| Wednesday, 24th February 2016, 12:32 pm

കുംഭച്ചൂട്: വെന്തുരുകി വടക്കന്‍ കേരളം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൊടും ചൂടില്‍ നാടും നഗരവും വെന്തുരുകുകയാണ്. വടക്കന്‍ കേരളത്തില്‍ ചൂട് അതിന്റെ പാരമ്യത്തിലെത്തിയ പ്രതീതിയാണ്. കുടിവെള്ളക്ഷാമം,വരള്‍ച്ച, തീപിടുത്തം..അങ്ങനെ കുംഭച്ചൂടിന്റെ മൂര്‍ധന്യത്തില്‍ പെട്ട് ചുട്ടുപൊള്ളുകയാണ്.

ചൊവ്വാഴ്ച കണ്ണൂരില്‍ 38 ഡിഗ്രി സെല്‍ഷ്യസായിരുന്നു. കോഴിക്കോട് 37 ഉം. പാലക്കാടാണ് ഏറ്റവും ഉയര്‍ന്ന താപനില-39 ഡിഗ്രി സെല്‍ഷ്യസ്. സംസ്ഥാന വ്യാപകമായുള്ള താപനിലാ വര്‍ദ്ധനവിനെ തുടര്‍ന്ന് ജനജീവിതം ദുസ്സഹമായ അവസ്ഥയിലാണ്. സംസ്ഥാനത്തു മുഴുവന്‍ സാധാരണഗതിയില്‍ ഉണ്ടാകുന്നതിനേക്കാള്‍ ഒന്നുമുതല്‍ നാലു ഡിഗ്രിവരെ ചൂടു കൂടുതലാണ്. കോഴിക്കോട് ജില്ലയില്‍ നാല് ഡിഗ്രി സെല്‍ഷ്യസ് കൂടുതലുണ്ട്.

നഗര-ഗ്രാമ ഭേദമന്യേ കൊടും ചൂടില്‍ ഇടക്കിടേയുണ്ടാകുന്ന തീപിടുത്തമാണ് മറ്റൊരു പ്രശ്‌നം. അടിക്കാടുകള്‍ക്കും പുല്‍മേടുകള്‍ക്കും തീപിടുത്തം പതിവാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ഏറെ ഭയവിഹ്വലരായി കഴിയുകയാണ്. മിഠായിത്തെരുവിലടക്കം വിവിധയിടങ്ങളില്‍ 100ലധികം തീപിടുത്തങ്ങള്‍ കോഴിക്കോട് ജില്ലയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തതായി ഫയര്‍ ആന്‍ഡ് സേഫ്റ്റി അധികൃതര്‍ പറയുന്നു.

ജലക്ഷാമം നേരിടുവാനുള്ള പദ്ധതികള്‍ ഒന്നും തന്നെ അധികൃതര്‍ സ്വീകരിച്ചിട്ടില്ല. വരള്‍ച്ചയെ പ്രതിരോധിക്കുവാനായി ജലസ്രോതസ്സുകളുടെ പുനരുദ്ധാരണമോ, ഉപയോഗ ശൂന്യമായ ജലസ്രോതസ്സുകള്‍ ശുദ്ധീകരിക്കുകയോ അത്തരത്തില്‍ ഒന്നും തന്നെ  തദ്ദേശ ഭരണ സ്ഥാപനങ്ങളോ ജില്ലാ ഭരണകൂടങ്ങളോ ചെയ്തിട്ടില്ല.

ഫെബ്രുവരി മാസത്തില്‍ തന്നെ കനത്ത കുടിവെള്ളക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ഏപ്രില്‍,മെയ് മാസങ്ങളില്‍ നേരിടാന്‍ പോകുന്നത് കൊടും വരള്‍ച്ച തന്നെയായിരിക്കും. വരാനിരിക്കുന്ന അതി തീവ്രമായ ചൂടിനേയും ജലക്ഷാമത്തെയും എങ്ങിനെ പ്രതിരോധിക്കുമെന്ന ഭീതിയിലാണ് ജനങ്ങള്‍.

We use cookies to give you the best possible experience. Learn more