| Tuesday, 28th February 2023, 9:47 pm

മുമ്പ് മലയാള സിനിമ ആവര്‍ത്തിച്ച് പഴകിയ ഫോര്‍മുല; പൈങ്കിളിയാണ്, ക്ലീഷേയാണ്; എന്നാല്‍....

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

Spoiler Alert

അര്‍ജുന്‍ അശോകന്‍, മമിത ബൈജു, അനശ്വര രാജന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ പ്രണയ വിലാസത്തിലെ പ്രധാന പ്രമേയം പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പ്രണയമാണ്. മോഡേണ്‍ പ്രണയവും പഴയ കാല പ്രണയവുമെല്ലാം ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

ചിത്രത്തിലെ പ്രണയങ്ങളും അതിന്റെ രൂപവും ഭാവവുമൊക്കെ പൈങ്കിളിയും ക്ലീഷേയുമാണ്. പ്രത്യേകിച്ചും മുതിര്‍ന്നവരുടേത്. അര്‍ജുന്‍ അശോകന്‍ അവതരിപ്പിക്കുന്ന സൂരജിന്റെ പ്രണയം ഇതില്‍ നിന്നും കുറച്ച് വ്യത്യസ്തമാണ്. കാമുകിയുടെ മുമ്പില്‍ നിന്നും മുന്‍കാമുകിയോട് സംസാരിക്കാനും മറ്റ് പെണ്‍കുട്ടികളോട് ഫ്‌ളേര്‍ട്ട് ചെയ്യാനും അയാള്‍ക്ക് ഒരു തടസവുമില്ല.

പിന്നീട് കാണിക്കുന്ന രാജീവിന്റെയും അനുവിന്റെയും പ്രണയം ഇതിന് മുമ്പ് മലയാള സിനിമയില്‍ ആവര്‍ത്തിച്ച അതേ ഫോര്‍മുലയിലാണ് പറഞ്ഞുപോകുന്നത്. കാമുകന്‍ പോയതിന് ശേഷം വിവാഹം കഴിക്കാതെ ജീവിക്കുന്ന കാമുകി, അതേ അവസ്ഥയിലുള്ള മറ്റൊരു കാമുകന്‍, ഈ കാമുകന് ലഹരി ഉപയോഗവും ക്വട്ടേഷന്‍ പണിയുമുണ്ട്. പ്രണയം സഫലമായിരുന്നെങ്കില്‍ ഒരുപക്ഷേ അയാള്‍ നല്ലൊരു ജീവിതം നയിച്ചേനേ. എന്നാല്‍ പ്രണയ നഷ്ടത്തോടെ അയാളുടെ ജീവിതം നിരാശയുടെ പടുകുഴിയില്‍ വീഴുകയാണ്. മുമ്പ് പല മലയാള സിനിമകളിലും കണ്ട പാറ്റേണ്‍ തന്നെയാണ് ഇത്.

എന്നാല്‍ പ്രണയ വിലാസം വിജയിക്കുന്നത് കഥ പറച്ചില്‍ രീതിയിലാണ്. ക്ലീഷേയാണെങ്കിലും പ്രേക്ഷകരെ അതിലേക്ക് പിടിച്ചിരുത്താന്‍, ആ പ്രണയങ്ങള്‍ക്കൊപ്പം യാത്ര ചെയ്യിക്കാന്‍ പ്രണയ വിലാസത്തിനായിട്ടുണ്ട്.

അതിലൊരു പ്രധാന പങ്ക് വഹിച്ചത് ഷാന്‍ റഹ്‌മാന് തന്നെയാണ്. ഓരോ പ്രണയത്തിനേയും തന്റെ പാട്ടുകള്‍ കൊണ്ടും പശ്ചാത്തല സംഗീതം കൊണ്ടും അയാള്‍ വേറെ തലത്തിലേക്ക് ഉയര്‍ത്തുന്നുണ്ട്. പ്രത്യേകിച്ചും അനുവിന്റെ പ്രണയത്തിനായി 23 കൊല്ലം പിറകിലേക്ക് പോകുമ്പോള്‍ വരുന്ന ആദ്യ ബാക്ക് ഗ്രൗണ്ട് സ്‌കോര്‍ കൊണ്ട് തന്നെ പ്രേക്ഷകരേയും ആ ലോകത്തിലേക്ക് ആക്കാന്‍ ഷാന്‍ റഹ്‌മാനായി.

പൈങ്കിളി പ്രണയത്തിന് എന്താണ് കുഴപ്പമെന്ന് ചിത്രത്തിലെ ഒരു കഥാപാത്രം ചോദിക്കുന്നത് പോലെ തന്നെ, പലരും പൈങ്കിളി പ്രണയത്തെ പരിഹസിക്കുമെങ്കിലും ഈ ചിത്രത്തിലെ പൈങ്കിളിയും അല്ലാത്തതുമായ പ്രണയങ്ങളെല്ലാം മനോഹരമാണ്.

Content Highlight: cliche relationships that portrayed beautifully in pranaya vilasam

We use cookies to give you the best possible experience. Learn more