മതിയായ തെളിവുകളില്ല; ആര്യന്‍ ഖാന് എന്‍.സി.ബിയുടെ ക്ലീന്‍ ചിറ്റ്
national news
മതിയായ തെളിവുകളില്ല; ആര്യന്‍ ഖാന് എന്‍.സി.ബിയുടെ ക്ലീന്‍ ചിറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th May 2022, 2:28 pm

മുംബൈ: മുംബൈ ലഹരി മരുന്നു കേസില്‍ ആര്യന്‍ ഖാന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ക്ലീന്‍ ചിറ്റ്. മതിയായ തെളിവുകളുടെ അഭാവത്തില്‍ ആര്യന്‍ ഖാന്‍, അവിന്‍ സാഹു, കോര്‍ഡീലിയ ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുടെ നാല് സംഘാടകര്‍ എന്നിവര്‍ക്കെതിരായ കേസുകള്‍ ഇല്ലാതാവും.

എന്‍.ഡി.പി.എസ് ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം 14 പേര്‍ക്കെതിരെയാണ് പരാതിയുള്ളതെന്നും ബാക്കിയുള്ള ആറ് പേര്‍ക്കെതിരെ തെളിവില്ലാത്തതിനാല്‍ പരാതി ഫയല്‍ ചെയ്തിട്ടില്ലെന്നും എന്‍.സി.ബി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ സിംഗ് പറഞ്ഞു.

ആര്യനും മോഹക്കും ഒഴികെയുള്ള എല്ലാ പ്രതികളും മയക്കുമരുന്ന് കൈവശം വെച്ചതായി കണ്ടെത്തിയതായും സഞ്ജയ് കുമാര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.

ലഹരി കേസില്‍ 14 പേര്‍ക്കെതിരെയാണ് എന്‍.സി.ബി. കുറ്റപത്രം സമര്‍പ്പിച്ചത്. 10 വാള്യങ്ങളിലായാണ് എന്‍.സി.ബി. പ്രത്യേക കോടതിയില്‍ നല്‍കിയ കുറ്റപത്രം. കഴിഞ്ഞ വര്‍ഷമാണ് മുംബൈ തീരത്ത് ആഡംബര കപ്പലില്‍ ലഹരിമരുന്ന് പാര്‍ട്ടി നടത്തിയതില്‍ ആര്യന്‍ ഖാനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തത്.

ലഹരി മരുന്ന് കേസില്‍ ആര്യന്‍ ഖാന്‍ ഒരു മാസമാണ് മുംബൈ പൊലീസിന്റെ കസ്റ്റഡിയില്‍ കഴിഞ്ഞത്. ആഡംബര കപ്പലില്‍ എന്‍.സി.ബി. സംഘം നടത്തിയ റെയ്ഡില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായും ആരോപണമുയര്‍ന്നിരുന്നു.

കപ്പലില്‍നിന്ന് കസ്റ്റഡിയിലെടുക്കുമ്പോള്‍ ആര്യന്‍ ഖാന്റെ കൈവശം ലഹരിമരുന്ന് ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണോ ചാറ്റുകളോ പരിശോധിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. മാത്രമല്ല, ചാറ്റുകളില്‍നിന്ന് അന്താരാഷ്ട്ര ലഹരിമരുന്ന് സംഘവുമായുള്ള ബന്ധം കണ്ടെത്താനുമായിട്ടില്ല.

എന്‍.സി.ബി. നടത്തിയ റെയ്ഡിന്റെ വീഡിയോ പകര്‍ത്തിയിരുന്നില്ല. ഒട്ടേറെ പ്രതികളില്‍നിന്ന് കണ്ടെടുത്ത ലഹരിമരുന്നെല്ലാം ഒരൊറ്റ തൊണ്ടിമുതലായാണ് കേസില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും എന്‍.സി.ബി.യുടെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ലഹരിപാര്‍ട്ടി കേസുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ ഉയര്‍ന്നതോടെയാണ് അന്വേഷണം എന്‍.സി.ബി.യുടെ പ്രത്യേകസംഘം ഏറ്റെടുത്തത്.

Content Highlight: Clean chit for Aryan Khan from Narcotics Control Bureau in Mumbai drug case