കാടിനുള്ളില്‍ മണ്ണു കൊണ്ടൊരു വീട് പ്രകൃതിക്കുവേണ്ടി രണ്ട് മനുഷ്യന്മാരും
രോഷ്‌നി രാജന്‍.എ

കാടിനുള്ളില്‍ മണ്ണു കൊണ്ടൊരു വീട് പ്രകൃതിക്കുവേണ്ടി രണ്ട് മനുഷ്യന്മാരും

പ്രകൃതിക്കിണങ്ങിയ രീതിയില്‍ പൂര്‍ണ്ണമായും മണ്ണ് കൊണ്ട് വീട് പണിതിരിക്കുകയാണ് കണ്ണൂര്‍ ജില്ലയിലെ ചക്കരയ്ക്കലുള്ള ദമ്പതികളായ ആശയും ഹരിയും. കൃഷിരീതിയിലും ഊര്‍ജ്ജം ഉപയോഗിക്കുന്ന കാര്യത്തിലും ഭക്ഷണശൈലിയിലും പ്രകൃതിയെ കൂട്ടുപിടിച്ച് വ്യത്യസ്തമായ രീതിയില്‍ ജീവിക്കുകയാണ് ഈ ദമ്പതികള്‍.

ചൂടുകാലത്ത് ഫാനില്ലാതെ തന്നെ വീടിനുള്ളില്‍ നല്ല തണുപ്പാണ്. വീടിനു ചുറ്റും 35 സെന്റ് കാടാണ്. വീട്ടില്‍ വരുന്ന കിളികളും മറ്റ് ജീവികളും ഹരിക്കും ആശയ്ക്കും കൂട്ടാണ്. വീടിനു മുകളിലും വീടിനടുത്തുള്ള വയലിലുമായി വീട്ടാവശ്യങ്ങള്‍ക്കുള്ള പച്ചക്കറികളും ധാന്യങ്ങളും ഇവര്‍ തന്നെ കൃഷി ചെയ്യുന്നു. കഴിക്കുന്ന ഭക്ഷണത്തിന്റെ 70 ശതമാനവും തങ്ങള്‍ തന്നെ കൃഷി ചെയ്ത് ഉണ്ടാക്കുന്നതാണെന്ന് ഹരി പറയുന്നു.

ജൈവകൃഷിരീതിയാണ് ഇവര്‍ പിന്തുടരുന്നത്. കൃഷിക്കാവശ്യമായ വളവും മറ്റ് സാമഗ്രികളും സ്വന്തമായി തന്നെ നിര്‍മിക്കും. വീട്ടില്‍ തന്നെ ബയോഗ്യാസ് പ്ലാന്റുണ്ട്. ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി ഇവര്‍ കൂടുതല്‍ ആശ്രയിക്കുന്നത് സൗരോര്‍ജ്ജമാണ്.

കെ.എസ്.ഇ.ബിയുടെ വൈദ്യുതി മാസം വെറും നാല് യൂണിറ്റ് മാത്രമാണ് തങ്ങള്‍ ഉപയോഗിക്കുന്നതെന്ന് ദമ്പതികള്‍ പറയുന്നു. ഭക്ഷണ പാചകത്തിന് ഇവര്‍ വീട്ടില്‍ തന്നെയുള്ള ബയോഗ്യാസും ഉപയോഗിക്കുന്നു. സാധാരണ മാലിന്യങ്ങള്‍ക്കു പുറമേ മനുഷ്യവിസര്‍ജ്ജ്യവും ഉപയോഗിച്ചാണ് ഇവര്‍ ബയോഗ്യാസ് നിര്‍മിക്കുന്നത്.

വെറും നാല് ലക്ഷം രൂപയാണ് ഇവര്‍ക്ക് വീടുണ്ടാക്കാന്‍ വേണ്ടി വന്ന ചിലവ്. ഇതില്‍ കൂടുതലായും ചിലവായത് തൊഴിലാളികള്‍ക്കുള്ള കൂലിയാണ്. വീട് നിര്‍മാണത്തിനാവശ്യമായ മണ്ണ് ഹരി സ്വന്തം സ്ഥലത്ത് നിന്നു തന്നെ എടുക്കുകയായിരുന്നു.

വളരെ എളുപ്പത്തില്‍ വീട് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ആശ പറയുന്നു. മണ്ണ് കുഴച്ച് പുളിക്കാന്‍ വച്ചതിന് ശേഷം ഉരുളയാക്കിയാണ് വീട് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്.

വീടിനുള്ളിലെ ഓരോ സാമഗ്രികളും മണ്ണ് കൊണ്ട് നിര്‍മിച്ചതാണ്. തണുപ്പോട് കൂടി ഭക്ഷണം സൂക്ഷിക്കാന്‍ അടുക്കളയില്‍ നിലത്ത് മണ്ണുകൊണ്ടുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഭക്ഷണ സാധനങ്ങള്‍ ഇതില്‍ ഇറക്കി വെച്ചതിന് ശേഷം ഇടക്ക് അതിന് ചുറ്റും കുറച്ച് വെള്ളം നനച്ചു കൊടുത്താല്‍ മാത്രം മതി.

ഭക്ഷണം എത്ര നാള്‍ വേണമെങ്കിലും കേടുകൂടാതെ നിര്‍ക്കും. എരിവും പുളിയും കുറഞ്ഞ ആഹാര രീതിയാണ് ഹരിയും ആശയും തുടര്‍ന്നു പോരുന്നത്.
ദഹനപ്രകൃയകള്‍ക്കും ശാരീരികമായ അവസ്ഥകള്‍ക്കും അതാണ് നല്ലതെന്നാണ് ഹരി പറയുന്നത്.

വീട്ടില്‍ പാമ്പ്, ഉടുമ്പ് പോലുള്ള ജീവികള്‍ വരാരുണ്ടെന്നും എന്നാല്‍ അവയൊന്നും തങ്ങളെ ഉപദ്രവിക്കാറില്ലെന്നും ആശ പറയുന്നു. പലതരം ജീവികളുടേതു കൂടിയാണ് ഈ പ്രകൃതിയെന്നും ജീവികളെ ഉപദ്രവിക്കാതിരുന്നാല്‍ മതിയെന്നും ഹരി കൂട്ടിച്ചേര്‍ക്കുന്നു.

‘പക്ഷികളും മൃഗങ്ങളുമെല്ലാം കാലാവസ്ഥാനുസൃതമായാണ് കൂടൊരുക്കുന്നത്. അതുപോലൊരു കൂടായിരിക്കണം മനുഷ്യനും ഉണ്ടാവേണ്ടത് എന്ന ചിന്തയില്‍ നിന്നാണ് മണ്‍വീട് എന്ന ആശയം വന്നത്. സിമന്റോ മറ്റോ ഉപയോഗിക്കാതെ പൂര്‍ണ്ണമായും മണ്ണ് കൊണ്ടാണ് വീട് നിര്‍മിച്ചിരിക്കുന്നത്. വന്യമൃഗങ്ങളുമായി ഒത്തുള്ള ഒരു ജീവിതം കൂടിയാണ് ഞങ്ങള്‍ ലക്ഷ്യം വെക്കുന്നത്’, ഹരി പറയുന്നു.

വീടിന് പുറത്ത് പക്ഷികള്‍ക്കും മറ്റ് മൃഗങ്ങള്‍ക്കും വേണ്ടി മണ്‍കലങ്ങളില്‍ വെള്ളം വെച്ചിരിക്കുന്നു. സദാസമയവും കിളികളുടെ ശബ്ദം ചുറ്റും നിറഞ്ഞു നില്‍ക്കുന്നു. ഇത്തരത്തില്‍ പ്രകൃതിയുടെ സൗന്ദര്യത്തെ മുഴുവനായും തങ്ങള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്നുണ്ടെന്ന് പറയുമ്പോള്‍ ആശയുടെ മുഖത്ത് പുഞ്ചിരി.

വെള്ളം സംരക്ഷിക്കുന്ന കാര്യത്തിലും അതീവ ജാഗ്രതയോടെയാണ് ഈ ദമ്പതികള്‍ ജീവിക്കുന്നത്. മഴയത്ത് ഭൂമിയിലെത്തുന്ന വെള്ളം മുഴുവന്‍ പറമ്പിലേക്ക് തന്നെ ഇറങ്ങിപ്പോവുന്നുവെന്ന് ഹരി പറയുന്നു. പ്രകൃതി അനുസൃതമായി എത്രത്തോളം ജീവിക്കാന്‍ കഴിയുമോ അത്രത്തോളം ജീവിക്കുകയെന്ന ലക്ഷ്യത്തിലാണ് തങ്ങളെന്ന് ഇരുവരും പറയുന്നു.

തങ്ങളുടേത് ശ്വസിക്കുന്ന വീടാണെന്നാണ് ഹരിയും ആശയും പറയുന്നത്. നനവ് എന്ന മണ്‍വീട്ടില്‍ പ്രകൃതിയോട് വിശേഷങ്ങള്‍ പറഞ്ഞ് ജീവിക്കുകയാണ് ഈ ദമ്പതികള്‍.

 

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.