|

നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്; ലൈംഗിക പീഡന പരാതിയിൽ കഴമ്പില്ലെന്ന് അന്വേഷണ സംഘം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ലൈംഗിക പീഡന പരാതിയിൽ നടൻ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്. നേരത്തെ തയ്യാറാക്കിയ എഫ്.ഐ.ആർ പ്രകാരം കേസിലെആറാം പ്രതിയായിരുന്നു നിവിൻ പോളി. എന്നാൽ നിവിൻപോളിക്കെതിരെ പരാതിക്കാരി ഉന്നയിച്ച ആരോപണത്തിന്റെ പുറത്ത് നടത്തിയ അന്വേഷണത്തിൽ കൃത്യം നടന്ന സമയത്തോ ദിവസമോ നിവിൻ പോളി വിദേശ യാത്ര നടത്തിയിട്ടില്ല എന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

പ്രതിപ്പട്ടികയിൽ നിന്ന് നിവിൻ പോളിയെ ഒഴിവാക്കി കൊണ്ടുള്ള റിപ്പോർട്ട് പൊലീസ് കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ നിവിന്‍ പോളി ഉള്‍പ്പെടെയുള്ള സംഘം പീഡിപ്പിച്ചുവെന്നാരോപിച്ച് യുവതി പരാതി നല്‍കുകയായിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്ന വാഗ്ദാനം നല്‍കി നിവിന്‍ പോളിയും സംഘവും പീഡിപ്പിച്ചുവെന്നാണ് യുവതി പരാതി നല്‍കിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നിവിനടക്കമുള്ള ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

ഇതിന് പിന്നാലെ താന്‍ നിരപരാധിയാണെന്നും തെറ്റൊന്നും ചെയ്തില്ലെന്നും നിവിന്‍  പറഞ്ഞിരുന്നു. തനിക്കെതിരായുള്ള പരാതി വ്യാജമാണെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നുമായിരുന്നു നിവിന്‍ പറഞ്ഞത്.

പിന്നാലെ നിവിന് പിന്തുണ പ്രഖ്യാപിച്ച് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. സംഭവം നടന്നെന്ന് യുവതി ആരോപിക്കുന്ന സമയത്ത് നിവിന്‍ വര്‍ഷങ്ങള്‍ക്കുശേഷം സിനിമയുടെ സെറ്റിലായിരുന്നുവെന്നാണ് വിനീത് ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത്.

Content Highlight: Clean chit for Nivin Pauly