'ഫാത്തിമ എന്ന പേര് തന്നെ പ്രശ്നമാണ് വാപ്പിച്ചാ, ഞാനീ സ്ഥലത്തെ വെറുപ്പോടെ കാണുന്നു'; ഐ.ഐ.ടി വിദ്യാര്‍ഥിയുടെ ആത്മഹത്യക്ക് കാരണം അധ്യാപകരുടെ വര്‍ഗീയ പീഡനങ്ങളെന്ന് പിതാവ്
national news
'ഫാത്തിമ എന്ന പേര് തന്നെ പ്രശ്നമാണ് വാപ്പിച്ചാ, ഞാനീ സ്ഥലത്തെ വെറുപ്പോടെ കാണുന്നു'; ഐ.ഐ.ടി വിദ്യാര്‍ഥിയുടെ ആത്മഹത്യക്ക് കാരണം അധ്യാപകരുടെ വര്‍ഗീയ പീഡനങ്ങളെന്ന് പിതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th November 2019, 12:11 pm

കൊല്ലം: മദ്രാസ് ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. കേസില്‍ തമിഴ്നാട് പൊലീസിന്റെ അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ഐ.ഐ.ടിയിലെ എം.എ ഒന്നാം വര്‍ഷ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയായ കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്. ഐ.ഐ.ടി പ്രവേശന പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടിയ ഫാത്തിമ ഇന്റേണല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതുമൂലം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ഐ.ഐ.ടി അധികൃതര്‍ പറയുന്നത്.

പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്താനായില്ലെന്നും പൊലീസ് പറയുന്നു.

എന്നാല്‍, ഐ.ഐ.ടിയിലെ സോഷ്യല്‍ സയന്‍സ്, ഹ്യൂമാനിറ്റിസ് അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍ കരഹ്, മിലിന്ദ് ബ്രഹ്മേ എന്നിവരുടെ വര്‍ഗീയ പീഡനങ്ങളെ തുടര്‍ന്നാണ് ഫാത്തിമ ആത്മഹത്യ ചെയ്തതെന്ന് പിതാവ് ലത്തീഫ് ആരോപിക്കുന്നു. ആത്മഹത്യക്ക് കാരണം ഈ അധ്യാപകരാണെന്ന് മകളുടെ ഫോണില്‍ എഴുതി വെച്ചിട്ടുണ്ടെന്നും പിതാവ് പറയുന്നു. സാംസങ് നോട്ട്‌സില്‍ കൂടുതല്‍ വിവരങ്ങളുണ്ടെന്നും ആത്മഹത്യാകുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഫാത്തിമയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികളുമായി ബന്ധപ്പെട്ട് ചെന്നൈ കോട്ടൂര്‍പുരം പൊലീസ് സ്റ്റേഷനിലെത്തിയ ഇരട്ട സഹോദരി ആയിഷ ലത്തീഫും കുടുംബ സുഹൃത്തായ ഷൈന്‍ദേവും ഫാത്തിമയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്.

‘ഇതെന്റെ അവസാന കുറിപ്പാണ്…

എന്റെ വീടിനെ ഞാന്‍ ഇത്രയധികം മിസ് ചെയ്യുമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ല. ഞാനീ സ്ഥലത്തെ വെറുപ്പോടെ കാണുന്നു. ഞാന്‍ എന്താണോ എന്റെ വീട്ടില്‍ നിന്നും തീവ്രമായി ആഗ്രഹിച്ചത് അതിനെ ഞാന്‍ മാറ്റിനിര്‍ത്തുകയാണ്, ആനന്ദകരമായ ഒരു ആലസ്യത്തിലൂടെ എന്നെ ഒരിക്കലും ഉണര്‍ത്താന്‍ കഴിയാത്ത അന്തമില്ലാത്ത ഒരുറക്കത്തിലൂടെ. എന്റെ മരണത്തിനുത്തരവാദികള്‍ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍ കരഹ്, മിലിന്ദ് ബ്രഹ്മേ എന്നിവരായിരിക്കും.’ ഫാത്തിമയുടെ ഫോണിലുള്ള ആത്മഹത്യാ കുറിപ്പാണിത്.

തന്റെ മകള്‍ ഐ.ഐ.ടിയില്‍ ജാതീയവും മതപരവുമായ വിവേചനം അനുഭവിച്ചിരുന്നുവെന്ന് ഫാത്തിമയുടെ പിതാവ് പറഞ്ഞു. ‘ഫാത്തിമ എന്ന പേര് തന്നെ ഒരു പ്രശ്നമാണ് വാപ്പിച്ചാ എന്ന് അവള്‍ പറഞ്ഞിരുന്നു. ഫാത്തിമ ലത്തീഫ് എന്ന പേരുകാരി സ്ഥിരമായി ഒന്നാം സ്ഥാനത്ത് എത്തുന്നത് അവിടത്തെ ചില അധ്യാപകര്‍ക്ക് പ്രശ്നമായിരുന്നു.”, അബ്ദുല്‍ ലത്തീഫ് പറഞ്ഞു.

തമിഴ്‌നാട് പൊലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ അന്വേഷണം നടത്തുന്നില്ലെന്നും കുടുംബം ആരോപിച്ചു. പൊലീസ് കണ്ടെടുത്ത ഫാത്തിമയുടെ ഫോണ്‍, ലാപ്‌ടോപ് എന്നിവ നശിപ്പിക്കപ്പെടുമോ എന്ന ആശങ്കയുണ്ടെന്നും അബ്ദുള്‍ ലത്തീഫ് പറഞ്ഞു

‘എന്റെ മകളുടെ മരണത്തില്‍ അജ്ഞാതമായ എന്തോ കാരണമുണ്ട്. ഹ്യൂമാനിറ്റിസ് അധ്യാപകനായ സുദര്‍ശന്‍ പത്മനാഭന്‍ വിദ്യാര്‍ഥികളെ കരയിപ്പിക്കുന്നതായി മകള്‍ പറഞ്ഞിരുന്നു. രാത്രി ഒമ്പത് മണിയാവുമ്പോള്‍ എന്നും മെസ് ഹാളില്‍ ഇരുന്നു മകള്‍ കരയുമായിരുന്നു എന്നും ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. പൊലീസ് സി.സി.ടി.വി പരിശോധിക്കണം.’, ലത്തീഫ് പറഞ്ഞു.

‘മകളുടെ മരണശേഷം ഡിപ്പാര്‍ട്ട്‌മെന്റ് 45 ദിവസത്തേക്ക് ക്ലാസുകള്‍ നിര്‍ത്തിവെച്ചിരുന്നു. പരീക്ഷകള്‍ ഡിസംബറിലേയ്ക്ക് മാറ്റുകയും വിദ്യാര്‍ഥികളോട് വീട്ടിലേയ്ക്ക് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.’, ലത്തീഫ് ആരോപിച്ചു.

ഫാത്തിമ എന്തുകൊണ്ടാണ് ആത്മഹത്യ ചെയ്തതെന്ന് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരു സൂചനപോലുമില്ലെന്ന് ഹ്യുമാനിറ്റീസ് വിഭാഗം തലവന്‍ ഉമാഗന്ദ് ദാഷ് പറഞ്ഞു. അതേസമയം, ക്ലാസുകള്‍ നിര്‍ത്തിവെച്ചിട്ടില്ലെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടത് പ്രകാരം ഇന്റേണല്‍ പരീക്ഷകള്‍ അടുത്ത ആഴചത്തേക്ക് മാറ്റിവെക്കുക മാത്രമാണ് ചെയ്തതെന്നും ഉമാഗന്ദ് ദാഷ് പറഞ്ഞു.

‘മിക്കവാറും അധ്യാപകരോടും വിദ്യാര്‍ഥികളോടും സംസാരിച്ചു. ഫാത്തിമയുടെ ആത്മഹത്യയെ കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ല. ഒരു പ്രൊഫസറുമായി പ്രശ്‌നമുണ്ടായിരുന്നു. അത് അദ്ദേഹമെടുക്കുന്ന വിഷയത്തിലെ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതുമായി ബന്ധപ്പെട്ടാണ്. മറ്റു വിഷയങ്ങളില്‍ അവള്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയിരുന്നു. എന്നാല്‍, ആ പ്രൊഫസര്‍ എടുക്കുന്ന പേപ്പറില്‍ രണ്ടാം സ്ഥാനത്തെത്തി. അവള്‍ മൂന്ന് മാര്‍ക്ക് കൂടി പ്രതീക്ഷിക്കുന്നുണ്ടെന്ന് എന്നോട് പറയുകയും ചെയ്തിരുന്നു. ഒരു ഇന്റേണല്‍ പരീക്ഷയില്‍ രണ്ടോ മൂന്നോ മാര്‍ക്ക് കുറയുന്നത് ആത്മഹത്യയ്ക്ക് കാരണമാകുമോ? ഇത് വളരെ നിര്‍ഭാഗ്യകരമാണ്.’, ഉമാഗന്ദ് ദാഷ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

”അവള്‍ ഏറ്റവും മികച്ച വിദ്യാര്‍ഥിയായിരുന്നു. ക്ലാസ്സില്‍, അവള്‍ ചില പുസ്തകങ്ങളുടെയും എഴുത്തുകാരുടെയും പേരുകള്‍ പറയുമ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. അവള്‍ ആത്മഹത്യ ചെയ്തു എന്നത് അവിശ്വസനീയമാണ്.”, ഫാത്തിമയുടെ അധ്യാപിക ഇന്ത്യന്‍ എക്പ്രസിനോട് പറഞ്ഞു.

അതേസമയം, ഫാത്തിമയുടെ ആത്മഹത്യയില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും പ്രൊഫസര്‍ക്കെതിരെ ഐ.ഐ.ടി മദ്രാസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു.

‘ഐ.ഐ.ടി മദ്രാസില്‍ വിദ്യാര്‍ഥികളുടെ ആത്മഹത്യകള്‍ ആവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ അഞ്ച് വിദ്യാര്‍ഥികളാണ് ആത്മഹത്യ ചെയ്തത്. അന്വേഷണം തൃപ്തികരമായ രീതിയില്‍ നടക്കുന്നില്ലെന്ന് മരിച്ചവരുടെ ബന്ധുക്കളില്‍ നിന്നും പൊലീസിന്റെ പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. പൊലീസ് കേസന്വേഷണത്തോട് കാണിക്കുന്ന അവഗണന എസ്.എഫ്.ഐ ശക്തമായി അപലപിക്കുന്നു.’, എസ്.എഫ്.ഐ ഇറക്കിയ കുറിപ്പില്‍ പറയുന്നു.

ഐ.ഐ.ടികള്‍ പോലുള്ള സ്ഥാപനങ്ങളില്‍ ആവര്‍ത്തിച്ചുള്ള വിദ്യാര്‍ഥി ആത്മഹത്യകളെക്കുറിച്ചു പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു. ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് കൊല്ലം മേയര്‍ വി. രാജേന്ദ്ര ബാബുവും ആവശ്യപ്പെട്ടു.