Film News
'നന്മയുള്ള ലോകമേ'; ഗോള്‍ഡ് നന്മ നിറഞ്ഞ ഒരു അല്‍ഫോണ്‍സ് ചിത്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 04, 01:59 pm
Sunday, 4th December 2022, 7:29 pm

Spoiler Alert
പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡ് ഡിസംബര്‍ ഒന്നിനാണ് റിലീസ് ചെയ്തത്. വലിയ പ്രതീക്ഷകളോടെ എത്തിയ ചിത്രം തിയേറ്ററുകളില്‍ പ്രേക്ഷകരെ നിരാശരാക്കുന്ന കാഴ്ചയാണ് കണ്ടത്.

തിരക്കഥയിലും സംവിധാനത്തിലുമടക്കം വന്ന പാളിച്ചകള്‍ പ്രേക്ഷകര്‍ ചൂണ്ടിക്കാട്ടി. ആലുവയില്‍ താമസിക്കുന്ന ഡെയ്ഞ്ചര്‍ ജോഷി എന്ന ജോഷിയിലൂടെയാണ് കഥ തുടങ്ങുന്നത്. ഒരു മൊബൈല്‍ ഷോപ്പ് നടത്തുന്ന ജോഷിയുടെ വീടിന് മുമ്പില്‍ ഒരു പ്രഭാതത്തില്‍ ആരുടേതെന്ന് അറിയാത്ത ഒരു ബൊലേറോ ഡ്രൈവറില്ലാതെ കിടക്കുകയാണ്. ഇതിനെ തുടര്‍ന്ന് ജോഷിക്കുണ്ടാകുന്ന ബുദ്ധിമുട്ടികളും പിന്നീട് ഈ വണ്ടി കാരണം അയാളുടെ ജീവിതം തന്നെ മാറുന്നതുമാണ് ഗോള്‍ഡില്‍ കാണിക്കുന്നത്.

ഈ ബൊലേറയുമായി നിരവധി പേര്‍ക്കാണ് കണക്ഷനുള്ളത്. അല്‍ഫോണ്‍സിന്റെ ആദ്യചിത്രമായ നേരത്തിന് സമനമാണ് ചിത്രത്തിന്റെ പ്ലോട്ട്. ഒരു ഊരാക്കുടുക്ക് പലരേയും ബാധിക്കുന്ന ശൃംഖലയായി കിടക്കുന്നു. അതിന് ഒരു പരിഹാരം കാണാന്‍ എല്ലാവരും ശ്രമിക്കുന്നു. എന്നാല്‍ നേരം പോലെ ഗോള്‍ഡ് എന്‍ഗേജിങ്ങാക്കാന്‍ അല്‍ഫോണ്‍സ് പുത്രന് സാധിച്ചില്ല.

‘നല്ലൊരു സന്ദേശം’ കൊടുത്താണ് അല്‍ഫോണ്‍സ് പുത്രന്‍ ഗോള്‍ഡ് അവസാനിപ്പിക്കുന്നത്. ഈ സന്ദേശം തന്നെയാണ് ചിത്രത്തിന് വിനയായത്. അതുവരെ പറഞ്ഞുവന്ന കഥക്ക് എന്തെങ്കിലും രസമുണ്ടെങ്കില്‍ അത് മുഴുവന്‍ കെടുത്തുന്നതായിരുന്നു ക്ലൈമാക്‌സിലെ ‘നന്മ നിറഞ്ഞ സന്ദേശം’.

അടുത്ത കാലത്തായി സ്ത്രീകള്‍ക്ക് ആറ് മാസം പ്രസവാവധി കൊടുക്കണമെന്നതുള്‍പ്പെടെയുള്ള പല നിര്‍ദേശങ്ങളും സോഷ്യല്‍ മീഡിയയിലൂടെ അല്‍ഫോണ്‍സ് പങ്കുവെച്ചിരുന്നു. ഈ ‘നന്മ നിറഞ്ഞ’ ചിന്തകള്‍ അദ്ദേഹത്തിന്റെ സിനിമയിലേക്കും എത്തുമെന്ന് അന്ന് പ്രേക്ഷകര്‍ കരുതി കാണില്ല.

ക്ലൈമാക്‌സ് നന്മക്ക് പുറമേ ഗോള്‍ഡിലെ ഗോള്‍ഡിനെ കൈകാര്യം ചെയ്തിരിക്കുന്ന രീതിയും അതില്‍ നിന്നും വരുന്ന കോടിക്കണക്കിന് കാശിന്റെ ഉറവിടം തേടി ആരും പോവാത്തതും ലോജിക്കില്ലാത്ത നീക്കമായി പോയി.

ഡെയ്ഞ്ചര്‍ ജോഷി സാധാരണ പൃഥ്വിരാജ് മാനറിസങ്ങളില്‍ നിന്നും വേറിട്ട് നില്‍ക്കുന്നതായിരുന്നു. ബാബുരാജ്, ജഗദീഷ്, ഷമ്മി തിലകന്‍, ലാലു അലക്‌സ് എന്നിവരുടെ പ്രകടനമാണ് ഇതിന് പുറമേ മികച്ച് നിന്നത്. എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങള്‍ വന്നുപോയ സിനിമയില്‍ ആകെപ്പാടെ പ്രാധാന്യമുള്ളത് ഇവര്‍ക്ക് മാത്രമായിരുന്നു.

Content Highlight: climax message in gold movie