വാഷിങ്ടൺ: 1973ൽ ചിലിയിലുണ്ടായ പട്ടാള അട്ടിമറിക്കും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സാൽവദോർ അലെൻഡെയുടെ (Salvador Allende) വധത്തിനും അമേരിക്കൻ പിന്തുണ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന രഹസ്യ രേഖകൾ പുറത്ത്. യു.എസ് ചാരസംഘടനയായ സി.ഐ.എ ആണ് അമ്പത് വർഷങ്ങൾക്ക് ശേഷം സുപ്രധാനമായ രണ്ട് രേഖകൾ പുറത്തുവിട്ടത്.
അട്ടിമറി നടന്ന 1973 സെപ്റ്റംബർ 11ന് അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന റിച്ചാർഡ് നിക്സണ് (Richard Nixon) സി.ഐ.എ അയച്ച റിപ്പോർട്ടാണ് പുറത്തുവിട്ട രേഖകളിൽ ഒന്ന്. ‘പ്രസിഡന്റിന് മാത്രം’ എന്ന് രേഖപ്പെടുത്തിയ റിപ്പോർട്ടിൽ ‘മൂന്ന് വർഷമായി നിക്സണും അദ്ദേഹത്തിന്റെ ഉപദേഷ്ടാവായ ഹെൻറി കിസിങ്ങറും (Henry Kissinger) പ്രോത്സാഹനം നൽകിവന്ന സൈനിക അട്ടിമറി ഫലവത്തായി മാറിയിരിക്കുന്നു’ എന്നാണ് പറയുന്നതെന്ന് നാഷണൽ സെക്യൂരിറ്റി ആർകൈവ്സ് പറഞ്ഞു.
ജനാധിപത്യ രീതിയിൽ അലെൻഡെ തെരഞ്ഞെടുക്കപ്പെടുന്നതിൽ വിയോജിപ്പുണ്ടായിരുന്ന നിക്സൺ അഗസ്‌തോ പിനോഷെയെ കൂട്ടുപിടിക്കുകയായിരുന്നു.
പുതുതായി വെളിപ്പെടുത്തിയ രേഖകൾ ഇതിനകം അറിയുന്ന കാര്യങ്ങൾ തന്നെയാണ് വ്യക്തമാക്കുന്നതെങ്കിലും അട്ടിമറിയിലേക്ക് നയിച്ച ഘടകങ്ങളില് നിക്സണിന്റെ അറിവിനെ കുറിച്ചുള്ള വിശദാംശങ്ങൾ നൽകുന്നുണ്ട്. ഇന്റലിജൻസ് റിപ്പോർട്ടിന് പുറമേ സൈന്യം ചുമതലയേൽക്കുന്നതിന് രണ്ട് ദിവസം മുമ്പുള്ള നിക്സണിന്റെ റിപ്പോർട്ടും സി.ഐ.എ പുറത്തുവിട്ടിട്ടുണ്ട്.
സൈനിക നീക്കത്തിൽ ആയിരക്കണക്കിന് ജനങ്ങൾ കൊല്ലപ്പെടുകയും ജയിലിൽ കഴിയുകയും പീഡനങ്ങൾ അനുഭവിക്കുകയുമുണ്ടായി. ചിലിയിലെ ഫുട്ബോൾ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു തടവുകാരെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തിരുന്നത്. 17 വർഷം നീണ്ടു നിന്ന പിനോഷെയുടെ ഭരണകാലത്ത് നാല്പത്തിനായിരത്തോളം ആളുകൾ കൊല്ലപ്പെട്ടിരുന്നു.
Content Highlight: Previously classified documents released by U.S. show knowledge of 1973 Chile coup