Spoiler Alert
അര്‍ജുന്‍ അശോകന്‍, മമിത ബൈജു, അനശ്വര രാജന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ പ്രണയ വിലാസത്തിലെ പ്രധാന പ്രമേയം പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പ്രണയമാണ്. മോഡേണ്‍ പ്രണയവും പഴയ കാല പ്രണയവുമെല്ലാം ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
ചിത്രത്തിലെ പ്രണയങ്ങളും അതിന്റെ രൂപവും ഭാവവുമൊക്കെ പൈങ്കിളിയും ക്ലീഷേയുമാണ്. പ്രത്യേകിച്ചും മുതിര്‍ന്നവരുടേത്. അര്‍ജുന്‍ അശോകന്‍ അവതരിപ്പിക്കുന്ന സൂരജിന്റെ പ്രണയം ഇതില്‍ നിന്നും കുറച്ച് വ്യത്യസ്തമാണ്. കാമുകിയുടെ മുമ്പില്‍ നിന്നും മുന്‍കാമുകിയോട് സംസാരിക്കാനും മറ്റ് പെണ്‍കുട്ടികളോട് ഫ്‌ളേര്‍ട്ട് ചെയ്യാനും അയാള്‍ക്ക് ഒരു തടസവുമില്ല.
പിന്നീട് കാണിക്കുന്ന രാജീവിന്റെയും അനുവിന്റെയും പ്രണയം ഇതിന് മുമ്പ് മലയാള സിനിമയില്‍ ആവര്‍ത്തിച്ച അതേ ഫോര്‍മുലയിലാണ് പറഞ്ഞുപോകുന്നത്. കാമുകന്‍ പോയതിന് ശേഷം വിവാഹം കഴിക്കാതെ ജീവിക്കുന്ന കാമുകി, അതേ അവസ്ഥയിലുള്ള മറ്റൊരു കാമുകന്‍, ഈ കാമുകന് ലഹരി ഉപയോഗവും ക്വട്ടേഷന്‍ പണിയുമുണ്ട്. പ്രണയം സഫലമായിരുന്നെങ്കില്‍ ഒരുപക്ഷേ അയാള്‍ നല്ലൊരു ജീവിതം നയിച്ചേനേ. എന്നാല്‍ പ്രണയ നഷ്ടത്തോടെ അയാളുടെ ജീവിതം നിരാശയുടെ പടുകുഴിയില്‍ വീഴുകയാണ്. മുമ്പ് പല മലയാള സിനിമകളിലും കണ്ട പാറ്റേണ്‍ തന്നെയാണ് ഇത്.