ദൃശ്യങ്ങളില്ല, പരാതി വ്യാജം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് ക്ലീൻചിറ്റ്
Kerala News
ദൃശ്യങ്ങളില്ല, പരാതി വ്യാജം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് ക്ലീൻചിറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd October 2024, 10:07 pm

തിരുവനന്തപുരം: നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിച്ചതില്‍ വിചിത്രവാദവുമായി പൊലീസ്. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ക്ക് ക്ലീൻചിറ്റ് ലഭിച്ചു. ഗണ്‍മാന്‍മാര്‍ക്കെതിരായ പരാതി വ്യജമാണെന്നാണ് പൊലീസിന്റെ വാദം.

മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ചെയ്തതെന്നും ന്യായീകരണമുണ്ട്. വിവരം പൊലീസ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ അറിയിക്കുകയും ചെയ്തു.

ജില്ലാ ക്രൈംബ്രാഞ്ചിന്റെതാണ് റിപ്പോർട്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരും സുരാക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ മുൻവൈരാഗ്യങ്ങളൊന്നും ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

കോണ്‍ഗ്രസ് ആലപ്പുഴ ബ്ലോക്ക് സെക്രട്ടറി സജിന്‍ ഷെരീഫാണ് പിണറായി വിജയന്റെ ഗണ്‍മാന്‍ അനില്‍ കല്ലിയൂരിന് എതിരെ പരാതി നല്‍കിയിരുന്നത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഡി.ജി.പി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന്‍, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ക്ക് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു.

മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സന്ദീപ് ഉള്‍പ്പെടെയുള്ളവരാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആലപ്പുഴയില്‍ വെച്ച് മര്‍ദിച്ചത്. ഇതിന്റെ ദൃശ്യങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

2023 ഡിസംബര്‍ 15ന് നവകേരള സദസിന്റെ വാഹനം കടന്നുപോകുന്നതിനിടെ ആനക്കുഴിയില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുകയായിരുന്നു.

തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവല്‍ കുരിയാക്കോസ്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് എ.ടി. തോമസ് എന്നിവരെ ആലപ്പുഴ ജനറല്‍ ആശുപത്രി ജങ്ഷനില്‍ വെച്ച് ഗണ്‍മാന്‍മാര്‍ മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തെ തുടര്‍ന്ന് പ്രവര്‍ത്തകരുടെ കൈ ഒടിയുകയും തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

നേരത്തെ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോകൾ പൊലീസ് കൈപ്പറ്റിയിരുന്നെങ്കിലും ദൃശ്യങ്ങളുൾപ്പെടെയുള്ള തെളിവുകളൊന്നുമില്ലെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ വാദം.

Content Highlight: Cleancheat for Chief Minister’s gunmen who beat up Youth Congress workers