ലഖ്‌നൗ: ബലിപെരുന്നാളിനായി മാറ്റിവച്ചിട്ടുള്ള തുകയുടെ പത്തു ശതമാനമെങ്കിലും കേരളത്തിലെ പ്രളയബാധിതര്‍ക്കായി മാറ്റിവയ്ക്കണമെന്ന് മുസ്‌ലിം മതവിശ്വാസികളോട് പുരോഹിതന്മാരുടെ ആഹ്വാനം. മുതിര്‍ന്ന മത പുരോഹിതനായ മൗലാനാ ഖാലിദ് റഷീദ് ഫരംഗി മഹലിയാണ് രാജ്യത്തെ മുസ്‌ലിം സമൂഹത്തോടുള്ള നിര്‍ദ്ദേശം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
ഒരു സുപ്രധാന അഭ്യര്‍ത്ഥനയാണിത് എന്ന മുഖവുരയോടു കൂടി ആരംഭിക്കുന്ന കുറിപ്പില്‍, ഈദുല്‍ അസ്ഹയ്ക്കായി കരുതി വച്ചിരിക്കുന്ന തുകയില്‍ പത്തു ശതമാനമെങ്കിലും കേരളത്തിന്റെ ദുരിതാശ്വാസത്തിനായി നീക്കിവയ്ക്കണമെന്നാണ് മഹലി ആഹ്വാനം ചെയ്യുന്നത്.
“മൃഗങ്ങളെ ബലി നല്‍കുന്നതോടൊപ്പം ത്യാഗത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം സ്വയം മനസ്സിലാക്കുക എന്നതാണ് ബലിപെരുന്നാള്‍ നല്‍കുന്ന സന്ദേശം. ഏറ്റവുമധികം ആവശ്യമുള്ള സമയത്ത് മുന്നോട്ടുവന്ന് മനുഷ്യകുലത്തിന് വേണ്ടുന്ന സഹായം ചെയ്യാന്‍ പര്യാപ്തമാകണം നമ്മള്‍. ഖുര്‍ബാനിയുടെ യഥാര്‍ത്ഥ സന്ദേശമിതാണ്.” കുറിപ്പില്‍ പറയുന്നു.
ത്യാഗത്തിന്റെ മഹത്വം മനസ്സിലാക്കി ആഢംബരം നിറഞ്ഞ ആഘോഷങ്ങളില്‍ നിന്നും മാറി നില്‍ക്കണമെന്നും കുറിപ്പില്‍ നിര്‍ദ്ദേശമുണ്ട്. മുതിര്‍ന്ന ഷിയാ പുരോഹിതനായ മൗലാനാ യാസൂബ് അബ്ബാസും സമാനമായ ആഹ്വാനവുമായി മുന്നോട്ടുവന്നിരുന്നു. സാധിക്കുന്നവരെല്ലാം ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവനകള്‍ നല്‍കണമെന്ന് അദ്ദേഹം പറയുന്നു.
“ആഘോഷങ്ങളില്‍ മിതത്വം പാലിച്ച് ആ തുക കേരളത്തിനെ സഹായിക്കാന്‍ വിനിയോഗിക്കണം. ബക്രീദ് ത്യാഗത്തിന്റെ ഉത്സവമാണ്.” അബ്ബാസ് വിശ്വാസികളോട് പറയുന്നു.
വലിയ സഹായങ്ങളാണ് രാജ്യത്തിനകത്തും പുറത്തുമുള്ള സംഘടനകളും വ്യക്തികളും കേരളത്തിനു വേണ്ടി ചെയ്യുന്നത്. വിവിധ രാജ്യങ്ങളും സാമ്പത്തിക സഹായം നല്‍കാന്‍ മുന്നോട്ടു വന്നിരുന്നു.