| Wednesday, 30th October 2019, 6:54 pm

'പ്രവര്‍ത്തനം അവാര്‍ഡുകള്‍ക്ക് വേണ്ടിയുള്ളതല്ല, ആളുകള്‍ ശാസ്ത്രത്തെ കേള്‍ക്കേണ്ടതുണ്ട്'; ഗ്രേറ്റ തന്‍ബര്‍ഗ് പാരിസ്ഥിതിക പുരസ്‌കാരം നിഷേധിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്വീഡന്‍: സ്വീഡിഷ് കാലാവസ്ഥാ സംരക്ഷണ ആക്റ്റിവിസ്റ്റ് ഗ്രേറ്റ തന്‍ബര്‍ഗ് പാരിസ്ഥിതിക പുരസ്‌കാരം നിഷേധിച്ചു. നോര്‍ഡിക് കൗണ്‍സില്‍ പ്രഖ്യാപിച്ച പുരസ്‌കാരമാണ് ഗ്രേറ്റ നിരസിച്ചത്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ആളുകള്‍ നടത്തി പോന്ന പ്രവര്‍ത്തനങ്ങള്‍ അവാര്‍ഡുകള്‍ പ്രതീക്ഷിച്ചു കൊണ്ടുള്ളതാവരുതെന്നും മറിച്ച് ശാസ്ത്രത്തെ കേള്‍ക്കാനുള്ള താല്‍പര്യമാണ് ഉണ്ടാവേണ്ടതെന്നും അവാര്‍ഡ് നിരസിച്ചു കൊണ്ട് ഗ്രേറ്റ പറഞ്ഞു.

യുവ കാലാവസ്ഥാ സംരക്ഷണ ആക്റ്റിവിസ്റ്റായ ഗ്രേറ്റയുടെ ‘ഭാവിക്ക് വേണ്ടിയുള്ള വെള്ളിയാഴ്ചകള്‍’ എന്ന മൂവ്‌മെന്റ് ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. നോര്‍ഡിക് കൗണ്‍സില്‍ ആണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഇന്റര്‍ പാര്‍ലമെന്ററി കൗണ്‍സില്‍ യോഗമായ സ്റ്റോക്ക് ഹോം സെറിമണിയില്‍ വെച്ചാണ് ചൊവ്വാഴ്ച അവാര്‍ഡ് ദാനം തീരുമാനിച്ചിരുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സ്വീഡന്‍, നോര്‍വേ എന്നീ രാജ്യങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് ഗ്രേറ്റ തന്‍ബര്‍ഗ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പാരിസ്ഥിതിക അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്. എല്ലാ വര്‍ഷവും നല്‍കി വരുന്ന അവാര്‍ഡാണിത്.

പ്രഖ്യാപനത്തിന് ശേഷം അവാര്‍ഡ് നിരസിച്ച കാര്യം ഗ്രേറ്റയുടെ പ്രതിനിധി അറിയിച്ചുവെന്ന് ടി.ടി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 46,800 യൂറോയാണ് അവാര്‍ഡ് തുക(36,86,810 ഇന്ത്യന്‍ രൂപ).

അവാര്‍ഡ് നിരസിച്ച കാര്യം ഗ്രേറ്റ തന്റെ ഇന്‍സ്റ്റഗ്രാമിലും എഴുതി. ‘കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അവാര്‍ഡിനു വേണ്ടിയുള്ളതല്ല. മറിച്ച് നമ്മുടെ രാഷ്ട്രീയ നേതാക്കളും മറ്റ് ആളുകളും ഇതിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ശാസ്ത്രത്തെ കേള്‍ക്കാന്‍ തയ്യാറാവുകയുമാണ് വേണ്ടത്’. ഗ്രേറ്റ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അവാര്‍ഡ് നല്‍കാനുള്ള തീരുമാനത്തിന് നന്ദി പറയുന്നതിനൊപ്പം തന്നെ കാലാവസ്ഥാ വ്യതിയാനത്തിന്റെ വിഷയത്തില്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതില്‍ നോര്‍ഡിക് രാജ്യങ്ങളെ ഗ്രേറ്റ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

‘പൊങ്ങച്ചങ്ങള്‍ക്കും മനോഹരമായ വാക്കുകള്‍ക്കും ഒരു കുറവുമില്ല. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നമ്മള്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളിലാണ് ധാരാളിത്തം കാണേണ്ടത’്. ഗ്രേറ്റ പറഞ്ഞു.

എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂള്‍ ബഹിഷ്‌കരിച്ച് സ്വീഡിഷ് പാര്‍ലമെന്റിനു മുന്നിലിരുന്ന് പ്രതിഷേധിച്ചായിരുന്നു ഗ്രേറ്റയുടെ സമരം.

We use cookies to give you the best possible experience. Learn more