറിച്ചുള്ള ഐ.എ.ഇ.എ റിപ്പോര്‍ട്ടിലെ അവകാശ വാദങ്ങള്‍ അയോഗ്യമാണെന്ന് താങ്കള്‍ വിമര്‍ശിച്ചല്ലോ. ഇതിന് ചില ഉദാഹരണങ്ങള്‍ നല്‍കാന്‍ കഴിയുമോ?

ശരിയാണ്. വിമര്‍ശനം ശരിയായരീതിയില്‍ തന്നെയാണ്. ഐ.എ.ഇ.എ ഡയറക്ടര്‍ ജനറല്‍ ഒരു രാഷ്ട്രീയക്കാരനാണെന്നാണ് എനിക്ക് തോന്നുന്നത്, കൃത്യമായി അറിയില്ല. അദ്ദേഹത്തെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അദ്ദേഹത്തിന് രാഷ്ട്രീയക്കാരുമായി ഒരുപാട് സാമ്യമുള്ളതുപോലെ തോന്നി. എനര്‍ജി ഡിപ്പാര്‍ട്ട്‌മെന്റിലുള്ളവരെ പോലെ ചലര്‍ വരുന്നു. അവര്‍ ആളുകള്‍ പറയുന്നത് മുഴുവനും സ്വീകരിക്കുകയുമാണെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹം ഉള്ളിലേയ്ക്ക വരുന്നു. എന്നിട്ട് ആ ഇന്‍സ്‌പെക്ടര്‍മാര്‍ പറയുന്നതൊക്കെ അവര്‍ നേരിട്ട് കണ്ട കാര്യങ്ങളാണെന്ന് വിശ്വസിക്കുന്നു. വാസ്തവത്തില്‍ അവര്‍ അത് നേരിട്ട് കണ്ടിട്ടൊന്നുമില്ല. അണവോര്‍ജ്ജ നിര്‍മാണം സംബന്ധിച്ച് സത്യത്തില്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഒന്നും തന്നെ അറിയില്ല. പക്ഷെ അവരുടെ കയ്യില്‍ കെമിക്കല്‍ എഞ്ചിനിയറിംഗ് പോലുള്ള പദ്ധതികള്‍ക്ക് ഉപയോഗിക്കുന്ന തരത്തിലുള്ള സാധാരണ സാധനങ്ങളുടെ ലിസ്റ്റുണ്ടാവും.
ഇനി ചിത്രങ്ങളെ പറ്റി പറയാം:

എനിക്കുറപ്പുള്ള ഒരു കാര്യം ഇക്കാര്യങ്ങളിലെല്ലാം വ്യാകുലരായ ആളുകള്‍ ഇറാനില്‍ ഉണ്ട്. നിങ്ങള്‍ക്കറിയാമല്ലോ ഒരു രാജ്യമെന്ന നിലയില്‍ ഒരുപാട് പ്രശ്‌നങ്ങളെ ഇറാന്‍ അഭിമുഖീകരിക്കുന്നുണ്ട്. അവിടെയുമിവിടെയും ചില രീതിയിലുള്ള ശല്യങ്ങള്‍ ഉണ്ടാക്കുന്നവരാണ് ഈ ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്.
ഒരു ആയുധ പദ്ധതിക്കുവേണ്ടിയുള്ള ചിത്രങ്ങള്‍: എല്ലാ ആയുധങ്ങള്‍ക്കും വേണ്ടിയുള്ള ആണവോര്‍ജ്ജ കമ്മീഷന്റെ എല്ലാ ചിത്രങ്ങളും എന്റെ കൈവശമുണ്ട്. ഇന്‍സ്‌പെക്ടര്‍മാര്‍ കണ്ടുവെന്ന് പറയുന്ന ചിത്രങ്ങള്‍ ആരോ കളിപ്പിച്ചതാണ്.

അപ്പോള്‍ താങ്കള്‍ പറയുന്നത് ഇന്‍സ്‌പെക്ടര്‍മാര്‍ കണ്ട ചിത്രങ്ങളെ പോലുള്ളവ നിര്‍മിക്കുന്ന ആള്‍ക്കാര്‍ ഇറാനില്‍ ഉണ്ടെന്നാണോ? അപ്പോള്‍ ആ ചിത്രങ്ങള്‍ കേവലം കെട്ടിച്ചമച്ചവയാണെന്നാണോ?

അതെ. ചില ശാസ്ത്രജ്ഞന്‍മാര്‍ പരക്കെ കളിക്കുന്നുണ്ട്. അതും വളരെ റിയലിസ്റ്റിക്കായി. ഒരു മിസൈല്‍ രൂപത്തിലുള്ള (ഹൈപ്പോതെറ്റിക്കല്‍ ആയ) ആണവായുധ നിര്‍മ്മിക്കാനുള്ള ചിത്രങ്ങള്‍ വാസ്തവത്തില്‍ യഥാര്‍ത്ഥത്തിലുള്ളവയല്ല. അമേരിക്കയിലെ ആണവായുധങ്ങളുടെ, അതും മിസൈലുകളുമായി ബന്ധപ്പെടുത്താവുന്ന അമേരിക്കന്‍ ആയുധങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഏതു തരത്തിലുള്ള ആയുധങ്ങളാണ് അവയെന്ന് നിങ്ങള്‍ അറിയേണ്ടതാവശ്യമാണ്.

അത്തരം ആയുധങ്ങള്‍ എങ്ങനെയുള്ളതാണെന്ന് നിങ്ങള്‍ക്കറിയില്ലെങ്കില്‍ നിങ്ങള്‍ക്ക് ശരിയാം വിധമുള്ള ഒരു ഹൈപോതെറ്റിക്കല്‍ ആയുധം നിര്‍മിക്കാനോ അതിനെ പ്രവര്‍ത്തിപ്പിക്കനോ എന്തിനേറെ ഒരു ശരിയായ മിസൈല്‍ തന്നെ പ്രവര്‍ത്തിപ്പിക്കാനോ ആവില്ല. അതുകൊണ്ട് അക്കാര്യങ്ങളെല്ലാം തന്നെ തികഞ്ഞ വിഡ്ഢിത്തരമാണ്. അവര്‍ അജ്ഞരാണെന്നു പറഞ്ഞാല്‍ അത് കുറഞ്ഞുപോകും.

സാധാരണയുണ്ടാവുന്ന ഐ.എ.ഇ.എയില്‍ നിന്നും സംഭവിക്കുന്നവയില്‍ നിന്നും വ്യത്യസ്തമാണോ ഇപ്പോള്‍ അവിടെ നടക്കുന്നത്? ഇതിലുള്ള പരിശോധകര്‍ക്ക് മുമ്പുള്ളവര്‍ക്ക് ലഭിച്ചത്ര പരിശീലം ലഭിക്കുന്നില്ലേ?

ആണവവസ്തുക്കളെ രൂപമാറ്റം വരുത്തുന്നതിലാണ് അവര്‍ക്ക് പരിശീലനം ലഭിച്ചിരിക്കുന്നത്. അതാണ് അവര്‍ ചെയ്യുന്നതും. ഇപ്പോള്‍ ചില കാര്യങ്ങള്‍ നോക്കാനും അവരെ ഏല്‍പ്പിച്ചിട്ടുണ്ട്. അതിലൊന്നാണ് യുദ്ധസാമഗ്രികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ ആണവായുധങ്ങളെപ്പറ്റി അറിയാവുന്ന ആരും ഐ.എ.ഇ.എയിലില്ല. അവര്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കാറില്ല. ഒരുപാട്തവണ ഞാന്‍ ഐ.എ.ഇ.എയിലുണ്ടായിരുന്നു ആണവായുധങ്ങളെക്കുറിച്ച് എന്തെങ്കിലും അറിയുന്ന ഒരാളെപ്പോലും ഞാനവിടെ കണ്ടിട്ടില്ല.

അതും വാഷിംഗ്ടണ്‍ ഡിസിയിലെ ഒരു പ്രശ്‌നമാണ്. കഴിഞ്ഞ 25 വര്‍ഷക്കാലം ഞാനവിടെയുണ്ടായിരുന്നു, സര്‍ക്കാര്‍ ഏജന്‍സികളും മറ്റ് കമ്മിറ്റികളിലും ആണവായുധങ്ങളെപ്പറ്റി സംസാരിക്കുമ്പോള്‍ ഞാനെന്താണ് പറയുന്നതെന്ന് ആര്‍ക്കും മനസ്സിലാവാറില്ല. ചിലപ്പോള്‍ അത് ഏറെ രസകരവുമാകാറുണ്ട്. ഇന്ത്യയിലെ ആണവ പദ്ധതി സംബന്ധിച്ച ആശങ്കകള്‍ പരിശോധിക്കുന്ന സംഘത്തിനൊപ്പം ഞാന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനെ കാണാന്‍ പോയി. എന്നോട് ഇന്ത്യയില്‍ പോയി കാര്യങ്ങള്‍ അന്വേഷിച്ച് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പറഞ്ഞു. നിരായുധീകരണ ഏജന്‍സിയിലെ പ്രതിനിധികള്‍ പറഞ്ഞു, “നാല് വര്‍ഷമായി ഞങ്ങളീ പ്രശ്‌നം പരിശോധിച്ചുവരികയാണ്. ഞങ്ങള്‍ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് ഇപ്പോഴാണ് മനസിലായതെന്ന് തോന്നുന്നു.”

യു.എസിലെ സത്യാവസ്ഥ അതാണ്. യു.എന്നിലെ സത്യാവസ്ഥ അതാണ്. എല്ലായിടത്തുമുള്ള സത്യാവസ്ഥയും അതാണ്. റഷ്യയും ചൈനയും ഒഴികെ. റഷ്യയിലെ ആണവോര്‍ജ്ജ മന്ത്രിയുമായും മറ്റ് ചില നേതാക്കളുമായും ഞാന്‍ ഒരാഴ്ച ചിലവഴിച്ചിരുന്നു.  അവരെന്താണ് കൈകാര്യം ചെയ്യുന്നതെന്നതിനെക്കുറിച്ച് അവര്‍ക്ക് കുറേക്കൂടി അറിവുള്ളതായി തോന്നിയിട്ടുണ്ട്. ചൈനയിലും അങ്ങനെ തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്. എന്നാല്‍ ഞങ്ങളുടെ സിസ്റ്റം പ്രവര്‍ത്തനരഹിതമാണ്. നിങ്ങള്‍ക്കറിയാമോ ആണവോര്‍ജ്ജ ഡിപ്പാര്‍ട്ട്‌മെന്റിന് ആണവസാമഗ്രികള്‍ നിര്‍മ്മിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടു, കാരണം അവര്‍ക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ല. ഇത് തീര്‍ത്തും ഭയാനകമാണ്.

അതത്ര സുഖകരമല്ലല്ലോ?

അതെ, ഞാന്‍ ശ്രദ്ധിച്ച പല രാജ്യങ്ങളില്‍ ഒന്നാണ് ഇറാന്‍. അവരെ ആരെങ്കിലും ആക്രമിക്കുകയാണെങ്കില്‍ ഇതിന് ഭീതിജനകമായ ഒരു പരിണിതഫലം ഉണ്ടാക്കാനാകുമെന്നുള്ളതിനാല്‍ എനിക്ക് ഇതില്‍ വലിയ താല്‍പര്യവുമാണ്.

തീര്‍ച്ചയായും. താങ്കള്‍ ഇറാന്റെ ആണവോര്‍ജ്ജങ്ങളെപ്പറ്റി ഇസ്രായേലി പ്രധാനമന്ത്രി നെതന്യാഹുവിന് വിശദമായൊരു കത്ത് എഴുതിയിട്ടുണ്ട്. അതിന് എന്തെങ്കിലും മറുപടിയുണ്ടായോ?

അതെ. ഇത് ഞാന്‍ വിശദീകരിക്കാം. മൂന്ന് വര്‍ഷം മുമ്പ് അറ്റ്‌ലാന്റയിലെ ഇസ്രായേല്‍ കൗണ്‍സല്‍ ജനറലുമായി ഞാന്‍ ചര്‍ച്ച ആരംഭിച്ചു. ഞാന്‍ ഒരു ഇമെയില്‍ അദ്ദേഹത്തിനയക്കുകയും 2009 മാര്‍ച്ചില്‍ ഞങ്ങള്‍ വിശദമായ ചര്‍ച്ച ആരംഭിക്കുകയും ചെയ്തു.  എനിക്കറിയാം ഞാന്‍ പറയുന്ന എല്ലാം ടെല്‍ അവിവിലെത്തുമെന്നു (Tel Aviv).  കൂടാതെ എനിക്ക് 100% ഉറപ്പിച്ചുപറയാനാവും ഞാനെന്തിനെക്കുറിച്ചാണ് പറയുന്നതെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നെന്ന് .

ചില വിവരങ്ങള്‍ ഞാന്‍ പ്രസിഡന്റ് ഒബാമയ്ക്ക് കൈമാറി. എന്നെ കാണണമെന്നറിയിച്ച് അറ്റ്‌ലാന്റയിലെ എഫ്.ബി.ഐ ഓഫീസില്‍ നിന്നും എനിക്കൊരു ഫോണ്‍കോള്‍ വന്നു. ഞാന്‍ നല്‍കിയ വിവരങ്ങള്‍ മൂല്യമുള്ളതാണോ എന്ന് പരിശോധിക്കുന്നതിനായി എഫ്.ബി.ഐ വെപ്പണ്‍സ് ഓഫ് മാസ് ഡിസ്ട്രക്ഷന്‍ യൂണിറ്റിലേക്ക് പോകാന്‍ വൈറ്റ് ഹൗസ് എന്നോട് നിര്‍ദ്ദേശിച്ചു. കൗണ്‍സല്‍ ജനറലുമായുള്ള എന്റെ കൂടിക്കാഴ്ചയ്ക്കുശേഷം ഇറാനിലെ അഹമ്മദി നെജാദിന് നെതന്യാഹു എഴുതിയ ഒരു പ്രസ്താവനയുണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിറ്റ്‌ലര്‍ ചെയ്തതുപോലെ  ജൂതന്‍മാരെ കൊല്ലാന്‍ വേണ്ടിയുള്ളതായിരുന്നു ഇറാന്റെ ആണവപദ്ധതികള്‍ എന്നായിരുന്നു അതില്‍.

രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മ്മനിക്ക് ആണവായുധ പദ്ധതിയുണ്ടായിരുന്നില്ലെന്ന് കാണിച്ച് ഞാന്‍ നെതന്യാഹുവിനൊരു ഇമെയില്‍ അയച്ചു. അവര്‍ക്കൊരു ആണവപദ്ധതിയുണ്ടായിരുന്നു. എന്നാല്‍ അണുവിസ്‌ഫോടനം എന്ന ആശയത്തെക്കുറിച്ച് അവരുടെ ശാസ്ത്രജ്ഞര്‍ ചിന്തിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. ജര്‍മ്മനിയുടെ ആണവപദ്ധതികള്‍ നിരീക്ഷിക്കാനായി അലോസിനുവേണ്ടി പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞന്‍ സാമുവല്‍ ഗോഡ്‌സ്മിത്ത് എഴുതിയ പുസ്തകം ഉദ്ധരിച്ചായിരുന്നു അത്. അമേരിക്കയുടെ ആണവായുധങ്ങളെപ്പറ്റി ജര്‍മ്മനി മനസിലാക്കിയപ്പോള്‍ അവര്‍ ഞെട്ടിപ്പോയി. തങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാതിരുന്ന പല കാര്യങ്ങളുമാണ് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞിരിക്കുന്നത്. നല്ലൊരു പുസ്തകമായിരുന്നു അത്.

“നിങ്ങളുടെ ഇമെയില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ലഭിച്ചതായി ഞങ്ങള്‍ നിങ്ങളെ അറിയിക്കുന്നു. അതിലെ ഉള്ളടക്കം പരിശോധിക്കും.” പ്രധാനമന്ത്രി നെതന്യാഹുവിന് ഞാന്‍ നല്‍കിയ വിവരങ്ങളോടുള്ള പ്രതികരണമിതായിരുന്നു. അവര്‍ എന്തെങ്കിലും ചെയ്യാന്‍ പോകുന്നതായി പറഞ്ഞില്ല, പക്ഷെ ഞാന്‍ ഓര്‍ക്കുന്നു, ആ ഒരു സന്ദേശത്തിനുശേഷം ഞാന്‍ വൈറ്റ് ഹൗസില്‍ നിന്നും കേട്ടകാര്യം, ഭീഷണിയുണ്ടാക്കുന്ന കാര്യങ്ങള്‍ ഇസ്രായേല്‍ അവസാനിപ്പിച്ചിരിക്കുന്നു. ഗ്യാസ് സെന്‍ട്രിഫ്യൂജുകളിലെ പ്രശ്നം കാരണമാണിതെന്നാണ് വൈറ്റ് ഹൗസ് നല്‍കിയ വിവരം. പക്ഷെ എനിക്ക് തോന്നുന്നത് ഞാന്‍ നല്‍കിയ വിവരങ്ങള്‍ കൃത്യമാണെന്ന് അവര്‍ക്ക് തോന്നിയതുകൊണ്ടാവാം.

ഞാന്‍ ജോര്‍ജിയയിലെ സെനറ്റര്‍മാര്‍ക്ക് എഴുതിയിരുന്നു. ഇറാന് ആണവായുധം നിര്‍മ്മിക്കാന്‍ കഴിയുമോയെന്നതില്‍ ചില വിലപ്പെട്ട വിവരങ്ങള്‍ എനിക്ക് അവരില്‍ നിന്നും ലഭിച്ചു. ഇന്‍സ്‌പെക്ടര്‍മാര്‍ പറയുന്ന എല്ലാ കാര്യങ്ങളും അവര്‍ ഉദാഹരിച്ചു. അല്‍ബരാദി അവിടെയുണ്ടായിരുന്നപ്പോള്‍ അവരോട് പറഞ്ഞ എല്ലാ കാര്യങ്ങളും ഐ.എ.ഇ.എ ഇന്‍സ്‌പെക്ടര്‍മാര്‍ പറയുന്നുണ്ടായിരുന്നു. എന്നാല്‍ ഇതിലൊന്നും ഒരുകാര്യവുമില്ലെന്ന് അല്‍ബരാദി തിരിച്ചറിഞ്ഞു.

ഈ സാഹചര്യങ്ങളെപ്പറ്റി അല്‍ബരാദി നന്നായി മനസിലാക്കിയിരുന്നു എന്നാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്?

ഈ സാഹചര്യത്തിന്റെ സത്യാവസ്ഥയെക്കുറിച്ച് അദ്ദേഹത്തിന് നല്ല ധാരണയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സമീപനം എനിക്കിഷ്ടമായി. അദ്ദേഹത്തിന് നോബല്‍ സമ്മാനം ലഭിച്ചു. ഊര്‍ജജ ഡിപ്പാര്‍ട്ട്‌മെന്റിലെ യൂണിയന്‍ പ്രസിഡന്റായിരുന്ന ഞാന്‍ ഊര്‍ജ്ജ സെക്രട്ടറിമാരുമായി സംസാരിക്കാറുണ്ടായിരുന്നു.  പലരും മുന്നോട്ട് പോയത്,  ഒന്നും അറിയാത്തവരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. പക്ഷെ യഥാര്‍ത്ഥ വിവരങ്ങള്‍ ലഭിക്കണമെന്ന താല്‍പര്യം അവര്‍ക്കുണ്ടായിരുന്നു. അതിലൊരാളാണ് അല്‍ബെരാദിയെന്നാണ് ഞാന്‍ കരുതുന്നത്.

ഒന്നും അറിയാത്തവര്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാതിരിക്കുകയെന്നത് നല്ല കാര്യമാണ്. ഒരു പ്രധാന കാര്യം ശ്രദ്ധിക്കേണ്ടത് താങ്കള്‍ പറയുന്നത് പത്രപ്രവര്‍ത്തകര്‍ ഉദ്ധരിക്കുന്ന ആള്‍ക്കാരൊന്നും തന്നെ ആണവായുദ്ധത്തില്‍ പ്രഗ്ത്ഭരായിട്ടുള്ളവരല്ല. ചില അജണ്ടകളോടുകൂടിയ വ്യക്തികള്‍ മാത്രമാണെന്നാണ്. വിശിഷ്യ ഡേവിഡ് ആല്‍ബ്രൈറ്റിനെ പോലെയുള്ളവര്‍.

ഡേവിഡ് ആല്‍ബ്രൈറ്റ്, അദ്ദേഹത്തിന്റെ സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സയന്‍സ് ആന്റ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി: എനിക്ക് അദ്ദേഹത്തെ അറിയാം. അദ്ദേഹത്തിനൊരു അജണ്ഡയുണ്ടെന്നും അറിയാം. ഇക്കാര്യം ശ്രദ്ധിക്കാന്‍ എനിക്ക് നല്ല താല്‍പര്യമായിരുന്നു.

വിദഗ്ധരെന്ന് പറയുന്ന ആളുകള്‍ കാരണം ജനങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ സാധ്യതയുള്ള സാങ്കേതിക മേഖലകള്‍ ഏതൊക്കെയാണ്?

വാതകം ഉപയോഗിച്ച് ഒരു ആണവായുധം ഉണ്ടാക്കാനാവില്ലെന്ന് തിരിച്ചറിയുന്നതിലുണ്ടായ പരാജയമാണ് എനിക്ക് എടുത്തുപറയാനുള്ളത്.  സമീപത്തുനില്‍ക്കുന്ന ആളുടെ ജീവന്‍ പോലും നഷ്ടപ്പെട്ടേക്കാവുന്നത്രയും അപകടമുണ്ടാവാന്‍ സാധ്യതയുള്ള ബുദ്ധിമുട്ടേറിയതും അപകടകരവുമായ പ്രവര്‍ത്തനത്തിലൂടെമാത്രമേ വാതകത്തെ ലോഹമായി മാറ്റാന്‍ കഴിയൂ.

ഇതുപോലൊരു പ്രവര്‍ത്തനം നടത്തിയ മുന്‍പരിചയം ഇറാനില്ല. ഇത് നടത്താനുള്ള സാങ്കേതിക വിദ്യയുമില്ല. ഉഗ്രസ്‌ഫോടനശേഷിയുള്ള ലോഹഘടകങ്ങള്‍ ഒരുമിച്ച് വയ്ക്കുന്നത് തന്നെ അപകടകരമാണ്. കാരണം ഒരു ആണവവിസ്‌ഫോടനത്തിന് അരമൈലിനുള്ളിലുള്ളവരെ വരെ കൊല്ലാനാകും. ഈ ബുദ്ധിമുട്ടുകള്‍ കാരണം ഐ.എ.ഇ.എ ശാസ്ത്രജ്ഞന്‍മാര്‍ക്ക് എളുപ്പം കണ്ടുപിടിക്കാനാവുന്ന യുറേനിയം സംപുഷ്ടീകരണ പ്രക്രിയയില്‍ വിജയിച്ചാലും  ഇറാന്‍ ആണവായുധം നിര്‍മ്മിക്കാന്‍ പത്തോ പതിനഞ്ചോ വര്‍ഷമെടുക്കും.

അവര്‍ക്ക് അവരുടെ രാജ്യത്തിലെ ഒരുപാട് കാര്യങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്

അതെ, ആരും ബോംബിട്ടില്ലെങ്കില്‍ 15 വര്‍ഷത്തിനുശേഷം ഇറാന് ആണവായുധം ഉണ്ടാവും. ഇസ്രായേലിന് പരീക്ഷിച്ച 400 ആണവായുധങ്ങളുണ്ട്. ഈ ചുറ്റുപാടില്‍ ഏത് മണ്ടന്‍മാര്‍ക്കാണ് ആയുധങ്ങള്‍ നിര്‍മ്മിക്കാനാവുക? അവര്‍ അതുപോലൊരു മണ്ടന്‍മാരാണെന്ന് വിശ്വസിക്കുക തീര്‍ത്തും അപഹാസ്യമായിരിക്കും. അവര്‍ അങ്ങനെയല്ല.

ഇറാന് ആണവോര്‍ജ്ജത്തില്‍ താല്‍പര്യമുണ്ട്. എന്നാല്‍ ഒരാള്‍പോലും അതിനെ അഭിനന്ദിക്കുന്നില്ല. കാരണം ഇറാന്റെ പക്കല്‍ എണ്ണയുണ്ട്. ഇറാനറിയാം അതിന്റെ എണ്ണ എല്ലാകാലത്തുമുണ്ടാവില്ല.

1970ല്‍ ആ തീരുമാനത്തില്‍ നിന്നും പിന്നോട്ടുപോയി, ആ സമയത്ത് അതിന് യു.എസിന്റെ പിന്തുണയുണ്ടായിരുന്നു?

അത് ശരിയാണ്. ആവശ്യമുള്ള എല്ലാ സാങ്കേതിക വിദ്യയും യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഇറാന് വാഗ്ദാനം ചെയ്തതാണ്. എന്നാല്‍ ഇറാന് വാഗ്ദാനം നല്‍കിയ പുനസംസ്‌കരണ പ്രക്രിയയ്ക്കുവേണ്ടി സാങ്കേതിക വിദ്യകള്‍ പരാജയപ്പെട്ടു. ഈ പരാജയം സംബന്ധിച്ച കാര്യം ഞാന്‍ ആറ്റോമിക് എനര്‍ജി കമ്മീഷന് കൈമാറിയിട്ടുണ്ട്. ഇറാന് കൈമാറിയ സാങ്കേതിക വിദ്യയുടെ സ്റ്റാഫ് പേപ്പര്‍ റിവ്യൂ ചെയ്യാനും നല്‍കിയിരുന്നു.

ഈ പുനസംസ്‌കരണ സാങ്കേതിക വിദ്യ കൈമാറരുതെന്ന് ഞാന്‍ ശുപാര്‍ശ ചെയ്യുകയും ഇത് കൈമാറാന്‍ എ.ഇ.സി വിസമ്മതിക്കുകയും ചെയ്തു. ഇത് അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം ഭാഗികമായി തകരാന്‍ കാരണമായിത്തീര്‍ന്നു. എന്റെ അഭിപ്രായത്തില്‍ 1973ലെ ഓയില്‍ ഇറക്കുമതി നിരോധനത്തിനും ഇത് കാരണമായി. നിരോധനാജ്ഞ സമയത്ത് കടലില്‍ കുടുങ്ങിയ ഇറാനിയന്‍ കപ്പലുകളെക്കുറിച്ച് വായിച്ചത് ഞാനോര്‍ക്കുന്നു.

താങ്കള്‍ താങ്കളുടെ എഴുത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്, തെളിയിക്കപ്പടാത്ത ഒരു വാദഗതിക്കുമുകളിലാണ് ഇറാക്കിനെ യു.എസ് ആക്രമിക്കാന്‍ തീരുമാനിക്കുന്നത്.  ലക്ഷക്കണക്കിന് ജീവനുകളും, ട്രില്യന്‍ കണക്കിന് ഡോളറുകളുമാണ് ഇവിടെ നഷ്ടമായത്. നിങ്ങള്‍ ഇടപെട്ട് ഇരുവിഭാഗങ്ങള്‍ക്കിടയില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചാണ് പ്രശ്‌നം തെല്ലൊന്ന് അവസാനിപ്പിച്ചത്. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആണവോര്‍ജ്ജ കമ്മ്യൂണിറ്റികളില്‍ നിന്നും ഏത് തരത്തിലുള്ള പിന്തുണയാണ് ലഭിച്ചത്?

നല്ല ചോദ്യമാണിത്. ഇറാനില്‍ ആണവ ഭീഷണിയുണ്ട് എന്ന് അമേരിക്കന്‍ വിദഗ്ദ്ധര്‍ പ്രഖ്യാപിച്ച ഉടനെ തന്നെ എന്റെ കത്ത് അമേരിക്കന്‍ ന്യൂക്ലിയാര്‍ സൊസൈറ്റിയുടെ ന്യൂക്ലിയാര്‍ ന്യൂസ് എന്ന മാഗസ്സിനില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ പറഞ്ഞിരുന്നത്, ഇറാന്‍ ഒരു ആണവ ഭീഷണിയാണെന്ന വാദം 1000 ആള്‍ക്കാര്‍ക്ക് 1 റാഡ് എന്ന ആശയത്തിന് തുല്യമാണ്.

എന്റെ 2 ലെറ്ററുകള്‍ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചിരുന്നു. അമേരിക്കന്‍ ലീജിയണ്‍ മാഗസ്സിനും പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ന്യൂക്ലിയാര്‍ കമ്മ്യൂണിറ്റിയില്‍ നിന്നോ അമേരിക്കന്‍ ഉദ്യോഗസ്ഥരില്‍ വേണ്ടത്ര പിന്തുണ എനിക്ക് ലഭിച്ചില്ല.

ഇത് ശരിയാണ്. പക്ഷേ താങ്കള്‍ അത് ഇനിയും തുടരണം

അതെ, ഞാന്‍ ഇനിയും അതിനുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എനിക്ക് ചെയ്യാന്‍ കഴിയുന്നത് ഞാന്‍ ചെയ്യും. ഇസ്രായേലുമായുള്ള എന്റെ ശ്രമങ്ങളില്‍ ഞാന്‍ വളരെ സന്തോഷിച്ചിരുന്നു. ഇറാന്റെ ആണവ സൗകര്യങ്ങള്‍ക്കെതിരെയുള്ള  ഇസ്രയേലിന്റെ  ഭീഷണി അതോടെ അവസാനിക്കുകയും ചെയ്തിരുന്നു. പക്ഷെ അത് വീണ്ടും ഉടലെടുത്തിരിക്കുകയാണ്. ഇസ്രായേലിലെ ജനങ്ങള്‍ക്ക് ഈ സാഹചര്യം മനസിലാക്കാനാവുന്നില്ല.

താങ്കള്‍ സൂചിപ്പിച്ചത് പത്രമേഖലയിലെ വിദഗ്ദ്ധരെന്ന് അവകാശപ്പെടുന്നവര്‍ വാസ്തവത്തില്‍ ഈ സാങ്കേതികമേഖലയില്‍ വിദഗ്ധരല്ല എന്നല്ലേ?

പാക്കിസ്ഥാന്റെ gun-type ആയുധത്തിന് ഏറ്റവും നന്നായി സംപുഷ്ടീകരിച്ച 50 കിലോഗ്രാം  യുറേനിയം ആവശ്യമുണ്ടെന്നും പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് അതിനെക്കാള്‍ വളരെ വലുതാണെന്നും ഡേവിഡ് ആല്‍ബ്രൈറ്റിനോട് ഞാന്‍ സൂചിപ്പിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് പാക്കിസ്ഥാനിലെ ആയുധങ്ങള്‍ ഇംപ്ലോഷന്‍ ടൈപ്പാണെന്നും അല്ലാതെ gun-type അല്ലെന്നും അതില്‍ ഖരാകൃതിയിലുള്ള ലോഹഘടകങ്ങളുണ്ടെന്നുമാണ്. ഞാന്‍ പറഞ്ഞു, “ഒരുനിമിഷം ഡേവിഡ്, നിങ്ങള്‍ ഇതിനേക്കാള്‍ നന്നായി അറിയൂ”. ഞാന്‍ ചിരിച്ചു. അദ്ദേഹത്തിന് ദേഷ്യം വന്നു എന്നെ ശകാരിച്ചു. അതിനുശേഷം ഞങ്ങളുടെ സൗഹൃദം നഷ്ടമായി.

ചുറ്റും സ്‌ഫോടകവസ്തുക്കളാല്‍ വലയം ചെയ്യപ്പെട്ട പ്ലൂട്ടോണിയത്തിന്റെയോ, യുറാനിയത്തിന്റെയോ ശൂന്യമായ ഗോളവസ്തുവാണ് ഇംപ്ലോസീവ് ടൈപ്പ് ആയുധങ്ങള്‍. സ്‌ഫോടനം ആണവവസ്തുക്കളെ ഞെരുക്കി ഒരു ചെറിയ ബോളാക്കുകയും അത് അതിശക്തമായ പൊട്ടിത്തെറിയില്‍ കലാശിക്കുകയും ചെയ്യും. എന്നാല്‍ വിസ്‌ഫോടനത്തിന് ഖരാവസ്ഥയിലുള്ള ലോഹങ്ങളെ ഞെരുക്കാനാവില്ല. ഡേവിഡിന്റെ അഭിപ്രായം സാങ്കേതികമായി നിലനില്‍ക്കില്ല. അത് വെറും അസംബന്ധമാണ്.

ഒരു gun-type ആയുധത്തില്‍ രണ്ട് ഖരവസ്ഥയിലുള്ള തടിച്ച ലോഹങ്ങളുണ്ട്. ഒന്ന് ഒരു ഗോളവും, മറ്റൊന്ന് ഗോളത്തിന്റെ ആകൃതിയിലുള്ള ദ്വാരവും. ഗോളം മറ്റേ തടിച്ച ഭാഗത്തേക്ക് ചലിപ്പിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നു.

പക്ഷെ അതിന് കുറേക്കൂടി സംപുഷ്ടീകരിച്ച യുറേനിയം വേണ്ടിവരില്ലേ?

സ്‌ഫോടക വസ്തുക്കളാല്‍ ചുറ്റപ്പെട്ടതും  ഉള്‍ഭാഗം ശൂന്യമായതുമായ ഒരു ഗോളമാണ് ഇംപ്ലോസീവ് ആയുധങ്ങള്‍. അതിനാല്‍ പുറമേ നിന്നുള്ള എല്ലാ ശക്തിയും ഗോളത്തെ ഞെരുക്കി ചെറിയൊരു വസ്തുവാക്കും. വളരെ ചെറിയ, ഗുരുതരമായവിധം പിണ്ടം കുറഞ്ഞ ഒരു വസ്തുവാകും. അതിന് വന്‍ വിസ്‌ഫോടനമുണ്ടാക്കാന്‍ സാധിക്കും. പക്ഷെ ഖരാവസ്ഥയിലുള്ള ലോഹം കൊണ്ട് നമുക്ക് അത് ചെയ്യാനാവില്ല. കാരണം ആ ലോഹത്തെ ഞെരുക്കാനാവില്ല.

ഇംപ്ലോസീവ് ആയുധം ഉണ്ടാക്കുന്നതിനുള്ള സാങ്കേതിക വിദ്യ പാക്കിസ്ഥാനില്‍ ഇല്ലെന്നാണോ ആല്‍ബ്രൈറ്റിനോട് താങ്കള്‍ പറയാനുദ്ദേശിച്ചത്?

അതെ. അത് നിര്‍മ്മിക്കാനും, ഉപയോഗിക്കുന്നതിന് മുമ്പ് പരീക്ഷിക്കാനും കുറേക്കൂടി ബുദ്ധിമുട്ടാണ്. ഉപയോഗയോഗ്യം എന്ന് പ്രഖ്യാപിക്കുന്നതിന് മുമ്പ് മന്‍ഹാട്ടന്‍ പ്രോജക്ടില്‍ ഇന്‍പ്ലോഷന്‍ ആയുധം അലാമോഗോര്‍ഡോയില്‍വെച്ച് ടെസ്റ്റ് ചെയ്യണം. അതേസമയം, ഹിരോഷിമയില്‍ യാതൊരു പരീക്ഷണവും നടത്താതെ gun-type ആയുധം ഉപയോഗിച്ചു. ഇംപ്ലോഷന്‍ ടൈപ്പ് കുറച്ചുകൂടി സങ്കീര്‍ണമായ ആയുധമാണ്.

ഇസ്രായേലി ആയുധങ്ങള്‍ ഇംപ്ലോഷന്‍ ടൈപ്പാണ്. പക്ഷെ അവ ഫ്രഞ്ച് ഡിസൈനിലുള്ളവയാണ്. തങ്ങളുടെ ആയുധ പദ്ധതികളില്‍ ഫ്രാന്‍സ് ഇസ്രായേലിനെ സഹായിച്ചു. ഇന്ത്യയ്ക്കും ഇംപ്ലോഷന്‍ ടൈപ്പാണുള്ളത്. പക്ഷെ അതിനവര്‍ ഒരുപാട് സമയമെടുത്തു.  വളരെ വളരെ സ്മാര്‍ട്ടായ ഫിസിസിസ്റ്റും മറ്റുള്ളവരും ഇന്ത്യയിലുണ്ട്. അതിന് ഒരുപാട് സമയമെടുക്കും. അവര്‍ വിജയിക്കും മുമ്പ് ഒന്നുരണ്ട് പ്രാവശ്യം പരാജയപ്പെട്ടതായാണ് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത്.

ഇനി ഉത്തര കൊറിയ: അവര്‍ക്കെന്താണുള്ളതെന്ന് എനിക്ക് കൃത്യമായി അറിയില്ല. കാരണം അവര്‍ക്കുള്ളത് പ്ലൂട്ടോണിയം പദ്ധതിയാണ്. ആദ്യ ടെസ്റ്റ് പരാജയമായിരുന്നു. എന്നാല്‍ രണ്ടാമത്തെ പരീക്ഷണം വിജയകരമായി. അവര്‍ക്ക് പ്ലൂട്ടോണിയം ഇംപ്ലോഷന്‍ ആയുദ്ധമാണോ ഉള്ളത് എന്ന് എനിക്ക് കൃത്യമായി അറിയില്ല. ചിലപ്പോള്‍ ചിലത് പാക്കിസ്ഥാന്‍ കടം നല്‍കിയിട്ടുണ്ടാവും. അത് ശരിക്കറിയില്ല.