ന്യൂദൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി ഉഷക്കെതിരെ വിനേഷ് ഫോഗട്ട് രംഗത്ത്. തന്റെ സമ്മതമില്ലാതെ ആശുപത്രി കിടക്കയിൽ നിന്ന് ഫോട്ടോ എടുത്തതല്ലാതെ പി.ടി ഉഷ തനിക്ക് യാതൊരു വിധ സഹായവും നൽകിയില്ലെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു.
വിഷയം രാഷ്ട്രീയവത്കരിക്കുക മാത്രമാണ് പി.ടി ഉഷ ചെയ്തതെന്നും വിനേഷ് പറഞ്ഞു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ) പ്രസിഡൻ്റ് പി ടി ഉഷ വിനേഷിനെ ആശുപത്രിയിൽ സന്ദർശിച്ച് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ആശുപത്രി കിടക്കയിൽ വിനേഷിനൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ഏറെ ജനശ്രദ്ധ ആകർഷിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതെല്ലാം ഐ.ഒ.എ മേധാവി കളിക്കുന്ന രാഷ്ട്രീയത്തിൻ്റെ ഭാഗമാണെന്നും വിനേഷ് ആരോപിച്ചു.
ഒരു പ്രാദേശിക വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിനേഷ്. ‘എനിക്ക് അവരിൽ നിന്ന് എന്ത് പിന്തുണ ലഭിച്ചുവെന്ന് അറിയില്ല. പി.ടി. ഉഷ മാഡം എന്നെ ആശുപത്രിയിൽ സന്ദർശിച്ചു. ഒരു ഫോട്ടോ ക്ലിക്ക് ചെയ്തു. നിങ്ങൾ പറഞ്ഞത് പോലെ രാഷ്ട്രീയത്തിൽ പലതും നടക്കുന്നത് അടഞ്ഞ വാതിലുകൾക്ക് പിന്നിലാണ്. അതുപോലെ പാരീസിലും രാഷ്ട്രീയത്തിന്റെ കള്ളക്കളികൾ നടന്നു. പലരും എന്നോട് പറഞ്ഞു ഗുസ്തി നിർത്തരുത് എന്ന്. എന്നാൽ ഞാൻ എന്തിനുവേണ്ടി തുടരണം എല്ലായിടത്തും രാഷ്ട്രീയമുണ്ട്, ‘ വിനേഷ് പറഞ്ഞു.
പി.ടി ഉഷ ആശുപത്രി കിടക്കയിൽ വെച്ച് തന്റെ ചിത്രം എടുക്കുകയും അനുവാദമില്ലാതെ അത് പോസ്റ്റ് ചെയ്യുകയും ചെയ്തു. അവർ ഒരു ഒളിമ്പിക് താരമാണ്. തന്റെ വേദന മനസിലാക്കേണ്ട വ്യക്തിയാണ് എന്നാൽ അതുണ്ടായില്ലെന്നും വിനേഷ് കൂട്ടിച്ചേർത്തു.
ഒളിമ്പിക്സില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമായിരുന്നു വിനേഷ് ഫോഗട്ട്. ഭാര പരിശോധനയില്‍ 100 ഗ്രാം അധികം കണ്ടെത്തിയതിന് പിന്നാലെയാണ് താരത്തെ ഇനത്തില്‍ അയോഗ്യയാക്കിയത്. 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി വിഭാഗത്തില്‍ അനുവദനീയമായ ഭാരം കൂടിയതായി കണ്ടെത്തിയതാണ് ഫോഗട്ടിന് തിരിച്ചടിയായത്.
ഈ നടപടിക്കെതിരെ ഇന്ത്യ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി ഇനത്തില്‍ അവസാന സ്ഥാനമായിരുന്നു ഫോഗട്ടിന് നലഭിച്ചത്.
ഉക്രൈനിന്റെ ഒക്‌സാന ലിവാച്ചിനെ 7-5 എന്ന സ്‌കോറിനായിരുന്നു വിനേഷ് പരാജയപ്പെടുത്തിയിരുന്നത്, റൗണ്ട് ഓഫ് 16ല്‍ ജപ്പാന്റെ ലോക ഒന്നാം നമ്പര്‍ താരമായ ജപ്പാന്റെ യുയി സുസാസ്‌കിയെ വിനേഷ് പരാജയപ്പെടുത്തിയിരുന്നു
പാരീസ് ഒളിമ്പിക്‌സില്‍ ഫൈനലിലെത്തിയ ഇന്ത്യന്‍ ഗുസ്ത് താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ആരോപണവുമായി ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് വിജേന്ദര്‍ സിങ് രംഗത്തെത്തിയിരുന്നു. ഒളിമ്പിക്‌സില്‍ വിനേഷ് ഫോഗട്ടിനെ പ്രകടനം മികച്ചതായിരുന്നു എന്നും എന്നാല്‍ അത് ഇഷ്ടപ്പെടാത്തവര്‍ ഉണ്ടായിരുന്നു എന്നും വിജേന്ദര്‍ സിങ് പറഞ്ഞു.
Content Highlight: Clicked photo on hospital bed without my consent, gave no support’: Vinesh Phogat blasts IOA chief PT Usha