|

യു.പിയിൽ സാനിറ്ററി പാഡ് ആവശ്യപ്പെട്ട പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയോട് പരീക്ഷാ ഹാൾ വിടാൻ ആവശ്യപ്പെട്ട് അധ്യാപകർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: പരീക്ഷയ്ക്കിടെ ആർത്തവം വന്ന വിദ്യാർത്ഥിനിയെ സ്കൂൾ അധികൃതർ സാനിറ്ററി പാഡ് നൽകാതെ ഹെഡ്മിസ്ട്രസ് ഓഫീസിന് പുറത്ത് ഒരു മണിക്കൂർ നിർത്തിയതിന് ശേഷം വീട്ടിലേക്ക് പറഞ്ഞുവിട്ടതായി പരാതി.

ഉത്തർപ്രദേശിലെ ബറേലി ടൗണിലെ ഒരു സ്വകാര്യ വിദ്യാലയത്തിൽ പഠിച്ചിരുന്ന പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിക്കാണ് ദുരനുഭവം ഉണ്ടായത്. പെൺകുട്ടിയെ ഹെഡ്മിസ്ട്രസിൻ്റെ ഓഫീസിന് പുറത്ത് നിർത്തുകയും അപമാനിക്കുകയും ചെയ്തു. ഒടുവിൽ അതേ വസ്ത്രത്തിൽ തന്നെ കുട്ടിക്ക് വീട്ടിലേക്ക് പോകേണ്ടി വന്നു. ശനിയാഴ്ചയാണ് സംഭവം.

രോഷാകുലരായ വിദ്യാർത്ഥിനിയുടെ രക്ഷിതാക്കൾ സ്‌കൂൾ മാനേജ്‌മെൻ്റിനെതിരെ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥർക്ക് പരാതി നൽകി. ”ഈ സംഭവം മൂലം ഞങ്ങളുടെ കുട്ടിക്ക് മാനസികമായ അപമാനം നേരിട്ടു. കുറ്റക്കാരായ അധ്യാപകർ ശിക്ഷിക്കപ്പെടണം,’ വിദ്യാർത്ഥിനിയുടെ ‘അമ്മ പറഞ്ഞു.

എന്നാൽ, വിവരം ലഭിച്ചപ്പോൾ തന്നെ വിദ്യാർഥിനി വീട്ടിലേക്ക് പോയിരുന്നുവെന്ന് കോളേജ് പ്രിൻസിപ്പൽ രചന അറോറ പറഞ്ഞു. ”ഞങ്ങളുടേത് ഗേൾസ് കോളേജാണ്, സ്കൂളിൽ സാനിറ്ററി പാഡുകൾ ഉണ്ട്. എന്തുകൊണ്ടാണ് അവൾക്ക് പാഡ് നൽകാത്തതെന്ന് ഞങ്ങൾ അന്വേഷിച്ച് വരികയാണ്,’ അവർ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളിൽ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും വിഷയം അന്വേഷിച്ചുവരികയാണെന്നും മുതിർന്ന ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥൻ ബറേലിയിൽ പറഞ്ഞു. ആരോപണം ശരിയാണെന്ന് കണ്ടെത്തിയാൽ സ്കൂൾ മാനേജ്‌മെൻ്റിനെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Class 11 student asked to leave exam hall after requesting sanitary pad in UP, probe ordered