| Saturday, 10th September 2022, 9:43 pm

സീതയുടെയും രാമന്റെയും പ്രണയം; കണ്ണുനിറച്ച ക്ലൈമാക്‌സ് രംഗങ്ങള്‍ പുറത്തുവിട്ട് വൈജയന്തി മൂവീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാന്‍- മൃണാല്‍ താക്കൂര്‍ താരജോഡി ഒന്നിച്ചെത്തി തെന്നിന്ത്യയില്‍ സൂപ്പര്‍ഹിറ്റായി മാറിയ ചിത്രം സീതാ രാമത്തിന്റെ ക്ലൈമാക്‌സ് സീന്‍ പുറത്തുവിട്ട് വൈജയന്തി മൂവീസ്. വൈജയന്തി നെറ്റ്‌വര്‍ക്ക് എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.

ചിത്രം തിയേറ്ററില്‍ പ്രദര്‍ശനം തുടങ്ങി 50 ദിവസത്തോടടുക്കുന്നതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് ‘ദ ഇമോഷന്‍ ഓഫ് സീതാ രാമം’ എന്ന ക്യാപ്ഷനോടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ക്ലൈമാക്‌സില്‍ സീതയുടെയും റാമിന്റെയും പ്രണയത്തിന്റെ ഇമോഷണല്‍ രംഗങ്ങള്‍ കോര്‍ത്തിണക്കിയതാണ് വീഡിയോ.

ഹനു രാഘവപുടി സംവിധാനം ചെയ്ത സീതാ രാമം സെപ്റ്റംബര്‍ ഏഴിന് ഒ.ടി.ടിയിലും റിലീസ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അണിയറ പ്രവര്‍ത്തകര്‍ ക്ലൈമാക്‌സ് രംഗങ്ങള്‍ പുറത്തുവിട്ടത്.

ദുല്‍ഖര്‍- മൃണാള്‍ കോമ്പോയും ദുല്‍ഖറിന്റെ പ്രകടനവുമാണ് ചിത്രത്തിന്റെ വലിയ പോസിറ്റീവായി പ്രേക്ഷകര്‍ എടുത്തുപറയുന്നത്.

ലഫ്. റാമിന്റെയും സീതയുടെയും പ്രണയകഥ പറയുന്ന സീതാ രാമത്തില്‍ നടി രശ്മിക മന്ദാനയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുമന്ദ്, തരുണ്‍ ബാസ്‌കര്‍, ഭൂമിക, പ്രകാശ് രാജ്, ഗൗതം വാസുദേവ മേനോന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഓഗസ്റ്റ് അഞ്ചിനായിരുന്നു ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടിന് സീതാ രാമത്തിന്റെ ഹിന്ദി വേര്‍ഷനും റിലീസ് ചെയ്തിരുന്നു.

Content Highlight: climax scenes of Sita Ramam movie released

We use cookies to give you the best possible experience. Learn more