| Tuesday, 5th November 2024, 1:53 pm

ട്രെയിൻ തട്ടി ശുചീകരണ തൊഴിലാളികൾ മരിച്ച സംഭവം; കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കത്തയച്ച് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഷൊർണൂരിൽ റെയിൽവേ ട്രാക്കിൽ ശുചീകരണത്തിനിടെ തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകാനാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി കത്തയച്ചത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷണവിനാണ് കത്തയച്ചത്.

ഷൊർണൂർ സംഭവത്തിൽ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്നും, റെയിൽവേ ശുചീകരണത്തിന് എത്തുന്ന കരാർ ജീവനക്കാർക്ക് സുരക്ഷാ മാനദണ്ഡങ്ങളും ബോധവൽക്കരണവും കൃത്യമായി നടപ്പിലാക്കണമെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.

തിരുവനന്തപുരത്ത് റെയിൽവേ ഭൂമിയിലെ ഓട വൃത്തിയാക്കുന്നതിനിടെ ആമയിഴഞ്ചാൻതോട്ടിൽ ഒഴുക്കിൽപ്പെട്ട് മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ മരണമടക്കം പരാമർശിച്ചുകൊണ്ടാണ് മുഖ്യമന്ത്രി കത്ത് അയച്ചത്. കരാർ തൊഴിലാളികളുടെ മരണത്തിൽ വിശദീകരണമോ അനുശോചനമോ കേന്ദ്ര മന്ത്രാലയത്തിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ കത്ത്.

ശുചീകരണ തൊഴിലാളികൾക്കായി കോടിക്കണക്കിന് രൂപ ചെലവഴിച്ചെന്ന് അവകാശപ്പെടുന്ന കേന്ദ്ര സർക്കാരും റെയിൽവേയും അവരെ മനുഷ്യരായി പോലും പരിഗണിക്കുന്നില്ലെന്ന് വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് കത്ത്.

ശുചീകരണത്തൊഴിലാളി മരണപ്പെട്ടാൽ കുടുംബത്തിന് 30 ലക്ഷം രൂപ നൽകണമെന്നുമാണ് കേന്ദ്ര നിയമം. എന്നാൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവേ ഷൊർണൂരിൽ ട്രെയിൻതട്ടി മരിച്ച തൊഴിലാളികൾക്ക് നൽകുന്നത് ഒരു ലക്ഷം രൂപ മാത്രം.

കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ട്രാക്കും പരിസരവും വൃത്തിക്കുകയായിരുന്ന നാല് തൊഴിലാളികളാണ് ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി മരിച്ചത്. ക്ലീനിങ്ങിന് നിയോഗിച്ചത് സ്പീഡ് റെയില്‍വെ ട്രാക്ക് ക്ലീനിങ് നടത്തുന്നവരെ അല്ല.

മറിച്ച് മുൻ പരിചയമില്ലാത്ത കരാര്‍ ജീവനക്കാരെ ആണ് നിയോഗിച്ചത്. ഇത് റെയില്‍വേ ഉദ്യോസ്ഥരുടെ അലംഭാവമാണെന്ന് വിമർശനം ഉയരുന്നുണ്ട്. മരിച്ച നാല് കരാര്‍ ജീവനക്കാരും ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ ക്ലീനിങ് ജോലി ചെയ്യുന്നവരാണ്.

Content Highlight: Cleaning workers killed by train; The Chief Minister has sent a letter to the Central Ministry of Railways

We use cookies to give you the best possible experience. Learn more