| Wednesday, 2nd January 2013, 12:49 am

ഡി.ഐ.ജി ശ്രീജിത്തിനെ ക്രിമിനല്‍ കേസ് നേരിടുന്നവരുടെ പട്ടികയില്‍ നിന്നും ഒഴിവാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ക്രിമിനല്‍ കേസ് നേരിടുന്ന പോലീസ് ഉദ്യോസ്ഥരുടെ പട്ടികയില്‍ നിന്നും തൃശൂര്‍ പോലീസ് അക്കാദമി ട്രെയിനിങ് വിഭാഗം ഡി.ഐ.ജി എസ്.ശ്രീജിത്തിനെ സംസ്ഥാന ആഭ്യന്തര വകുപ്പ് ഒഴിവാക്കി.[]

ക്രിമിനല്‍ കേസ് നേരിടുന്ന പോലീസ് ഉദ്യോസ്ഥരുടേതായി ഡി.ജി.പി ജേക്കബ്ബ് പുന്നൂസ് ഹൈക്കോടതയില്‍ സമര്‍പ്പിച്ച പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് കാണിച്ച് ശ്രീജിത്തിന് ആഭ്യന്തര വകുപ്പ് കത്ത് നല്‍കി.

ക്രിമിനല്‍ കേസ് നേരിടുന്ന പോലീസ് ഉദ്യോഗസ്ഥരുടെ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയത് തന്റെ കരിയറിനെ ദോഷകരമായി ബാധിച്ചുവെന്ന് കാണിച്ച് ശ്രീജിത്ത് നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പരാതി നല്‍കിയിരുന്നു.

തനിയ്‌ക്കെതിരെ ചിലര്‍ നടത്തിയ സ്വകാര്യ കേസ് ക്രിമിനല്‍ കേസായി ചിത്രീകരിച്ച് പട്ടികയില്‍ തന്റെ പേര് മനപൂര്‍വ്വം ഉള്‍പ്പെടുത്തുകയായിരുന്നെന്നായിരുന്നു ശ്രീജിത്തിന്റെ പരാതി.

ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് അന്വേഷിക്കണമെന്നും ശ്രീജിത്ത് പറഞ്ഞു.

കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിയായിരുന്ന എസ്. ശ്രീജിത്ത് ഉള്‍പ്പെടെ 605 പേരുടെ വിവരങ്ങള്‍ മുന്‍ ഡി.ജി.പി കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഹൈക്കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ നിജസ്ഥിതി അറിയണമെന്നാവശ്യപ്പെട്ട്് വിവരാവകാശ നിയമപ്രകാരം ശ്രീജിത്ത് നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് കാട്ടി ആഭ്യന്തര വകുപ്പ് മറുപടി നല്‍കിയത്.

തനിയ്‌ക്കെതിരെയുള്ള സ്വകാര്യ കേസിനെ കുറിച്ച് അന്വേഷിച്ച ചില പോലീസ് ഉദ്യോഗസ്ഥര്‍ അത് ക്രിമിനല്‍ കേസും പിന്നീട് വിജിലന്‍സ് കേസുമാക്കി മാറ്റിയെന്നും തുടര്‍ന്നാണ് തന്റെ പേരും ക്രിമിനല്‍ പട്ടികയില്‍ പെടുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയതെന്നും ശ്രീജിത്ത് ആഭ്യന്തര വകുപ്പിന് നല്‍കിയ കത്തില്‍ വ്യക്തമാക്കിരുന്നു.

സ്വകാര്യ അന്യായം ഉള്‍പ്പെടെ നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ശ്രീജിത്തിനെ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി സ്ഥാനത്ത് നിന്ന് മാറ്റി തൃശൂര്‍ പോലീസ് അക്കാദമിയില്‍ നിയമിക്കുകയായിരുന്നു.

ക്രിമിനല്‍ കേസ് നേരിടുന്ന പോലീസ് ഉദ്യോഗസ്ഥരുടെ പട്ടികയില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ഡി.ജി.പി എസ് പുലികേശും ഐ.ജി ടോമിന്‍ ജെ. തച്ചങ്കരിയും ഉള്‍പ്പെട്ടിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more