താനെ: മഹാരാഷ്ട്രയിലെ താനെയില്‍ സ്‌കൂളിലെ ശുചിമുറിയില്‍ രണ്ട് പെണ്‍കുട്ടികളെ ലൈംഗികമായി അതിക്രമിച്ച കേസില്‍ ക്ലീനിങ്ങ് സ്റ്റാഫ് അറസ്റ്റില്‍. കുട്ടികള്‍ പീഢിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് രോഷാകുലരായ രക്ഷിതാക്കളും നാട്ടുകാരും റെയില്‍വേ ഉപരോധിച്ചതിനെ തുടര്‍ന്നാണ് പ്രതിയായ അക്ഷയ് ഷിന്‍ഡെയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ആഗസ്റ്റ് 17നാണ് പെണ്‍കുട്ടികള്‍ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടത്. താനെ ജില്ലയിലെ കോ-എഡ് സ്‌കൂളിലാണ് സംഭവം നടന്നത്. ലൈംഗികാതിക്രമത്തെ തുടര്‍ന്ന് സ്‌കൂളില്‍ പോകാന്‍ ഭയം പ്രകടിപ്പിച്ച കുട്ടികളോട്, കാര്യം തിരക്കിയതിനെ തുടര്‍ന്നാണ് സ്‌കൂളില്‍ വെച്ച് വിദ്യാര്‍ത്ഥിനികള്‍ ലൈംഗികമായി പീഢിപ്പിക്കപ്പെട്ടുവെന്ന് രക്ഷിതാക്കള്‍ അറിയുന്നത്.
സംഭവം പൊലീസിനെ അറിയിച്ചെങ്കിലും ബദ്‌ലാപൂർ പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് നടപടി എടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കളും നാട്ടുകാരും പ്രാദേശികനേതാക്കളും ഉള്‍പ്പെടെ റെയില്‍വേ സ്റ്റേഷന്‍ ഉപരോധിക്കുകയായിരുന്നു. രക്ഷിതാക്കളും പ്രദേശവാസികളുമടങ്ങിയ സംഘം റെയില്‍വേ ട്രാക്കിലേക്കിറങ്ങിയെന്നും ട്രെയിനുകള്‍ തടഞ്ഞെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഭരണകൂടത്തിനെതിരെ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളും ഉയര്‍ത്തിക്കൊണ്ട് രക്ഷിതാക്കള്‍ നടത്തിയ പ്രതിഷേധമാണ്, വിഷയത്തില്‍ നടപടിയെടുക്കാന്‍ അധികൃതര്‍ പ്രേരിപ്പിച്ചത്. രാവിലെ എട്ട് മണിയോടെ തുടങ്ങിയ റെയില്‍വേ സ്റ്റേഷന്‍ ഉപരോധം സാരമായി തന്നെ റെയില്‍വേ ഗതാഗതത്തെ ബാധിച്ചു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടികള്‍ അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ നേരിട്ട അവഗണന അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്.
പിന്നാലെ പ്രതി അക്ഷയ് ഷിന്‍ഡെയെ പൊലീസ് കസ്റ്റഡിലെടുക്കുകയായിരുന്നു. പോക്സോ നിയമപ്രകാരമാണ് ഇയാള്‍ക്കതിരെ പൊലീസ് കേസെടുത്തത്. സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും രണ്ട് ജീവനക്കാരെയും സ്‌കൂള്‍ മാനേജ്മെന്റ് സസ്പെന്റ് ചെയ്തു. റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ ജനങ്ങളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതരെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് നിരവധി സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ആഹ്വാനത്തിന് പിന്നാലെ ബദ്‌ലാപൂർ പ്രദേശത്തെ കടകളും സ്ഥാപനങ്ങളുമെല്ലാം അടഞ്ഞുകിടക്കുകയാണ്. കോ-എഡ് സ്‌കൂളും അടച്ചുപൂട്ടിയിരിക്കുകയാണ്. സ്‌കൂളില്‍ വെച്ച് വിദ്യാര്‍ത്ഥിനികള്‍ ലൈംഗികാതിക്രമം നേരിട്ടതില്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ മാധ്യമങ്ങളോട് പ്രതികരിച്ചു.
Content Highlight: Cleaning staff arrested for assaulting two girls in Maharashtra’s Thaneil school washroom