ന്യൂദല്‍ഹി: നോട്ട് നിരോധനത്തിനെതിരെ പ്രതിഷേധം ശക്തമാകുമ്പോഴും നോട്ട് അസാധുവാക്കല്‍ നടപടിയെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിയില്‍ നിന്നും കള്ളപ്പണത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കാനാണ് നോട്ട് അസാധുവാക്കിയതെന്ന് മോദി ആവര്‍ത്തിക്കുന്നു.
ഇന്ത്യ ഇപ്പോള്‍ സാമ്പത്തിക പരിവര്‍ത്തനത്തിന്റെ ഘട്ടത്തിലാണ്. ഡിജിറ്റല്‍ കാഷ്‌ലെസ് ഇക്കണോമിയിലേക്കാണ് നമ്മള്‍ ഇനി സഞ്ചരിക്കേണ്ടത്. മോദി പറഞ്ഞു. ക്വാലാലംപൂരില്‍ നടക്കുന്ന ഏഷ്യാബിസിനസ് ലീഡേഴ്‌സ് കോണ്‍ക്ലേവിനിടെ വീഡിയോ കോണ്‍ഫറന്‍സ് വഴിയായിയിരുന്നു മോദിയുടെ പരാമര്‍ശം.
അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കുക എന്നത് തന്നെയാണ് ഏറ്റവും വലിയ അജണ്ട. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും അതിനൊപ്പം സ്വയംതൊഴില്‍ അവസരങ്ങള്‍ കൂടുതല്‍ ഉണ്ടാക്കാനുമാണ് സര്‍ക്കാരിന്റെ ശ്രമം.
ഇതിന്റെ ഭാഗമായി ഇന്ത്യയിലേക്ക് കൂടുതല്‍ സംരംഭകരെ ക്ഷണിക്കുന്നതായും മോദി പറഞ്ഞു. ഇന്ത്യ ഒരുപക്ഷേ മികച്ച ലക്ഷ്യസ്ഥാനമാകണമെന്നില്ല. എന്നാല്‍ ഇന്ത്യയ്‌ക്കൊപ്പം ചേരുകയെന്നത് നല്ല തീരുമാനമായിരിക്കുമെന്നും മോദി പറഞ്ഞു.
അതേസമയം മോദി ഇന്ന് പാര്‍ലമെന്റില്‍ എത്തിയെങ്കിലും നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ സംസാരിക്കാന്‍ തയ്യാറായില്ല.
പാര്‍ലമെന്റ് സമ്മേളനത്തിലെ ശേഷിക്കുന്ന മൂന്നു ദിവസവും പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിലുണ്ടാകുമെന്നു കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അറിയിച്ചിരുന്നു.
അതുപ്രകാരം മോദി ഇന്ന് സഭയിലെത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്ക് മോദി മറുപടി നല്‍കാത്തതില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായിരുന്നു. കേന്ദ്രധനമന്ത്രിയെ ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ അനുവദിക്കില്ലെന്നും നോട്ടു വിഷയത്തില്‍ വോട്ടിങ് വേണമെന്ന ആവശ്യത്തില്‍ മാറ്റമില്ലെന്നുമുള്ള നിലപാടില്‍ തന്നെയായിരുന്നു പ്രതിപക്ഷം.